ടെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. ഗസ്സയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന പറയുന്നു. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. അതിനിടെ ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ഇതുകൊണ്ട് രക്ഷാ പ്രവർത്തനത്തിന് ഗുണം ചെയ്യുന്ന ഒന്നും സംഭവിക്കില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

ഹമാസ് ശക്തികേന്ദ്രമായ വെസ്റ്റ് ജബലിയയിലെ ' ഔട്ട്‌പോസ്റ്റ് 17 ' മേഖല പിടിച്ചെടുത്ത് ഇസ്രയേൽ കരുത്ത് കാട്ടുന്നുവെന്നാണ് റിപ്പോർട്ട്. വടക്കൻ ഗസ്സയിൽ കരയിലും ഭൂഗർഭ ടണലിലുമായി നടന്ന 10 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് മേഖല പിടിച്ചെടുത്തതെന്ന് ഇസ്രയേലിന്റെ കാലാൾപ്പട യൂണിറ്റുകളിലൊന്നായ നഹാൽ ബ്രിഗേഡ് അറിയിച്ചു. നിരവധി ഭീകരരെ വധിച്ച് ആയുധങ്ങൾ പിടിച്ചെടുത്തെന്നും വടക്കൻ ഗസ്സയുടെ നിയന്ത്രണം ഹമാസിന് നഷ്ടമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

ഇതിനിടെയാണ് നാലു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപനം. വടിനിർത്തലിന് മൂന്ന് മണിക്കൂർ മുമ്പ് പ്രത്യേക അറിയിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം. ഗസ്സയിൽ ഇത് വരെ 10,812 പേർ കൊല്ലപ്പെട്ടെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗസ്സ സിറ്റിയിലെ അൽ ഖുദ്‌സ് ആശുപത്രി പരിസരത്തും വെടിവയ്‌പ്പ് നടക്കുകയാണ്. തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ ഇസ്രയേലിന് യു.എസ് 320 മില്യൺ ഡോളറിന്റെ സൈനിക പാക്കേജ് നൽകും. ഇത് പ്രകാരം ഉയർന്ന കൃത്യതയുള്ള സ്മാർട്ട് ബോംബായ ' സ്‌പൈസ് ബോംബുകൾ' ( സ്മാർട്ട്, പ്രിസൈസ് ഇംപാക്ട്, കോസ്റ്റ് - ഇഫക്ടീവ് ) കൈമാറിയേക്കും. ഇസ്രയേലിന്റെ റാഫേൽ കമ്പനിയുടെ അമേരിക്കൻ ബ്രാഞ്ച് വികസിപ്പിച്ച സ്‌പൈസ് ബോംബുകളാണ് നൽകുക. 2019ലെ ബലാകോട്ട് ആക്രമണത്തിൽ ജെയ്‌ഷെ ഭീകർക്ക് നേരെ ഇന്ത്യൻ എയർഫോഴ്‌സ് ഇവ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ ആക്രമണം കൂടുതൽ ശക്തമാകും.

ഇസ്രയേലിന് മേൽവെടിനിറുത്തലിനുള്ള സമ്മർദ്ദം വർദ്ധിച്ചുവെന്നതാണ് വസ്തുത. ഗസ്സയിലേക്ക് സഹായമെത്തിക്കാനും പരിക്കേറ്റവരെ പുറത്തെത്തിക്കാനും 80ലേറെ രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ പാരീസിൽ യോഗം ചേർന്നു. വെടിനിറുത്തലിനായി എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഇതോടെയാണ് നാലു മണിക്കൂർ വെടനിർത്തൽ വരുന്നത്.

എന്നാലിത് വെടിനിറുത്തൽ അല്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ആളുകൾക്ക് ഒഴിയാൻ സുരക്ഷിത പാത ഒരുക്കുക മാത്രമാണെന്നും ബന്ദികളെ പൂർണമായി മോചിപ്പിക്കാതെ വെടിനിറുത്തൽ നടപ്പാക്കില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. അതേ സമയം, ഗസ്സയിൽ ബന്ദികളായുള്ള ഒരു സ്ത്രീയേയും ആൺകുട്ടിയേയും മാനുഷിക കാരണങ്ങളാൽ ഉടൻ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു.

ഗസ്സയിൽ മൂന്ന് ദിവസത്തെ വെടിനിറുത്തലിനായി ഖത്തർ, ഈജിപ്റ്റ്, യു.എസ് എന്നിവരുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ച തുടരുന്നു. വെടിനിറുത്തലിനായി ഏതാനും ബന്ദികളെ മോചിപ്പിക്കാമെന്ന നിബന്ധനയിലാണ് ചർച്ചകൾ. എന്നാൽ, ബന്ദികളെയെല്ലാം മോചിപ്പിക്കാതെ വെടിനിറുത്തൽ സാദ്ധ്യമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.