ദോഹ: ഇസ്രയേലുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ഉടനെന്ന് പ്രഖ്യാപിച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യ. ചൊവ്വാഴ്ച റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് ഹനിയ്യ ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തിൽ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ പ്രസ്താവനയിൽ പറയുന്നു. വെടിനിർത്തലിനു ഖത്തറിന്റെ മധ്യസ്ഥതയിലാണു ശ്രമം പുരോഗമിക്കുന്നത്.

കുരുന്നുകളടക്കം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത് ഒരു മാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ- ഹമാസ് യുദ്ധം താൽക്കാലിക വിരാമമാകുമെന്നാണ് സൂചന. താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്നു ഹമാസ് തലവൻ ഇസ്മായിൽ ഹാനിയ്യ പറഞ്ഞതു മേഖലയിൽ ആശ്വാസം പകരുന്നതാണ്.

''ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങൾ. മധ്യസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.'' ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇസ്മായിൽ ഹാനിയ്യ പറഞ്ഞു. കരാർ നടപ്പിലായാൽ, ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിലും തീരുമാനമാകും.

അതേസമയം, എന്തൊക്കെ ധാരണകൾ പ്രകാരമാണ് വെടിനിർത്തലെന്ന കാര്യം വ്യക്തമല്ല. വെടിനിർത്തലിന് ഇസ്രയേൽ പച്ചക്കൊടി കാട്ടിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകുമെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകരമായി, ഇസ്രയേൽ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.

ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളിൽ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിർത്തൽ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ൽ അധികം പേർ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഗസ്സയിലെ സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ ആയിരക്കണക്കിന് കുട്ടികളും ഉൾപ്പെടുന്നു.

ഖത്തറിന്റെ നേതൃത്വത്തിൽ ഊർജിതമായ മദ്ധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്മയിൽ ഹനിയയും ഖത്തറിലാണ്. ബന്ദികളിൽ ചിലരെ വിട്ടയക്കാനും പകരം താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കാനുമുള്ള കരാർ വളരെ ചെറിയ പ്രായോഗിക തടസങ്ങളിൽ തട്ടിനിൽക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി പറഞ്ഞത്. ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഉടൻ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടു.

ദക്ഷിണ ഗസ്സയിൽ അഞ്ച് ദിവസത്തേക്ക് ഇസ്രയേലിന്റെ കരയുദ്ധം നിർത്തിവെയ്ക്കാനും വ്യോമാക്രമണം നിയന്ത്രിക്കാനുമുള്ള കരാറിനായാണ് ശ്രമമെന്ന് ഇതുമായി അടുപ്പമുള്ള വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. ഇതിന് പകരമായി ഹമാസും ഇസ്ലാമിക് ജിഹാദും ബന്ധികളാക്കി വെച്ചിരിക്കുന്ന 50 മുതൽ 100 പേരെ മോചിപ്പിക്കും. ഇസ്രയേലി സിവിലിയന്മാരെയും ബന്ദികളായ മറ്റ് രാജ്യക്കാരെയുമായിരിക്കും ഇങ്ങനെ മോചിപ്പിക്കുക. എന്നാൽ ഇതിൽ സൈനികരുണ്ടാവില്ല. ഇതോടൊപ്പം ഇസ്രയേലി ജയിലിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300 ഫലസ്തീനികളെ മോചിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗസ്സയിലെ രൂക്ഷമായ ആക്രമണത്തിൽ ഇസ്രയേലിനെതിരെ വിമർശനം കടുത്തിരുന്നു. അൽ ഷിഫ ആശുപത്രിക്കു പിന്നാലെ മറ്റൊന്നു കൂടി ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. വടക്കൻ ഗസ്സയിലെ ഇന്തൊനീഷ്യൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 12 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം അൽഷിഫയിൽനിന്ന് ഒഴിപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള 28 നവജാതശിശുക്കളെ ഈജിപ്തിലെത്തിച്ചു. ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ള 250 പേർ ഇപ്പോഴും അൽ ഷിഫയിൽ തുടരുകയാണ്.

ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 5500 കുട്ടികളടക്കം 11,500 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ഗസ്സ പ്രശ്‌നം ചർച്ച ചെയ്യാൻ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ബെയ്ജിങ്ങിലെത്തി. ചൈനയിലെ ചർച്ചകൾക്കുശേഷം സംഘം മോസ്‌കോയിലേക്കു പോകും. അറബ് ലീഗ്ഒഐസി, ഫലസ്തീൻ അഥോറിറ്റി പ്രതിനിധികളും സംഘത്തിലുണ്ട്.