ലണ്ടൻ: ഏഴു വർഷത്തിന് ശേഷം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള മടങ്ങി വരവ്. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇനി ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി. പദവി സന്തോഷപൂർവം സ്വീകരിക്കുന്നുവെന്നാണ് കാമറൂണിന്റെ പ്രതികരണം. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയുടെ മുഖം മിനുക്കൽ കൂടിയാണ് സുനക് ലക്ഷ്യമിടുന്നത്.

വലതുപക്ഷ തീപ്പൊരി നേതാവ് സുവെല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രി പദവിയിൽ നിന്ന് സുനക്ക് പുറത്താക്കിയതോടെയാണ് കാമറൂണിന് വഴി തെളിഞ്ഞത്. പുനഃ സംഘടനയിൽ വിദേശകാര്യ മന്ത്രി ആയിരുന്ന ജെയിംസ് ക്ലവർലിയെ ആഭ്യന്തര മന്ത്രിയാക്കി. ക്ലെവർലിക്ക് പകരമാണ് കാമറൂണിന്റെ വരവ്.

57 കാരനായ ഡേവിഡ് കാമറൂൺ, 2016 ൽ ബ്രക്‌സിറ്റ് ജനഹിത പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. എം പി സ്ഥാനവും അദ്ദേഹം അതേ വർഷം ഒഴിഞ്ഞു. 2021 ൽ ഗ്രീൻസിൽ ക്യാപിറ്റൽ എന്ന ഫിനാൻസ് ഗ്രൂപ്പിന് വേണ്ടി സർക്കാരിന് മുമ്പാകെ ലോബിയിങ് നടത്തിയ കാമറൂൺ ഈ സ്ഥാപനം പിന്നീട് തകർന്നതോടെ വിവാദത്തിൽ പെട്ടിരുന്നു.

കാമറൂണിനെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് സർക്കാർ നിയമിച്ചു. അന്താരാഷ്ട്രതലത്തിലെ വെല്ലുവിളികൾ നേരിടാൻ കാമറൂണിന്റെ നിയമനം സഹായിച്ചേക്കുമെന്ന പ്രതീക്ഷയിൽ സെൻട്രിസ്റ്റ് കൺസർവേറ്റീവുകൾ സ്വാഗതം ചെയ്തു. 2010 മുതൽ 2016 വരെയാണ് മുമ്പ് കാമറൂൺ അധികാരത്തിലിരുന്നത്. കാമറൂണിന്റെ നിയമനം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. എംപിയല്ലാത്ത ഒരാൾ സർക്കാരിലെ ഉന്നത പദവിയിൽ എത്തുക അപൂർവമാണ്. ഒരു മുൻപ്രധാനമന്ത്രി ക്യാബിനറ്റ് മന്ത്രിയാകുന്നതും പതിറ്റാണ്ടുകൾക്ക് ശേഷമാണ്.

ഏഴുവർഷമായി മുൻനിര രാഷ്ട്രീയത്തിന് പുറത്താണ് താനെങ്കിലും 11 വർഷത്തെ കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിലെ അനുഭവവും പ്രധാനമന്ത്രി എന്ന നിലയിലെ ആറുവർഷത്തെ പരിചയവും, ഋഷി സുനക്ക് നേരിടുന്ന സുപ്രധാന വെല്ലുവിളികളിൽ സഹായിക്കാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാമറൂൺ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഋഷി സുനക്കിന്റെ തന്ത്രപൂർവമായ പുനഃ സംഘടന. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയോട് കൺസർവേറ്റീവുകൾ പരാജയപ്പെടുമെന്നാണ് കരുതപ്പെടുന്നത്. കാമറൂണിന് ലോകമെമ്പാടും ബന്ധങ്ങളും മറ്റുമുണ്ടെങ്കിലും, വിദേശകാര്യ മന്ത്രായായുള്ള നിയമനം വോട്ടുകൊണ്ടുവരുമോ എന്ന് കണ്ടറിയണം. സെപ്റ്റംബറിൽ നടന്ന പോളിങ്ങിൽ യുകെയിലെ 45 ശതമാനം മുതിർന്നവരും കാമറൂണിന് എതിരായ അഭിപ്രായമാണ് പറഞ്ഞത്. അസംതൃപ്തരായ സെൻട്രിസ്റ്റ്, സെന്റർ-റൈറ്റ് വോട്ടർമാരെ ാകർഷിക്കാൻ കാമണൂറിന്റെ അന്താരാഷ്ട്രതലത്തിലെ പ്രതിച്ഛായ സഹായിക്കുമെന്നാണ് സുനക് പ്രതീക്ഷിക്കുന്നത്. എന്നാൽ, അത് കണ്ടറിയണമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സുവല്ലെയെ എന്തിന് പുറത്താക്കി?

സുവെല്ല ബ്രേവർമാനെ പുറത്താക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനകിനുമേൽ സമ്മർദം ശക്തമായിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരോട് ലണ്ടൻ പൊലീസ് പക്ഷപാതപരമായ സമീപനമാണ് കാണിക്കുന്നതെന്നാരോപിച്ച് ബുധനാഴ്ച ബ്രിട്ടീഷ് ദിനപത്രമായ 'ദി ടൈംസി'ൽ സുവെല്ലയെഴുതിയ ലേഖനമാണ് രോഷത്തിനുകാരണം. എന്നാൽ, ഇന്ത്യൻ വംശജ കൂടിയായ സുവെല്ലയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അന്ന് സുനകിന്റെ ഓഫീസ് പ്രസ്താവനയിറക്കിയിരുന്നു.

''ഈ പ്രതിഷേധമാർച്ചുകൾ ഗസ്സയ്ക്ക് സഹായമെത്തിക്കാനുള്ള മുറവിളികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വടക്കൻ അയർലൻഡിൽ കണ്ടുവരുന്നതുപോലെ ചില പ്രത്യേക ഗ്രൂപ്പുകളുടെ-ഇസ്‌ലാമിസ്റ്റുകളുടെ-പ്രാമുഖ്യത്തിനുവേണ്ടിയുള്ള അവകാശവാദമാണത്'' -ഇങ്ങനെയാണ് സുവെല്ലയെഴുതിയത്. ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഫലസ്തീൻ അനുകൂലനിലപാട് സ്വീകരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടക്കുന്ന വിദ്വേഷപ്രചാരണങ്ങൾക്കും അക്രമങ്ങൾക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുനകും സുവെല്ലയും നേരത്തേ വ്യക്തമാക്കിയിരുന്നു. ബിബിസിയിൽ വന്ന ഒരുലേഖനപ്രകാരം, ബ്രേവർമാന് സർക്കാരിൽ മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, അവർ അതുസ്വീകരിക്കാൻ സാധ്യതയില്ല.

ഇതുരണ്ടാം വട്ടമാണ് ബ്രേവർമാൻ പകുതിക്ക് വച്ച് മന്ത്രിസഭയിൽ നിന്ന് പുറത്താകുന്നത്. 2022 ൽ ലിസ് ട്രസ് സർക്കാരിന്റെ കാലത്തും ബ്രേവർമാൻ ആഭ്യന്തര മന്ത്രിയായിരുന്നു. എന്നാൽ, തന്റെ പേഴ്‌സണൽ ഇ മെയിലിൽ നിന്ന് ഔദ്യോഗിക രേഖ അയച്ചെന്ന ആരോപണം നേരിട്ടതോടെ പുറത്തുപോകേണ്ടി വന്നു. പിന്നീട് കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റതോടെ, ആറ് ആഴ്ചകൾക്ക് ശേഷം അവരെ മടക്കി കൊണ്ടുവരികയായിരുന്നു.

എന്തായാലും ബ്രീട്ടീഷ് ഡെയിലിയായ ദി ടൈംസിൽ എഴുതിയ ലേഖനം വീണ്ടും ബ്രേവർമാൻ കുരുക്കായി. ഇടതു-പക്ഷ പ്രക്ഷോഭത്തോട് മെട്രോപോളിറ്റൻ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നെന്ന പ്രസ്താവന വിവാദമായതോടെ വീണ്ടും പുറത്തായിരിക്കുകയാണ്.