ജറുസലം: ഹമാസിനെ തുടച്ചുനീക്കുമെന്ന ശപഥമെടുത്തിരിക്കുകയാണ് ഇസ്രയേൽ. ഗസ്സയെ കര-വ്യോമ-കടൽ മാർഗ്ഗങ്ങളിലൂടെ വളഞ്ഞാക്രമിക്കുകയാണ്. വെടിനിർത്തൽ തോൽവിക്ക് സമാനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹുവിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, ഹമാസിനെ കുറച്ചുകാണാൻ ആകില്ലെന്നാണ് പ്രതിരോധ രംഗത്തെ നിരീക്ഷകർ പറയുന്നത്. ഗസ്സ മുനമ്പിൽ വളരെ നീണ്ട ഒരു യുദ്ധത്തിനാണ് ഹമാസ് തയ്യാറെടുത്തിരിക്കുന്നത്. ഒരുപക്ഷേ എതിരാളികൾ വെടിനിർത്തലിന് സമ്മതിക്കുവോളം നാളുകൾ ചെറുത്തുനിൽക്കാൻ ഹമാസിന് ശേഷിയുണ്ടെന്ന് അർഥം.

ഗസ്സ ഭരിക്കുന്ന ഹമാസ് ആവശ്യത്തിന് ആയുധങ്ങളും മിസൈലുകളും, ഭക്ഷണവും, മരുന്നുകളും ശേഖരിച്ചിട്ടുണ്ട്. തുരങ്കങ്ങൾ കേന്ദ്രീകരിച്ച് പോരാടുന്ന തങ്ങളുടെ ആയിരക്കണക്കിന് സായുധാംഗങ്ങൾക്ക് മാസങ്ങളോളം അതിജീവിക്കാൻ കഴിയും. ഗറില്ലാ യുദ്ധമുറകളിലൂടെ ഇസ്രയേൽ സൈനികർക്ക് തിരിച്ചടി നൽകാനും ശേഷിയുണ്ട് ഹമാസ് പടയ്ക്ക്.

ഉപരോധവും കരയാക്രമണവും ഉപേക്ഷിച്ച് ഇസ്രയേലിനെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ, അന്താരാഷ്ട്ര സമ്മർദ്ദത്തിന് കഴിയുമെന്നും, ഇസ്രയേലി ബന്ദികൾക്ക് പകരം ഫലസ്തീൻ തടവുകാരുടെ മോചനത്തിലൂടെ മധ്യസ്ഥ കരാറിൽ എത്താമെന്നും ഹമാസ് വിശ്വസിക്കുന്നു. ഫലസ്തീൻ തടവുകാരുടെ മോചനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്ന് ഖത്തർ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിലൂടെ യുഎസിനെയും ഇസ്രയേലിനെയും ഇതിനകം അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രയേൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ഇസ്രയേലിന്റെ 17 വർഷത്തെ ഗസ്സ ഉപരോധം അവസാനിപ്പിക്കണമെന്നാണ് ഹമാസിന്റെ ദീർഘകാലആവശ്യം. ഇസ്രയേലി കുടിയേറ്റം വിപുലമാക്കുന്നത് അവസാനിപ്പിക്കുക, അൽ അഖ്‌സ പള്ളിയിലെ ഇസ്രയേൽ സുരക്ഷാ സേനയുടെ ഇടപടൽ ഒഴിവാക്കുക, തുടങ്ങിയവയും അവർ പ്രതീക്ഷിക്കുന്നു.

സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്നാണ് ജോർദ്ദാന്റെ മുൻ വിദേശകാര്യ മന്ത്രി മർവാൻ അൽ മുവാഷർ അഭിപ്രായപ്പെട്ടത്. ' നമ്മൾ ഏതോ ഇരുണ്ട കാലഘട്ടത്തിലാണ്. ഈ യുദ്ധം വളരെയെളുപ്പം അവസാനിക്കില്ല', അദ്ദേഹം പറഞ്ഞു. ഗസ്സയിലെ മരണസംഘ്യ 9,000 കടന്നെങ്കിലും ഹമാസിനെ തുടച്ചുനീക്കാതെ പിന്നോട്ടില്ലെന്നാണ് ഇസ്രയേൽ ഭരണനേതൃത്വത്തിന്റെ നിലപാട്. ഹമാസ് സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും, അവർ ആരോപിക്കുന്നു. രാജ്യം ദീർഘവും, വേദനാജനകവുമായ യുദ്ധത്തിന് ഒരുങ്ങി കഴിഞ്ഞു, യുഎന്നിലെ മുൻ ഇസ്രയേലി അംബാസഡർ ഡാനി ഡാനൺ അഭിപ്രായപ്പെട്ടു. ' അവസാനം ഞങ്ങൾ ജയിക്കുമെന്നും, ഹമാസിനെ പരാജയപ്പെടുത്തുമെന്നും ഞങ്ങൾക്കറിയാം', അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'അതിന് കൊടുക്കേണ്ടി വരുന്ന വിലയാണ് പ്രശ്‌നം. വളരെ സങ്കീർണമായ യുദ്ധമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു', ഡാനി ഡാനൺ പറഞ്ഞു. പൊതുവായ വെടിനിർത്തലിനോട് നിലവിൽ അമേരിക്കരയും യോജിക്കുന്നില്ല. എന്നാൽ, മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഹ്രസ്വ വെടിനിർത്തലുകളോട് യോജിക്കുകയും ചെയ്യുന്നു.

ഹമാസ് പൂർണസജ്ജം

ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്നുകയറിയുള്ള ആക്രമണം വീണ്ടുവിചാരമില്ലാതെ ഹമാസ് എടുത്ത തീരുമാനം ആയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ദീർഘകാല യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടാകണം ഹമാസ് ഇതിനായി ഒരുങ്ങി പുറപ്പെട്ടതെന്ന് ഖത്തർ സർവകലാശാലയിലെ ഫലസ്തീൻ കാര്യ വിദഗ്ധൻ അദീബ് സിയാദെ പറഞ്ഞു.

അതേസമയം, ഇസ്രയേലിന് തലവേദനയാകുന്നത് ഹമാസിന്റെ ഗറില്ല യുദ്ധ മുറകൾ തന്നെ. ഗസ്സയിലെ തെരുവുതോറുമുള്ള പോരാട്ടത്തിൽ, ഗറില്ല യുദ്ധ മുറകളിലൂടെ ഇസ്രയേൽ സൈന്യത്തിന് നാശം വരുത്തുകയും, അതുവഴി ഇസ്രയേലിലെ സർക്കാരിനുള്ള പൊതുജനപിന്തുണ കുറയ്ക്കാനും ഹമാസ് ലക്ഷ്യമിടുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്രതലത്തിലെ വിമർശനം എന്തുതന്നെയായാലും, ഹമാസിനെ മുച്ചൂടും തുടച്ചുനീക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് ഇസ്രയേൽ അമേരിക്കയോട് പറഞ്ഞിരിക്കുന്നത്.

ഹമാസിന് പോരാടാൻ 40,000 പേർ

ഹമാസിന് 40,000 പേരുടെ അംഗബലമുണ്ടെന്നാണ് സൂചന. വർഷങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്ത നൂറുകണത്തിന് കിലോമീറ്ററുകൾ നീളുന്ന തുരങ്കങ്ങൾ തന്നെയാണ് അവരുടെ പ്രധാന ശക്തി. വ്യാഴാഴ്ച പുറത്തുവന്ന വീഡിയോകളിൽ, തുരങ്കങ്ങളിൽ നിന്ന് ഹമാസ് സംഘങ്ങൾ പുറത്തുവരുന്നതും, ടാങ്കുകൾക്ക് നേരേ വെടിയുതിർക്കുന്നതും, പിന്നീട് അപ്രത്യക്ഷമാകുന്നതും കാണാം.

യഹലോം പ്രത്യേക പോരാട്ട എഞ്ചിനിയീറിങ് യൂണിറ്റിലെ സൈനികരുമായി സഹകരിച്ച് തുരങ്കങ്ങൾ കണ്ടുപിടിക്കാനും, നശിപ്പിക്കാനും ജോലി തുടരുകയാണെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. സമീപ പതിറ്റാണ്ടുകളിൽ ഹമാസ് ഇസ്രയേലുമായി നിരവധി പോരാട്ടങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അവർ സൈനിക ശേഷിയിൽ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു, വിശേഷിച്ചും മിസൈലുകളുടെ എണ്ണത്തിൽ. 2008 ലെ ഗസ്സ യുദ്ധത്തിൽ, ഹമാസ് റോക്കറ്റുകളുടെ പരിധി 40 കിലോമീറ്റർ മാത്രമായിരുന്നു. 2021 ലെ സംഘർഷ സമയത്ത് അത് 230 കിലോമീറ്ററായി വർദ്ധിച്ചു.

ഓരോ യുദ്ധത്തിലും പുതിയത് എന്തെങ്കിലുമായി ഞങ്ങൾ ഇസ്രയേലിനെ അദ്ഭുതപ്പെടുത്തുന്നു, ബെയ്‌റൂട്ട് കേന്ദ്രമായ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവൻ അലി ബരാക്ക റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആഴ്ചകൾ നീണ്ട ഇസ്രയേലിന്റെ ബോംബാക്രമണത്തിന് ശേഷവും ഹമാസിന്റെ പോരാട്ട ശേഷിക്ക് കുറവൊന്നും വന്നിട്ടില്ലെന്നും ഹിസ്‌ബൊള്ളയോട് അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഹിസ്‌ബൊള്ളയ്ക്ക് ലെബനനിൽ ഹമാസും മറ്റ് സഖ്യകക്ഷികളുമായി സംയുക്ത സൈനിക ഓപ്പറേഷൻ കേന്ദ്രമുണ്ട്. ഈ ശൃംഖലയെ പിന്തുണയ്ക്കുന്നത് ഇറനാണ്.

വെല്ലുവിളിയായി തുരങ്കങ്ങൾ

2021 ൽ ഇസ്രയേൽ പ്രതിരോധ സേന ഹമാസിന്റെ ഭൂഗർഭ ടണൽ ശൃംഖലയിലെ 100 കിലോമീറ്ററോളം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അന്ന് ഹമാസ് നേതാവ് യഹിയ സിൻവർ പറഞ്ഞത് ടണൽ ശൃംഖല 500 കിലോമീറ്റർ ദൈർഘ്യമുള്ളതാണെന്നും, ഇസ്രയേൽ അഞ്ചുശതമാനം മാത്രമാണ് തകർത്തെതെന്നും ആയിരുന്നു. ഡൽഹി മെട്രോ 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അതിന്റെയർഥം ഗസ്സമുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ്.

ഗസ്സയിൽ, മുൻപിൻ നോക്കാതെ കെട്ടിടങ്ങൾക്ക് നേരേ വ്യോമാക്രമണം നടത്തുന്നതിന് കാരണമായി ഇസ്രയേൽ സേന വാദിക്കുന്നത് സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് അടിയിലൂടെയാണ് ഹമാസിന്റെ ടണലുകളെന്നാണ്. 2007 ൽ ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഹമാസ് ഈ തുരങ്കങ്ങൾ നഗരത്തിനുള്ളിലും, ഗസ്സ-ഇസ്രയേലി അതിർത്തിയിലേക്കും വിപുലമാക്കുകയായിരുന്നു.

ഗസ്സ മെട്രോ

ഈ വിപുലമായ ശൃംഖലയെ ഇസ്രയേലി സൈന്യം വിശേഷിപ്പിക്കുന്നത് ഗസ്സ മെട്രോ എന്നാണ്. ഈ ടണലുകളിൽ വെളിച്ചമുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാൻ മതിയായ സ്ഥലവുമുണ്ട്. ഭിത്തിയെല്ലാം സിമന്റിൽ തീർത്തിരിക്കുന്നു. ഗസ്സയിലേക്ക് ഒഴുകുന്ന മാനുഷിക സഹായമെല്ലാം, ഇത്തരത്തിൽ ഹമാസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വകമാറ്റിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് കര-കടൽ മാർഗ്ഗങ്ങളിലൂടെ ഒരേസമയം ആക്രമിക്കുകയായിരുന്നു. ഗസ്സ-ഇസ്രയേൽ അതിർത്തി വേലിയിൽ സെൻസറുകൾ ഉള്ളതുകൊണ്ടുതന്നെ കടന്നുകയറുക എളുപ്പമല്ല. ടണലുകൾ വഴിയാണ് ഹമാസ് ഇസ്രയേലിലേക്ക് ആരുമറിയാതെ കടന്നതെന്ന് കരുതുന്നു.

ഇസ്രയേൽ-ഗസ്സ അതിർത്തി വേലി 30 അടി ഉയരത്തിലാണ്. അടിയിൽ കോൺക്രീറ്റ് ബാരിയറുമുണ്ട്. അതുകൊണ്ട് തന്നെ ഗസ്സ നഗരത്തിലെ പോലെ സൗകര്യങ്ങളുള്ള ടണലുകൾ ആവില്ല അതിർത്തി കടക്കാനുള്ള ടണലുകൾ. അവ ഒറ്റതവണ ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്നവ ആയിരിക്കും. എങ്ങനെയും ഇസ്രയേലിൽ കടക്കുക മാത്രം ലക്ഷ്യം. ഹമാസിന്റെ നേതാക്കൾ ഗസ്സയിലെ ടണലുകളിൽ ഒളിച്ചിരുന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും അവർ ഗതാഗതത്തിനും, ആശയവിനിമയത്തിനും ഈ ടണലുകൾ ഉപയോഗിക്കുന്നതായും ഈ വിഷയത്തിലെ വിദഗ്ദ്ധർ പറയുന്നു.

കള്ളക്കടത്തിനായി പണിത ഗസ്സ ടണലുകൾ

ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കും മുമ്പ് ഈ ടണൽ ശൃംഖല കള്ളക്കടത്തിനായാണ് ഉപയോഗിച്ചിരുന്നത്. 2005 ൽ ഇസ്രയേൽ ഗസ്സയിൽ നിന്ന് വിട്ടുപോയതിന് ശേഷവും 2006 ലെ തിരഞ്ഞെടുപ്പിൽ ഹമാസ് ജയിച്ചതിനും പിന്നാലെ ഇസ്രയേലും, ഈജിപ്റ്റും, തങ്ങളുടെ അതിർത്തി വഴി കടക്കുന്നത് നിയന്ത്രിച്ചിരുന്നു. പിന്നീട് കള്ളക്കടത്തിന് മാത്രമല്ലാതെ ടണലുകൾ ഉപയോഗിക്കാൻ തുടങ്ങി.

ഗസ്സയുമായുള്ള തങ്ങളുടെ അതിർത്തിയിലെ ടണലുകൾ ഈജിപ്ററ് നശിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രയേലിലേക്കുള്ള ടണലുകൾ കൂടുതൽ വിപുലമാവുകയാണ് ചെയ്തത്. 2006 ൽ ഹമാസ് ഇസ്രേലി സൈനികൻ ഹിലാദ് ഷാലിദിനെ പിടികൂടുകയും, രണ്ടുസഹപ്രവർത്തകരെ വകവരുത്തുകയും ചെയ്തത് ഈ ടണലുകൾ വഴി കടന്നായിരുന്നു. രണ്ടുവർഷത്തിന് ശേഷം തടവുകാരെ വിട്ടയ്ക്കാനുള്ള കരാറിന്റെ ഭാഗമായാണ് ഗിലാദ് ഷാലിദിനെ വിട്ടയച്ചത്.

പിന്നീട് ഇസ്രയേൽ ഈ തുരങ്കങ്ങളെ ഭീകര ടണലുകൾ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.