- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ സൈന്യത്തിന് എത്തിപ്പെടാൻ കഴിയാത്ത ഇടം ഗസ്സയിലില്ല; അൽ ശിഫ അരിച്ചു പെറുക്കി ഇസ്രയേൽ സൈന്യം; വെടിയൊച്ചകൾ കേൾക്കുന്നത് ഹമാസിന്റെ സാന്നിധ്യത്തിന് തെളിവ്; മാനുഷിക ഇടവേളയ്ക്കുള്ള യുഎൻ പ്രമേയവും തള്ളി ഇസ്രയേൽ; ആശുപത്രി യുദ്ധം സമാനതകളില്ലാത്തത്
ഗസ്സാസിറ്റി: ഹമാസുകാരെ ലക്ഷ്യമിട്ട് അൽശിഫ ആശുപത്രിയിൽ ഇസ്രേയൽ സൈന്യം തിരച്ചിലും ഉപരോധവും ശക്തമാക്കി. ആശുപത്രിക്കുള്ളിൽ വെടിയൊച്ച ഇപ്പോഴും കേൾക്കാം. ഹമാസുകാരും ആശുപത്രിയിൽ ഉണ്ടെന്നതിന് തെളിവാണ് ഇത്. ആശുപത്രിയിൽ ആയുധ ശേഖരണമുണ്ടെന്നതിന് തെളിവുകൾ പുറത്തു വന്നിരുന്നു. വലിയ ഏറ്റുമുട്ടലാണ് ആശുപത്രിയിൽ നടക്കുന്നത്. ചികിത്സാ ഉപകരണങ്ങളും ശസ്ത്രക്രിയാവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും പൂർണമായും ഇസ്രയേലി സേന തകർത്തു. അൽശിഫയുടെ കെട്ടിടസമുച്ചയം ഭാഗികമായി തകർന്നെന്നാണ് റിപ്പോർട്ടുകൾ. 22 ഏക്കറുള്ള ആശുപത്രിവളപ്പിൽ യുദ്ധടാങ്കുകളുമായി ദിവസങ്ങളായി നിലയുറപ്പിച്ച സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചത്.
അതിനിടെ ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായിത്തുടരവേ ഗസ്സയിൽ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്ന അടിയന്തരപ്രമേയം യു.എൻ. രക്ഷാസമിതി അംഗീകരിച്ചു. 15 അംഗസമിതിയിൽ മാൾട്ട കൊണ്ടുവന്ന പ്രമേയം മൂന്നിനെതിരേ 12 വോട്ടുകൾക്കാണ് പാസായത്. യു.എസ്., ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നു. പ്രമേയം ഇസ്രയേൽ തള്ളി. യുദ്ധമാരംഭിച്ചശേഷം രക്ഷാസമിതി അംഗീകരിക്കുന്ന ആദ്യ പ്രമേയമാണിത്. ഗസ്സയിലെ സാധാരണക്കാർക്കും കുട്ടികൾക്കും സംരക്ഷണമുറപ്പാക്കുക, മനുഷ്യരെ കവചമാക്കുന്നത് നിർത്തുക, ഉപാധികളില്ലാതെ എത്രയുംപെട്ടെന്ന് ബന്ദികളെ വിട്ടയക്കുക എന്നിവ ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇരുകക്ഷികളോടും അന്താരാഷ്ട്ര മാനുഷികനിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു.
ഇത് വകവയ്ക്കാതെയാണ് അൽശിഫ ആശുപത്രിയിലെ യുദ്ധം. രോഗികൾ, ഡോക്ടർമാർ, അഭയാർഥികൾ തുടങ്ങി ഇരുനൂറോളം പേരെ കണ്ണുമൂടിക്കെട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ചോദ്യംചെയ്യാനാണോ ബന്ദികളാക്കാനാണോ കൊണ്ടുപോയതെന്നകാര്യം വ്യക്തമല്ല. ഡയാലിസിസ് രോഗികളുടെ വാർഡ്, എക്‌സറേ മുറി, ഫാർമസി എന്നിവയും സൈന്യം പിടിച്ചെടുത്തു. അൽശിഫയുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടപ്പെട്ടെന്ന് ഗസ്സയിലെ ആശുപത്രികളുടെ ഡയറക്ടർ ജനറൽ മുഹമ്മദ് സകൂത് പറഞ്ഞു. വാർഡുകളിൽ ഇരച്ചെത്തിയ ഇസ്രയേൽ സൈനികർ ചോദ്യംചെയ്യുന്നതിനായി 16 വയസ്സിനു മുകളിലുള്ളവരോട് കൈപൊക്കാനാവശ്യപ്പെടുകയും ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹകരിക്കാത്തവരെ വെടിവെച്ചിട്ടെന്നും റിപ്പോർട്ടുണ്ട്.
കവാടത്തിലുണ്ടായിരുന്ന നാല് ഹമാസ് അംഗങ്ങളെ വധിച്ചാണ് നൂറിലധികം സൈനികർ അകത്തെത്തിയത്. അൽശിഫ ആശുപത്രിയിൽ ഹമാസിന്റെ താവളങ്ങൾ കണ്ടത്താൻ ഇസ്രയേൽസൈന്യത്തിനായില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, നിലവറകളിൽ നടത്തിയ തിരച്ചിലിൽ തോക്കുകളടക്കമുള്ള ആയുധങ്ങൾ ലഭിച്ചെന്ന് പ്രതിരോധസേന അറിയിച്ചു. എം.ആർ.ഐ. സ്‌കാനിങ് കേന്ദ്രത്തിൽനിന്ന് മൂന്നുബാഗുകൾ കണ്ടെടുത്തു. ഇതിൽ റൈഫിളുകളും ഗ്രനേഡുകളും ഹമാസുകാരുടെ യൂണിഫോമുമുണ്ടായിരുന്നെന്നാണ് വിവരം.
പ്രമേയത്തിൽ യുഎസിനും റഷ്യയ്ക്കും എതിർപ്പ്
ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തെ പ്രമേയം അപലപിക്കാത്തതിനാലാണ് യു.എസും ബ്രിട്ടനും വിട്ടുനിന്നത്. വെടിനിർത്തൽ ആവശ്യം ഉന്നയിക്കാത്തതിനാൽ റഷ്യയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഗസ്സയിൽ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് രക്ഷാസമിതിയിൽ അവതരിപ്പിച്ച നാലുപ്രമേയങ്ങളും കടുത്ത അഭിപ്രായഭിന്നതയെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. യു.എസ്. കൊണ്ടുവന്ന പ്രമേയം റഷ്യയും ബ്രസീൽ കൊണ്ടുവന്നത് യു.എസും വീറ്റോചെയ്യുകയായിരുന്നു. റഷ്യ കൊണ്ടുവന്ന രണ്ടുപ്രമേയങ്ങൾ വേണ്ടത്ര വോട്ടുലഭിക്കാത്തതിനാൽ തള്ളിപ്പോയി.
അതിനിടെ ഗസ്സയിൽ ഹമാസുകാർക്ക് ഇനി സുരക്ഷിത ഇടങ്ങളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ''ഇസ്രയേൽ സൈന്യത്തിന് എത്തിപ്പെടാൻ കഴിയാത്ത ഇടം ഗസ്സയിലില്ല. ഞങ്ങൾ ഗസ്സാസിറ്റിയിൽ കയറില്ലെന്ന് അവർ പറഞ്ഞു. പക്ഷേ, ഞങ്ങൾ കയറി. അൽശിഫയിലും അതുതന്നെ, അവിടെയും ഞങ്ങൾ പ്രവേശിച്ചു'' -നെതന്യാഹു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ