- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണക്കയറ്റുമതിയുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കാൻ മുസ്ലിം രാജ്യങ്ങളോട് ഇറാന്റെ ആഹ്വാനം; ജോർദ്ദാനും സ്ഥാനപതിയെ തിരിച്ചു വിളിച്ചു; റാഫാ അതിർത്തി തുറന്നത് ആശ്വാസം; മാർപ്പാപ്പയുടെ വാക്കു പോലും കേൾക്കാതെ ഇസ്രയേൽ യുദ്ധം തുടരുമ്പോൾ
ടെൽ അവീവ്: റഫാ ഗേറ്റ് തുറന്നതോടെ പശ്ചിമേഷ്യയിൽ ആശ്വാസവും എത്തുന്നു. ആദ്യ ദിവസം 400 ലേറെ പേർ ഗസ്സാ അതിർത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്. ഗസ്സയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. നിയന്ത്രിത രീതിയിലാണ് അതിർത്തി വഴി ആളിനെ ഇസ്രയേൽ ഈജിപ്തിലേക്ക് അയക്കുന്നത്.
ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗസ്സ വിട്ടത്. ഇനി എത്ര പേർക്ക് അനുമതി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. ജബലിയ ദുരിതാശ്വാസ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 ആയി. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. മരണ സഖ്യ ഇനിയും ഉയരും. ഹമാസ് ആക്രമണത്തിൽ 24 മണിക്കൂറിനിടെ 16 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. യുദ്ധം നാശത്തിന് മാത്രമേ ഉപകരിക്കൂ എന്നും സ്വതന്ത്ര ഫലസ്തീൻ എന്നതാണ് പ്രശ്‌ന പരിഹാരമെന്നും മാർപാപ്പ വ്യക്തമാക്കി. എന്നാൽ ഇതൊന്നും ഇസ്രയേൽ കേൾക്കുന്നില്ല.
അതിർത്തി കടക്കാൻ അനുവദിക്കപ്പെട്ടവരുടെ പട്ടിക ഗസ്സ ബോർഡേഴ്സ് ആൻഡ് ക്രോസിങ്സ് അഥോറിറ്റി പുറത്തുവിട്ടിരുന്നു. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെ ഇവരോട് അതിർത്തിയിലേക്ക് എത്തണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. ചികിത്സ ആവശ്യമുള്ള പരിക്കേറ്റ ഫലസ്തീൻ പൗരന്മാരേയും അതിർത്തി കടക്കാൻ അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ ഗസ്സയിലേക്ക് സഹായം എത്തിക്കാനുള്ള വാഹനവ്യൂഹങ്ങൾക്ക് റഫാ അതിർത്തി കടക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ആളുകളെ കടത്തിവിട്ടിരുന്നില്ല.
അതിർത്തിക്ക് സമീപത്തായി തന്നെ ഈജിപത് ആശുപത്രിയൊരുക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഗസ്സക്കാരെ ഇങ്ങോട്ടേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഈജിപ്തിന്റെ നടപടിയെ ലോകാരോഗ്യ സംഘടനയടക്കം സ്വാഗതം ചെയ്തു. ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയായിരുന്നു. അഭയാർഥി ക്യാമ്പുകളിലടക്കം ഇസ്രയേൽ ആക്രമണം നടത്തിവരികയാണ്.
ഫലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിവിധ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. റെഡ് ക്രോസ്സ് ഇന്റനാഷണൽ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആണ് വാഗ്ദാനം. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥിക്യാംപിലെ പാർപ്പിടസമുച്ചയങ്ങൾക്കു നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി. കെട്ടിടാവശിഷ്ടങ്ങളുടെയും പരുക്കുകളോടെ കുട്ടികളടക്കമുള്ളവരെ ആശുപത്രിയിലേക്കു മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ അൽ ജസീറ ചാനൽ സംപ്രേഷണം ചെയ്തു. മരണമുള്ളതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ചൊവ്വാഴ്ച ഇവിടെയുണ്ടായ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്നും 3 വിദേശികളടക്കം 7 ബന്ദികൾ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും ഹമാസ് പറയുന്നു. ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരിയെയാണ് ലക്ഷ്യമിട്ടതെന്നും ബിയാരിയെ വധിച്ചെന്നും ഇസ്രയേൽ അറിയിച്ചു. പരുക്കേറ്റ ഫലസ്തീൻകാരിൽ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി റഫാ അതിർത്തിവഴി ഈജിപ്തിലെത്തിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, ഇസ്രയേൽ, ഹമാസ് േനതാക്കൾ തമ്മിലെത്തിയ ധാരണപ്രകാരമാണിത്. ഗുരുതരമായി പരുക്കേറ്റ് അടിയന്തര ശസ്ത്രക്രിയ വേണ്ട 81 പേരെയും 500 വിദേശികളെയുമാണ് ഈജിപ്തിലെത്തിക്കുന്നത്.
ആദ്യദിനം 320 വിദേശികൾ അതിർത്തി കടന്നതായാണ് റിപ്പോർട്ട്. ഗസ്സയിലെ ഏക കാൻസർ ആശുപത്രി, 70 രോഗികൾ ചികിത്സയിലിരിക്കെ, ഇന്ധനക്ഷാമം മൂലം പ്രവർത്തനം നിർത്തി. ഗസ്സയിലെ 35 ആശുപത്രികളിൽ 16 എണ്ണവും പ്രവർത്തിക്കുന്നില്ല. മേഖലയിൽ വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് ബന്ധം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല.
ഉപരോധ ആഹ്വാനവുമായി ഇറാൻ
എണ്ണക്കയറ്റുമതിയുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കാൻ ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി ബുധനാഴ്ച മുസ്ലിം രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. അതിനിടെ ഇസ്രയേലിലെ സ്ഥാനപതിയെ ജോർദാൻ തിരിച്ചുവിളിച്ചു. ''കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്ലാമിക സർക്കാരുകൾ ശാഠ്യംപിടിക്കണം. മുസ്ലിം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടത്തോട് (ഇസ്രയേൽ) സാമ്പത്തികമായി സഹകരിക്കരുത്. എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി തടയണം'' -ടെഹ്‌റാനിലെ വിദ്യാർത്ഥിസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഫലസ്തീനെതിരേ നിലകൊള്ളുന്ന പാശ്ചാത്യസർക്കാരുകളെയും ഖമീനി വിമർശിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, യു.എസ്. എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. ''ഗസ്സയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ്ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല'' -അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്ലിങ്ങളെ ദേഷ്യപ്പെടുത്താതിരിക്കാൻ സൂക്ഷിക്കണമെന്ന് ഇറാൻ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു.
ഹമാസിനെ സാമ്പത്തികമായും സൈനികമായും പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാൻ. ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തെ 'വിജയം' എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ