- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുവേലയുടെ കാര്യത്തിൽ ഋഷി തിടുക്കം കാട്ടിയെന്ന് ചിന്തിക്കുന്നവർ ടോറികളിൽ കൂടുന്നു; ഭാവിയിലെ എതിരാളിയെ ഋഷി ''വെട്ടി''യെന്നു സംശയിക്കുന്നവരും ഏറെ; മലയാളികളിൽ ഇസ്രയേൽ പക്ഷക്കാരും സുവേലയ്ക്കൊപ്പം; ബ്രിട്ടണിൽ സംഭവിക്കുന്നത്
ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അതിരൂക്ഷ പരാമർശങ്ങളുമായി സുവെല്ല ബ്രേവർമാൻ രംഗത്തെത്തി. സർക്കാർന്റെ സുപ്രധാന നയങ്ങൾ നടപ്പിലാക്കുന്നതിൽ ഋഷി പരാജയപ്പെട്ടു എന്നായിരുന്നു അവർ പ്രധാനമായും ആരോപിച്ചിരുന്നത്. ഡേവിഡ് കാമറൂണിന്റെ, സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ഭരണകക്ഷിയിലെ തീവ്ര വലതുപക്ഷത്തിന്റെ അസ്വസ്ഥതയായി സുവെല്ലയുടെ കത്തും പുറത്തു വന്നു.
പ്രത്യക്ഷമായും, തുടർച്ചയായും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഋഷി പരാജയപ്പെട്ടു എന്ന് അതിൽ തുറന്നു പറയുന്നു. ഒന്നുകിൽ, കാര്യങ്ങൾ ചെയ്യുവാനുള്ള കാര്യപ്രാപ്തി ഋഷിക്കില്ല, അല്ലെങ്കിൽ മനഃപൂർവ്വം വാഗ്ദാനങ്ങൾ പാലിക്കാതിരിക്കാൻ ശ്രമിക്കുന്നു എന്നാണ് സുവെല്ല കത്തിൽ ആരോപിച്ചിരിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയിൽ വലതുപക്ഷത്തു നിന്നും കൂടുതൽ മിതവാദികളായ മധ്യപക്ഷത്തേക്കുള്ള പ്രകടമായ മാറ്റം ചില എം പിമാരെ കടുത്ത ആശങ്കയിലാഴ്‌ത്തുന്നുണ്ട്.
റുവാൻഡൻ പദ്ധതിക്കെതിരെ സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ സുവെല്ലാ ബ്രേവർമാൻ ഋഷിയോടുള്ള പകപോക്കലായി പാർലമെന്റിൽ പ്രസ്താവന നടത്തുമോ എന്ന് ഉറ്റു നോക്കുന്ന പല എം പിമാരുമുണ്ട്. പുറത്തായ കത്ത്, സുവെല്ലയുടെ പ്രതികാരത്തിന്റെ ആദ്യഘട്ടമായാണ് ഈ എം പിമാർ കണക്കാക്കുന്നത്. അതിന്റെ രണ്ടാം ഘട്ടം പാർലമെന്റിൽ വന്നേക്കും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
കുടിയേറ്റ വിഷയത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഇസ്രയേൽ -ഹമാസ് സംഘർഷവും. ഹമാസ് അനുകൂല പ്രകടനങ്ങൾക്ക് നേരെ പൊലീസ് മൃദു സമീപനം തുടരുന്നു എന്ന് സുവെല്ല പരസ്യമായി ആരോപിച്ചിരുന്നു. സ്ഥാനം തെറിക്കാൻ ഇതും ഒരു കാരണമായെന്ന് വിശ്വസിക്കുന്നവർ ഏറെയാണ് പാർട്ടിക്കുള്ളിൽ. ഇസ്രയേൽ അനുകൂലികളായ പാർട്ടി പ്രവർത്തകർക്കിടയിൽ ഈ വികാരം സുവെല്ലക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അതിനിടയിൽ, സുവെല്ലയ്ക്ക് പകരം ഹോം സെക്രട്ടറി ആയിരിക്കുന്നത് കൂടുതൽ മൃദു സമീപനം കൈക്കൊള്ളുന്ന ജെയിംസ് ക്ലെവർലിയാണ്. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ തുടരണം എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അതേസമയം, വലതുപക്ഷ എം പിമാർ, അതിൽ നിന്നും പിൻവാങ്ങണം എന്ന അഭിപ്രായക്കാരാണ്. ഇവിടെയും സർക്കാർ ചില അനുനയ ശ്രമങ്ങൾക്ക് തയ്യാറായേക്കും എന്ന് ചില കോണുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
യു കെ, യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ തുടരുകയും അതേസമയം സ്ട്രാസ്ബർഗ് കോടതി വിധി വീറ്റോ ചെയ്യുന്നതിനുള്ള അധികാരം ബ്രിട്ടീഷ് പാർലമെന്റിന് നൽകുകയും ചെയ്തുകൊണ്ടുള്ള ഒരു നിയമനിർമ്മാണമായിരിക്കും അതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഒരു പതിറ്റാണ്ടിന് മുൻപ് ഡേവിഡ് കാമറൂൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇത്തരമൊരു ആശയം കൊണ്ടുവന്നിരുന്നു. ഡേവിഡ് കാമറൂണിന്റെ തിരിച്ചു വരവ് ഈ ആശയത്തിനും പുതു ജീവൻ നൽകിയേക്കുമെന്നാണ് ചിലർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ