ന്യുയോർക്ക്: ഇസ്രയേൽ-ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിർത്തൽ വേണമെന്നും ഗസ്സയിലുള്ളവർക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പ്രമേയം അപകീർത്തികരമെന്ന് ഇസ്രയേൽ പ്രതികരിച്ചു.

നേരത്തെ യൂറോപ്യൻ യൂണിയനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. യുഎൻ പ്രമേയത്തെ കണക്കിലെടുക്കാതെ ഇസ്രയേൽ മുന്നോട്ട് പോകുന്നത് വലിയ പ്രതിസന്ധിയായി മാറും. ഗസ്സയിലെ യുദ്ധത്തിൽ സാധാരണക്കാർ മരിച്ചു വീഴുന്ന സാഹചര്യത്തിലാണ് യുഎൻ നീക്കം. ഇതോടെ താൽകാലിക വെടിനിർത്തൽ എങ്കിലും സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ഗസ്സയിലെ അൽ ഷിഫ, ഇന്തോനേഷ്യ ആശുപത്രികൾക്ക് സമീപവും ബ്രീജിലെ അഭയാർത്ഥി ക്യാമ്പിന് സമീപവും ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്. കരമാർഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതൽ തുടങ്ങുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഗസ്സയിൽ ടാങ്കുകൾ ഉൾപ്പെടെ വിന്യസിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരയുദ്ധമാണ് ഇസ്രയേൽ പദ്ധതികളിലുള്ളത്.

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ വാർത്താവിനിമയ ബന്ധം പൂർണമായും തകർന്നു. മൊബൈൽ, ഇന്റർനെറ്റ് സംവിധാനം പൂർണമായി തകർന്നു എന്ന് മൊബൈൽ സർവീസ് കമ്പനി സ്ഥിരീകരിച്ചു. ഇന്റർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചതായി ഹമാസും ആരോപിച്ചു. വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ഉൾപ്പെടെ ആശുപത്രിയിൽ എത്തിക്കാൻ ആകാത്ത സാഹചര്യമാണ്. ഇതിനിടെയാണ് യുഎൻ പ്രമേയം എത്തുന്നത്.

ഇസ്രയേൽ ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നാണ് സൂചന. വെടി നിർത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണയ്ക്കു വൈകാതെ വഴിയൊരുങ്ങുമെന്നു ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രയേൽ വെടി നിർത്തിയാൽ മാത്രം ബന്ദികളെ മോചിപ്പിക്കാമെന്നാണു ഹമാസ് നിലപാട്. ഈ ഫോർമുല ഇസ്രയേൽ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.

അതിനിടെ ഗസ്സയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി. മലിനജലം ഒഴുകിപ്പരന്ന് ഗസ്സയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു.