- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് മതകാര്യ പൊലീസ് ക്രൂരമായി മർദ്ദിച്ച പതിനാറുകാരി മരിച്ചു; മസ്തിഷ്‌ക മരണം സംഭവിച്ച അർമിത ഗെരാവന്ദിന്റെ വിട വാങ്ങൽ മഹ്സ അമീനി മരിച്ച് ഒരു വർഷം തികഞ്ഞതിന് പിന്നാലെ
ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മതകാര്യ പൊലീസ് ക്രൂരമായി മർദ്ദിച്ച കൗമാരക്കാരി മരണമടഞ്ഞു. കോമയിലായിരുന്ന 16 കാരിയായ അർമിത ഗെരാവന്ദ് ആണ് ജീവൻ വെടിഞ്ഞത്. ഇറാൻ സർക്കാർ മാധ്യമമായ ഐആർഎൻഎയാണ് വിവരം അറിയിച്ചത്.
ഈയാഴ്ച ആദ്യം അർമിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി കോമായിലായിരുന്നു. ടെഹ്‌റാൻ മെട്രോ സ്‌റ്റേഷനിൽ വച്ചാണ് ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അർമിതയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റത്. പെൺകുട്ടിയെ രക്ഷിക്കാൻ എല്ലാ മാർഗ്ഗങ്ങളും നോക്കിയെങ്കിലും വിഫലമാവുകയായിരുന്നു.
കുർദിഷ് - ഇറാനിയൻ ഹെൻഗാവ് പോലുള്ള അവകാശ പോരാട്ടം നടത്തുന്ന ഗ്രൂപ്പുകളാണ് അർമിത ഗെരാവന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യം പുറത്തുവിട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ അതേ അവസ്ഥ അർമിതയ്ക്കും ഉണ്ടോകുമെന്ന ആശങ്ക യാഥാർഥ്യമായിരിക്കുകയാണ്. കസ്റ്റഡിയിൽ ക്രൂരമർദനം നേരിട്ട അമിനിയും മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു.
ഒക്ടോബർ ഒന്നിന് അർമിത ഗെരാവന്ദ് കൂട്ടുകാർക്കൊപ്പം മെട്രോയിൽ സഞ്ചരിക്കുന്നതിനിടെ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ പൊലീസ് മർദിച്ചെന്നാണ് അവകാശ പ്രവർത്തകർ പറയുന്നത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ മറ്റ് പെൺകുട്ടികൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് പെൺകുട്ടി ബോധരഹിതയായെന്നാണ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. ടെഹ്‌റാൻ മെട്രോയും സമാന വിശദീകരണമാണ് നൽകിയത്. എന്നാൽ അവകാശപ്രവർത്തകർ ഈ വാദം തള്ളിക്കളഞ്ഞു. മർദനത്തെ തുടർന്നാണ് പെൺകുട്ടി അബോധാവസ്ഥയിലായതെന്ന നിലപാടിലായിരുന്നു അവകാശപ്രവർത്തകർ.
വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകൾക്കുള്ള ജയിൽ ശിക്ഷ കഴിഞ്ഞ മാസം ഇറാൻ പാർലമെന്റ് കടുപ്പിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബിൽ പ്രകാരം ഇനി മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിയമം നടപ്പാക്കാനാണ് പാർലമെന്റ് അനുമതി നൽകിയത്.
1979 മുതൽ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണരീതി ഇറാനികൾ, പ്രത്യേകിച്ച് സ്ത്രീകൾ എങ്ങനെ അനുസരിക്കണമെന്ന് പുതിയ ബിൽ പറയുന്നു. ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലിൽ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങൾ കാണുന്ന വസ്ത്രം ധരിക്കരുത്.
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി എന്ന 22 കാരി കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിട്ട് ഒരു വർഷമാകുമ്പോഴാണ് പുതിയ ഹിജാബ് നിയമം ഇറാൻ അവതരിപ്പിച്ചത്. മഹ്‌സ അമീനിയുടെ മരണത്തിനു പിന്നാലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് നിരവധി സ്ത്രീകൾ വസ്ത്രധാരണ നിയമം ലംഘിച്ച് പുറത്തിറങ്ങിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ