ന്യൂഡൽഹി: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ നടപടി ചർച്ചകളിലെത്തുമ്പോൾ അതിന് കാരണം ആ പ്രമേയത്തിൽ രണ്ടു വാക്കുകളില്ലാ എന്ന വസ്തുത. ഹമാസ് എന്നോ ബന്ദിയെന്നോ ജോർദ്ദാൻ കൊണ്ടു വന്ന പ്രമേയത്തിൽ ഉണ്ടായിരുന്നില്ല. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഉടൻ വെടിനിർത്തൽ വേണമെന്നതായിരുന്നു പ്രമേയം. ഈ പ്രമേയത്തിൽ ഭേദഗതിക്ക് കാനഡ തയ്യറായി. ഈ ഭേദഗതിയെ ഇന്ത്യ അനുകൂലിച്ചു. എന്നാൽ ഭേദഗതി പാസായില്ല. ഇതോടെ അന്തിമ പ്രമേയ വോട്ടെടുപ്പിൽ ഇന്ത്യ പങ്കെടുക്കാതെ വിട്ടുനിന്നു.

ഇസ്രയേലിലൽ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുന്നതാണ് ഇന്ത്യൻ നിലപാട്. എന്നാൽ പാലസ്ഥീനെ അംഗീകരിക്കുകയും ചെയ്യുന്നു. യുഎൻ പൊതു സഭയിലെത്തിയ പ്രമേയം ഈ നിലപാടുകൾക്കൊപ്പമായിരുന്നില്ല. കാനഡ കൊണ്ടു വന്ന ഭേദഗതിക്ക് 87 വോട്ട് കിട്ടിയിരുന്നു. എതിർത്തത് 55 പേരും. 23 രാജ്യങ്ങൾ വിട്ടുനിന്നു. കൂടുതൽ വോട്ട് കിട്ടിയെങ്കിലും പ്രമേയത്തിലെ ഭേദഗതി അംഗീകരിക്കപ്പെടണമെങ്കിൽ പൊതു സഭയിൽ ഹാജരായ പ്രതിനിധികളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. കാനഡയുടെ പ്രമേയത്തിന് ഈ പിന്തുണയുണ്ടായില്ല.

ഇസ്രയേൽ- ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയത്തിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ തനന്ത്രപരമായ നിലപാട് എടുത്തു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യയുൾപ്പടെയുള്ള 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത്. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, കാനഡ, ജർമനി. ജപ്പാൻ, യുക്രൈൻ, യു.കെ. തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

യു.എൻ. ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് ഗസ്സയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയ്ക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. എന്നാൽ ഹമാസ് നടത്തിയ അക്രമങ്ങളെ കുറിച്ചും ബന്ദികളാക്കപ്പെട്ട നിരവധി സാധാരണക്കാരെ കുറിച്ചും പ്രമേയത്തിൽ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടു നിൽക്കുന്നതെന്നുമാണ് ഇന്ത്യയുൾപ്പടെയുള്ളവരുടെ വിശദീകരണം. പ്രമേയത്തിൽ ഹമാസ് ആക്രമണത്തെ ഒഴിവാക്കിയതിനെ യു.എസും അപലപിച്ചു.

ഹമാസ് ഒക്ടോബർ 7 മുതൽ ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളെ ബന്ദികളാക്കപ്പെട്ടവരെ പറ്റിയും ഒരു ഖണ്ഡിക കൂടി ഉൾപ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തിൽ വരുത്തണമെന്ന നിർദ്ദേശം കാനഡ മുന്നോട്ട് വെച്ചു. യു.എസ്. ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയുൾപ്പടെ 87 രാജ്യങ്ങൾ ഇതിനെ പിന്താങ്ങി വോട്ട് ചെയ്തു. എന്നിട്ടും കരട് ഭേദഗതി തള്ളിപ്പോയി. അതിനിടെ ഇന്ത്യയുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് പ്രിയങ്ക പ്രതികരിച്ചു. മഹാത്മ ഗാന്ധിയുടെ വാക്കുകൾ പരാമർശിച്ചാണ് പ്രിയങ്കയുടെ വിമർശനം.

കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ മുന്നോട്ട് പോയാൽ അത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി അപമാനകരവും ഞെട്ടിക്കുന്നതാണ്. അഹിംസയുടെയും സത്യത്തിന്റേയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ജീവിതത്തിൽ മുഴുവൻ ഈ തത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികൾ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാർമിക ശക്തിയെയാണ് അവർ പ്രതിനിധാനം ചെയ്തിരുന്നത്.

എന്നാൽ, എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ഫലസ്തീനിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും വൈദ്യുതിയും നിഷേധിക്കപ്പെടുമ്പോൾ ആ വിഷയത്തിൽ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയിൽ അത് നേടിയ എല്ലാ പുരോഗതികൾക്കും എതിരാണെന്നും-പ്രിയങ്ക ഗാന്ധി പറഞ്ഞു.