ജറുസലം: ഗസ്സയിലെ തെരുവുകളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇന്ധനം തീർന്ന് ജനറേറ്ററുകൾ നിലച്ചതോടെ വൈദ്യുതി മുടങ്ങി ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പ്രവർത്തനം സ്തംഭിച്ചു. ഇൻകുബേറ്ററിലുള്ള ഒരു നവജാതശിശു അടക്കം അഞ്ച് രോഗികൾ മരിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്.

ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേൽ സൈന്യം പുറത്തിറങ്ങുന്നവർക്കുനേരെ വെടിവയ്പു തുടരുകയാണ്. വൈദ്യുതി നിലച്ച അൽ ഷിഫയിൽ മെഡിക്കൽ ഉപകരണങ്ങൾ നിശ്ചലമായി. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികൾ മരണത്തിനു കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. അൽ ഷിഫയിൽ നിലവിൽ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവർത്തകരും.

അഭയം തേടിയ ഒട്ടേറേപ്പേർ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും 20,000 പേർ അൽ ഷിഫയിലുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത സ്ഥിതിയാണ്. സുരക്ഷാപ്രശ്‌നം മൂലം ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരും ഗസ്സ സിറ്റി വിട്ടു.

ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രയേലി ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. അനങ്ങുന്ന ആരെയും സ്‌നൈപ്പറുകൾ വെടിവെച്ചിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൽ ഖുദ്‌സ് ഹോസ്പിറ്റൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. 14,000പേർ അഭയംതേടിയിരിക്കുന്ന ആശുപത്രി വളപ്പിലേക്ക് ഏതുനിമിഷവും ടാങ്കുകൾ ഇരച്ചുകയറുമെന്ന അവസ്ഥയാണ്.

വടക്കൻഗസ്സയിലെ അൽഖുദ്‌സ് ആശുപത്രിയെയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. ഇവിടെയും ആശുപത്രിയിലേക്കു വെടിവയ്പുണ്ടായി. ആശുപത്രികളിൽ ഹമാസിന്റെ താവളങ്ങളുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസ് ഇത് നിഷേധിക്കുന്നു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ 11,070 പേർ കൊല്ലപ്പെട്ടു. 2700 പേരെ കാണാതായി. ഹമാസ് കമാൻഡറായ അഹ്‌മദ് സിയാമിനെ വധിക്കാനാണ് വടക്കൻ ഗസ്സയിൽ അഭയകേന്ദ്രമാക്കിയ അൽ ബുറാഖ് സ്‌കൂളിൽ കഴിഞ്ഞദിവസം ബോംബിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനുമെതിരെ രൂക്ഷ വിമർശനവുമായി അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ അടിയന്തര ഉച്ചകോടി രംഗത്തെത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗസ്സയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി.

കേവലം വെടിനിർത്തലാവശ്യപ്പെടുന്നതിനപ്പുറം ശക്തമായ നിലപാടുകളിലേക്ക് പോവുകയാണ് അറബ് രാജ്യങ്ങൾ. അന്താരാഷ്ട്ര വേദികളിൽ നിരന്തരം വെടിനിർത്തലാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിൽ അറബ് മേഖലയുടെ അതൃപ്തിയും ഉച്ചകോടി ആവർത്തിച്ചു. യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ തുറന്നടിച്ചു. ഇസ്രയേസലിന്റെ ചെയ്തികൾ അന്താരാഷ്ട്ര സമൂഹം എത്രകാലം നോക്കി നിൽക്കുമെന്ന് ഖത്തർ അമീർ ചോദിച്ചു. നിർണായകവും ചരിത്രപരവുമായ തീരുമാനമെടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിലപ്പറം, കൈയേറ്റങ്ങൾ ഒഴിയാനും, ഗസ്സയ്ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കാനും ,മേഖല കൈയേറി ജനവാസമേഖലകളുണ്ടാക്കുന്നതിൽ നിന്ന് പിന്തിരിയാനും കൂടി ആവശ്യപ്പെട്ടായിരുന്നു സൗദി പ്രധാനമന്ത്രിയുടെ അധ്യക്ഷ പ്രസംഗം. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിൽ ഇസ്രയേലിനെ ഉത്തരവാദിയായി കാണും. ഉപരോധവും കൈയേറ്റവും അവസാനിപ്പിക്കണം. ഗസ്സയിൽ നിന്ന് ജനങ്ങളെ തുടച്ചുനീക്കി പ്രദേശം കൈയടക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് ഉച്ചകോടിയിൽ വിമർശനമുയർന്നു. ഇതിനായി വംശഹത്യയാണ് ഇസ്രയേൽ നടത്തുന്നത്. സ്വതന്ത്ര ഫലസ്തീനെന്ന പൊതുനിലപാടിൽ മാറ്റമില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.

സൗദി, യു എ ഇ, ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങി അറബ് രാജ്യങ്ങളെല്ലാം ഉച്ചകോടിയിൽ പങ്കെടുത്തു. സൗദിയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസി സൗദിയിലെത്തിയത് ശ്രദ്ധേയമായി. അടിയന്തര പ്രധാന്യം കണക്കിലെടുത്താണ് അറബ് ലീഗ് - ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് യോഗങ്ങൾ വെവ്വേറെ നടത്തുന്നതിന് പകരം സംയുക്ത ഉച്ചകോടിയാക്കിയത്.

ഇസ്രയേൽ ആക്രമണം നിർത്താൻ യുഎസ് ഇടപെടണമെന്ന് ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. സൗദി അറേബ്യ വിളിച്ചുചേർത്ത ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, സിറിയ പ്രസിഡന്റ് ബഷാർ അൽ അസദ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരടക്കം രാഷ്ട്രത്തലവന്മാർ പങ്കെടുത്തു.