ടോക്യോ: ജപ്പാൻകാരുടെ ഉറക്കം കെടുത്തി കൊണ്ട് ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടരുകയാണ്. ഇന്ന് വീണ്ടും ശരണം കെടുത്തി കൊണ്ട് ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചു. ദക്ഷിണ ജപ്പാനിൽ ഒക്കിനാവ ദ്വീപിലെ ജനങ്ങളെ പരിഭ്രാന്തയിലാഴ്‌ത്തി കൊണ്ട് അടിയന്തര സൈറൺ മുഴങ്ങി. എല്ലാവരും ഷെൽറ്ററുകളിൽ ഒളിച്ചു.

എന്നാൽ, ആപത്തൊന്നും ഉണ്ടായില്ല. പസിഫിക് സമുദ്ര മേഖലയിലേക്ക് മിസൈൽ കടന്നുവെന്നാണ് ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുടെ ഓഫീസ് അറിയിച്ചത്. ഉത്തര കൊറിയയെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും കിഷിദ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചാര ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയതാണെന്നും സൂചനയുണ്ട്. ഈ വർഷം ഇത് മൂന്നാം തവണയാണ് ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ആ രാജ്യം ശ്രമം നടത്തുന്നത്. തെക്കൻ ദിശ ലാക്കാക്കി സൈനിക നിരീക്ഷണ ഉപഗ്രഹം തൊടുത്തുവിട്ടുവെന്നാണ് ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവി അറിയിച്ചത്. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടുവെന്ന് ജപ്പാനും പറയുന്നു.

നവംബർ 22 നും ഡിസംബർ ഒന്നിനും മധ്യേ ഉപഗ്രഹ വിക്ഷേപണം ഉണ്ടാകുമെന്ന് ഉത്തര കൊറിയ നേരത്തെ ജപ്പാനെ അറിയിച്ചിരുന്നു. നേരത്തെ രണ്ടുതവണ ചാര ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഉത്തര കൊറിയ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും ശ്രമം മുറുകിയത്. ഇത്തരം വിക്ഷേപണങ്ങൾ പാടില്ലെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്ക് നിലനിൽക്കെയാണ് ഉത്തര കൊറിയ വീണ്ടും പരീക്ഷണത്തിന് മുതിർന്നത്. മഞ്ഞക്കടലിന്റെയും കിഴക്കൻ ചൈനാ കടലിന്റെയും ദിശയിലാണ് ഉത്തര കൊറിയ ഇന്ന് വിക്ഷേപണം നടത്തിയതെന്ന് ജപ്പാന്റെ തീരദേശ സേന പറഞ്ഞു.

സംശയകരമായ വസ്തുക്കൾ കണ്ടാൽ അകന്നുനിൽക്കണമെന്നും, പൊലീസിനെയോ അഗ്നിരക്ഷാ സേനയെയോ അറിയിക്കണമെന്നും ജപ്പാൻ തദ്ദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അമേരിക്കയുമായുള്ള സംഘർഷത്തിനിടെ, ബഹിരാകാശ കേന്ദ്രീകൃത പര്യവേക്ഷണ സംവിധാനം വേണമെന്നുറച്ചാണ് ഉത്തര കൊറിയൻ നീക്കം. മെയിലും, ഓഗസ്റ്റിലും നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ. ദക്ഷിണ കൊറിയയും, ജപ്പാനും, യുഎസും, ഇത്തരം വിക്ഷേപണങ്ങൾ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തര കൊറിയ അവർ വിക്ഷേപിച്ചത് ഉപഗ്രഹമാണെന്ന് പറഞ്ഞാലും, ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയ ലംഘനമാണെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, തങ്ങൾക്ക് ഇത്തരം സൈനിക ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. ഉപഗ്രഹ വിക്ഷേപണത്തിന്റെ മറവിൽ ഉത്തര കൊറിയ മിസൈൽ സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണെന്നാണ് ആരോപണം.

സമീപകാലത്ത് അമേരിക്കയുടെ ചാര വിമാനം തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതിന് പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണ പരമ്പര. ചാര വിമാനങ്ങൾ കണ്ടാൽ വെടിവെച്ചിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക വിമാനങ്ങൾ നിരീക്ഷണം നടത്തുന്നതെന്നും അമേരിക്ക പറഞ്ഞു.

ഉത്തര കൊറിയയുടെ ആയുധ സംവിധാനം ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള കിംജോങ് ഉൻ ചാര ഉപഗ്രഹങ്ങളാണ് പ്രധാന സൈനിക ആസ്തികളായി കാണുന്നത്. ചാര ഉപഗ്രഹ പദ്ധതിക്ക് റഷ്യൻ സാങ്കേതിക സഹായം ഉണ്ടെന്നും ആരോപണമുണ്ട്. സെപ്റ്റംബറിൽ കിം റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ, ഇരുരാജ്യങ്ങളിലും തമ്മിലുള്ള ആയുധ കരാറിനെ കുറിച്ച് കൂടുതൽ ഊഹാപോഹങ്ങൾ ഉയർന്നു.