- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെ മുൻകാല കോളനിവാഴ്ചയിൽ അതിയായ ദുഃഖവും പശ്ചാത്താപവും രേഖപ്പെടുത്തി ചാൾസ് രാജാവ്; ഖേദം രേഖപ്പെടുത്തിയത് കെനിയയിലെ ഔദ്യോഗിക സന്ദർശനത്തിനിടെ
പഴയ കോളനിവാഴ്‌ച്ചക്കാലത്ത് ബ്രിട്ടീഷുകാർ കാണിച്ച അന്യായവും, അനാവശ്യവുമായ അക്രമങ്ങൾക്ക് കെനിയൻ ജനതയോട് തന്റെ ദുഃഖവും പശ്ചാത്താപവും രേഖപ്പെടുത്തി ചാൾസ് രാജാവ്. ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്തോട് ബ്രിട്ടീഷ് ഭരണകൂടം ചെയ്ത ശരികേടുകൾക്ക്, പ്രത്യേകിച്ചും മൗ മൗ വിപ്ലവത്തിനോട് എടുത്ത സമീപനത്തിൽ ഒരു നീതീകരണവും ഇല്ലെന്നും രാജാവ് പറഞ്ഞു. കെനിയയിൽ ഒരു ഔദ്യോഗിക വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്റോബിയിൽ നടന്ന വിരുന്നിൽ കെനിയൻ പ്രസിഡണ്ട് ഉൾപ്പടെ 350 ഓളം അതിഥികൾ പങ്കെടുത്തിരുന്നു. നമ്മുടെ, ഒരുമിച്ചുള്ള ചരിത്രമാണ് നമ്മുടെ ജനതയെ ഒരുമിപ്പിക്കുന്നതെന്ന് രാജാവ് വിരുന്നിൽ പറഞ്ഞു. അതേസമയം, ദീർഘകാലമായി ഉള്ളതും, അതീവ സങ്കീർണ്ണവുമായ ബന്ധത്തിലെ വേദന നിറഞ്ഞ മുഹൂർത്തങ്ങളും നമ്മൾ ഓർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂതകാലത്തിലെ തെറ്റുകൾ അതീവ വേദനാജനകമാണ്. അതിൽ അതിയായി പശ്ചാത്തപിക്കുന്നതായും രാജാവ് അറിയിച്ചു. സ്വാതന്ത്ര്യത്തിനായി നിരവധി ത്യാഗങ്ങൾ സഹിച്ച ജനതയാണ് കെനിയൻ ജനത. അങ്ങനെയൊരു അനുഭവം നൽകിയതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുകയുമില്ല. യാതനകൾ സഹിക്കേണ്ടി വന്ന നിരവധി ആളുകളെ താൻ കണ്ടതായും അദ്ദേഹം പറഞ്ഞു.
ഒന്നിനും ഭൂതകാലത്തെ മാറ്റാൻ കഴിയുകയില്ല. എന്നാൽ, ചരിത്രത്തെ സത്യസന്ധമായും തുറന്ന മനസ്സോടെയും സ്വീകരിക്കാൻ നമുക്ക് കഴീയണം. അത് നമ്മുടെ വർത്തമാനകാല ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഏതായാലും, നേരിട്ട് ഒരു മാപ്പ് പറഞ്ഞ് ചാൾസ് രാജാവ് കൂടുതൽ നിയമപ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. അങ്ങനെ ക്ഷമാപണം നടത്തുക എന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയവുമല്ല.
നേരത്തെ, കൂടുതൽ നഷ്ടപരിഹാരങ്ങൾ ആവശ്യപ്പെട്ട് കെനിയൻ പ്രസിഡന്റ് റൂട്ടോ ശക്തമായ ഭാഷയിൽ സംസാരിച്ചിരുന്നു. ചരിത്രത്തെ നിഷേധിച്ചുകൊണ്ട് ബ്രിട്ടനും കെനിയയ്ക്കും ജീവിക്കാൻ ആകില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആഫ്രിക്കൻ വംശജരെ കുടിയോഴിപ്പിച്ചതും, നാടുകടത്തി കൊണ്ടുപോയതുമെല്ലാം അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ക്രൂരമായ സാമ്രാജ്യവത്ക്കരണത്തിനാണ് അത് വഴിയിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കെനിയൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് ഭരണകൂടം കൈക്കൊണ്ട നടപടികൾ ക്രൂരതയുടെ ഉത്തമോദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിച്ചമർത്തലിനും, ക്രൂരമായ പീഡനങ്ങൾക്കും വിധേയരായവർക്ക് ഇതുവരെ 20 മില്യൻ പൗണ്ട് നഷ്ടപരിഹാരമായിബ്രിട്ടൻ നൽകി എന്നും, അത് മതിയാകില്ല ഈ ക്രൂരതകൾക്ക് പകരമായി എന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ