വാഷിങ്ടൻ: അമേരിക്കയിൽ ഫലസ്തീനിയൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്‌പ്പ്. ബർലിങ്ടൻ സിറ്റിയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്നു ഫലസ്തീനിയൻ വിദ്യാർത്ഥികൾക്കു വെടിയേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകിട്ടാണ് നടുക്കുന്ന ആക്രമണമുണ്ടായത്. അക്രമിയെ പിടികൂടാനായില്ല. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാൽ ആക്രമണത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ഹിസാം അവർത്ഥാനി, കിന്നൻ അബ്‌ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. വെടിയേറ്റ രണ്ടുപേർ യുഎസ് പൗരത്വം നേടിയവരും ഒരാൾ നിയമപരമായ താമസക്കാരനുമാണ്. ശനിയാഴ്ച വൈകിട്ട് വെർമണ്ട് യൂണിവിഴ്‌സിറ്റി ക്യാംപസിനു സമീപമായിരുന്നു സംഭവം. വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ ബർലിങ്ടൻ പൊലീസ് തയാറായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വംശീയതയാണ് ആക്രമണത്തിനു കാരണമെന്ന് അമേരിക്കൻ അറബ് ആന്റി ഡിസ്‌ക്രിമിനേഷൻ കമ്മിറ്റി (എഡിസി) ആരോപിച്ചു.

ലഭ്യമായ വിവരം അനുസരിച്ച് കൊല്ലപ്പെട്ട മൂന്നുപേരും കെഫിയ ധരിക്കുന്നവരും അറബിക് സംസാരിക്കുന്നവരുമാണ്. ഇവർക്കു നേരെ ആക്രോശിച്ച അക്രമി ഉടൻ തന്നെ വെടിയുതിർക്കുകയായിരുന്നെന്ന് എഡിസി ഡയറക്ടർ ആബിദ് അയ്യൂബ് പ്രസ്താവനയിൽ പറഞ്ഞു. നല്ല രീതിയിൽ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്ന് വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, കുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.