- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിയൊച്ചകൾ നിലച്ചതോടെ, ആശ്വാസം; ആദ്യ ഘട്ടമായി 25 ബന്ദികളെ വിട്ടയച്ച് ഹമാസ്; 13 ഇസ്രയേലികളെ കൂടാതെ അപ്രതീക്ഷിതമായി 12 തായ് പൗരന്മാരെയും വിട്ടയച്ചു; പകരം കൈമാറിയത് 39 ഫലസ്തീൻ തടവുകാരെ; വെടിനിർത്തൽ നിലവിൽ വന്നതോടെ ഗസ്സയിലെ അൽഷിഫ ആശുപത്രിയിൽ നിന്ന് പിന്മാറി ഇസ്രയേൽ സേന
യെരുശലേം: നാലുദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് 25 ബന്ദികളെ വിട്ടയച്ചു. 13 ഇസ്രയേലികളെയും, 12 തായ് പൗരന്മാരെയുമാണ് വിട്ടയച്ചത്.
ഇസ്രയേലി ജയിലുകളിൽ കഴിയുന്ന 39 ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കുന്നതിന് പകരമാണ് 13 ഇസ്രയേലി ബന്ദികളെ അയൽരാജ്യമായ ഈജിപ്റ്റിന് കൈമാറിയത്. ഇതിന് പിന്നാലെയാണ് 12 തായ് പൗരന്മാരെ കൂടി വിട്ടയച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രത്ത തവ്‌സിൻ എക്‌സിൽ അറിയിച്ചു. വിട്ടയച്ച പൗരന്മാരെ സ്വീകരിക്കാൻ, ഏംബസി ഉദ്യോഗസ്ഥർ തിരിച്ചതായും അദ്ദേഹം കുറിച്ചു. സുരക്ഷാ വകുപ്പും, വിദേശകാര്യ വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചായും, പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും തവ്‌സിൻ അറിയിച്ചു.
രണ്ടുമാസത്തിന് അടുത്ത് ഹമാസിന്റെ തടങ്കലിൽ കഴിഞ്ഞ ശേഷമാണ് 25 പേരും മോചിതരായത്. നാല് മണിക്ക് ഫലസ്തീൻ തടവുകാരെയും, ബന്ദികളെയും പരസ്പരം കൈമാറുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് തങ്ങളുടെ 12 പൗരന്മാരെയും ഹമാസ് വിട്ടയയ്ക്കുന്നതായി തായ്‌ലൻഡ് അറിയിച്ചത്.
ബന്ദികളെ റെഡ് ക്രോസിനാണ് ഹമാസ് കൈമാറിയത്. ഇവരെ ഗസ്സയുടെ ഈജിപ്റ്റ് അതിർത്തിയായ റഫ വഴി പുറത്തേക്ക് നയിക്കും. ഇസ്രയേലി പൗരന്മാരെ ഈജിപ്റ്റിന്റെ പക്കൽ നിന്ന് ഇസ്രയേലി അധികൃതർക്ക് കൈമാറും. തായ് പൗരന്മാരെ വിട്ടയച്ചതിന് ഈജിപ്റ്റിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാറുമായി ബന്ധമുണ്ടോ എന്നുവ്യക്തമല്ല. ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അവകാശപ്പെട്ടു.
അതേസമയം,വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രയേൽ സേന ഗസ്സയിലെ അൽഷിഫ ആശുപത്രിയിൽ നിന്ന് പിന്മാറി. ഹമാസിന്റെ കമാൻഡ് കേന്ദ്രമാണെന്ന് ആരോപിച്ചാണ് ഇവിടെ ഇസ്രയേൽ സേന കടന്നുകയറിയത്.
സ്വാഗതം ചെയ്ത് സൗദിയും യുഎഇയും
ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യയും യുഎഇയും. ഇതിനായി ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമഫലമായി ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കുന്നതിനും പകരമായി ഗസ്സയിലെ 50 തടവുകാരെ മോചിപ്പിക്കാനും ഉപരോധിച്ച മേഖലകളിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഇസ്രയേൽ ഭരണകൂടവും ഹമാസും നാല് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചത്.
ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നൽകിയതിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ