- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിനിർത്തൽ വേണമെന്ന് ജോർദാനും ഈജിപ്തും; ഹമാസിനെ സംഘടിതരാകാൻ അനുവദിക്കില്ലെന്ന് അമേരിക്കയും; ഗസ്സയിൽ പ്രവേസിക്കുന്ന ഇസ്രയേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് പോകൂവെന്ന് ഹമാസിന്റെ മുന്നറിയിപ്പും; പശ്ചിമേഷ്യയിൽ അറബ് നയതന്ത്രവും പാളുന്നു
അമ്മാൻ: ഗസ്സയിൽ അടിയന്തര വെടിർത്തൽ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം തള്ളി അമേരിക്ക. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചർച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യം തള്ളിയത്.
ഐക്യരാഷ്ട്ര സഭയും ഇതിന് വേണ്ടി പ്രമേയം പാസാക്കിയിരുന്നു. ജോർദാൻ,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടത്. ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രയേലിന്റെ ആവശ്യത്തിൽ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തിൽ ബ്ലിങ്കൻ പങ്കുവെക്കുകയും ചെയ്തു. ഇത് ഇസ്രയേലിന് ആക്രമണം രൂക്ഷമാക്കാൻ കരുത്തായി മാറും,.
വെടിനിർത്തൽ ഹമാസിന് വീണ്ടും സംഘടിക്കാൻ സഹായിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വിശദീകരിച്ചു. അതേ സമയം ഗസ്സയിലെ സാധാരണക്കാർക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനാണ് അമേരിക്ക സജ്ജമാകുന്നതെന്നും വിശദീകരിച്ചു. ജോർദാൻ, സൗദി, യുഎഇ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. വെടിനിർത്തൽ നടപടി ഹമാസിനെ വീണ്ടും സംഘടിക്കുന്നതിനും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കൻ പറഞ്ഞു.
വെടിനിർത്തൽ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി തുർക്കിയിലേക്ക് പോകും. ഇതിനിടെ ഇസ്രയേൽ സൈന്യം ഗസ്സയിലെ അധിനിവേശം കൂടുതൽ ശക്തമാക്കി. ഇന്ത്യയിലും സ്റ്റേറ്റ് സെക്രട്ടറി ഉടൻ എത്തുമെന്നാണ് സൂചന. ഗസ്സസിറ്റി പൂർണമായും വളഞ്ഞെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം വടക്കൻഗസ്സക്കാർക്ക് തെക്കന്മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ശനിയാഴ്ച മൂന്നുമണിക്കൂർ സുരക്ഷിത ഇടനാഴിയൊരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ആളുകളെ ഹമാസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.
ഇതിനിടെ 15 ലക്ഷത്തോളം ഗസ്സക്കാർ കുടിയൊഴിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇതിൽ 7.1 ലക്ഷം ആളുകൾ യുഎൻ ഏജൻസികൾ നടത്തുന്ന ക്യാമ്പുകളിൽ അഭയംപ്രാപിച്ചിട്ടുണ്ടെന്നും അറിയിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിർത്തൽ അജണ്ടയിൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ ഒരാഴ്ചയായി സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗസ്സ നഗരം വളഞ്ഞതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും ഉണ്ട്.
ഗസ്സ ഇസ്രയേലിന് ചരിത്ര ശാപമായി മാറും. ഗസ്സയിൽ പ്രവേശിക്കുന്ന ഇസ്രയേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ