ഴിഞ്ഞ കുറച്ചു നാളുകളായി യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്ന ലണ്ടൻ തെരുവുകളിൽ ''സ്നേഹമാണ് വെറുപ്പിനേക്കാൾ ശക്തം'' എന്ന മുദ്രാവാക്യമുയർത്തി കൂറ്റൻ ഇസ്രയേൽ അനുകൂല പ്രകടനം. ഒക്ടോബർ 7 ലെ ഭീകരാക്രമണത്തിന് ശേഷം യഹൂദ വിരുദ്ധ വികാരം ശക്തിപ്രാപിച്ചു എന്ന് നടി മൗറീൻ ലിപ്മാൻ ചൂണ്ടിക്കാണിച്ചു. ഈ പശ്ചാത്തലത്തിലാണ് ഒരു ലക്ഷത്തിലേറെ പേർ പങ്കെടുത്ത പ്രകടനത്തിന് പ്രസക്തിയേറുന്നതെന്നും അവർ പറഞ്ഞു.

പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു യഹൂദരോട് സ്നേഹം വിളംബരം ചെയ്യുന്ന പ്രകടനം. മൗറിൻ ലിപ്മാന് പുറമെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയും ഇതിൽ പങ്കെടുത്തിരുന്നു. ടെലിവിഷൻ അവതാരക റേച്ചൽ റിലേ, നടൻ എഢി മാർസൻ, ബ്രോഡ്കാസ്റ്റർ ആയ വനെസ്സം ഫ്ളെറ്റ്സ് എന്നിവരുടെയൊക്കെ സാന്നിദ്ധ്യം പ്രകടനത്തിന്റെ മാറ്റുകൂട്ടി.

നാസിസവും ഫാസിസവും യൂറോപ്പിൽ കൊടികുത്തി വാണിരുന്ന, 1936 കളിലെ ''കേബിൾ സ്ട്രീറ്റ് യുദ്ധ'' ത്തിന് ശേഷം ബ്രിട്ടൻ കാണുന്ന, യഹൂദ വിരുദ്ധതക്ക് എതിരെയുള്ള ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലെ കണ്ടത്. അന്ന്, തലസ്ഥാനത്തെ യഹൂദ കുടുംബങ്ങൾ ഏറെ താമസിച്ചിരുന്ന മേഖലയിലൂടെ സർ ഓസ്വാൾഡ് മോസ്ലിയുടെ ബ്രിട്ടീഷ് യൂണിയൻ ഓഫ്ഫാസിസ്റ്റ്സ് എന്ന സംഘടന നടത്താൻ തീരുമാനിച്ചിരുന്ന മാർച്ചിനെതിരെ പതിനായിരക്കണക്കിന് ബ്രിട്ടീഷുകാരായിരുന്നു പ്രതിഷേധ പ്രകടനവുമായി എത്തിയത്.

ബ്രിട്ടനിൽ യഹൂദ വിരുദ്ധ കുറ്റകൃത്യങ്ങൾ ഏറി വരുന്നു എന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഇന്നലെ ലക്ഷക്കണക്കിന് ആളുകൾ റോയൽ കോർട്ട് ഓഫ് ജസ്റ്റിൽ ഒത്തു ചേർന്ന് ലണ്ടൻ തെരുവുകളിലൂടെ പ്രകടനമായി നീങ്ങിയത്. ഇന്നലെ, ലണ്ടനിൽ തന്നെ നടന്ന മറ്റൊരു പ്രകടനത്തിൽ യഹൂദ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, യഹൂദ അനുകൂല മാർച്ചിൽ പങ്കെടുത്ത ഇംഗ്ലീസ് തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ അറസ്റ്റിലായി. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകനെ മാർച്ചിനിടയിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഈ മാർച്ചിന്റെ സംഘാടകരുമായി കഴിഞ്ഞയാഴ്‌ച്ച തന്നെ പൊലീസ് ബന്ധപ്പെട്ട് റോബിൻസൺ പങ്കെടുക്കുന്നതിലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

സംഘടാകരുടെ അഭ്യർത്ഥന മാനിക്കാതെയായിരുന്നു റോബിൻസൺ മാർച്ചിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ഥലം വിട്ടുപോകണം എന്ന പൊലീസിന്റെ നിർദ്ദേശം അനുസരിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്.