- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളാണ് നിജ്ജറിന്റെ കൊലപാതകത്തിന് ഉത്തരവാദി; പന്നുനിനെ കൊലപ്പെടുത്താൻ നിങ്ങൾ ഗൂഢാലോചന നടത്തി': ന്യൂയോർക്കിൽ ഇന്ത്യൻ അംബാസഡറെ വളഞ്ഞ് അധിക്ഷേപിച്ച് ഖലിസ്ഥാൻ വാദികൾ
ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിന് നേരേ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ലോങ്‌ഐലന്റിലെ ഹിക്‌സവില്ലെ ഗുരുദ്വാരയിൽ സന്ധു എത്തിയപ്പോഴാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യ ഭീകരരെന്ന് മുദ്ര കുത്തിയ ഹർദീപ് സിങ് നിജ്ജറിനെയും ഗുർപത് വന്ത സിങ് പന്നുവിനെയും പിന്തുണയ്ക്കുന്നവരാണ് അംബാസഡറെ ചോദ്യം ചെയ്യാനും, അധിക്ഷേപിക്കാനും മുതിർന്നത്. ' നിങ്ങളാണ് നിജ്ജറിന്റെ കൊലപാതകത്തിന് ഉത്തരവാദി. പന്നുനിനെ കൊലപ്പെടുത്താൻ നിങ്ങൾ ഗൂഢാലോചന നടത്തി' എന്നിങ്ങനെയായിരുന്നു സന്ധുവിന് നേരേയുള്ള ആക്രോശങ്ങൾ. ഗുർപത് വന്ത് സിങ് പന്നുനിനെ കൊല്ലാൻ തരൺജിത് പദ്ധതിയിട്ടിരുന്നുവെന്നും വിഘടനവാദികളെ അനുകൂലിക്കുന്നവർ ആരോപിച്ചു.ഹിമ്മത്ത് സിങ് എന്നയാളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
സ്ഥിതിഗതികൾ മോശമായതോടെ, അംബാസഡർ വളരെ വേഗം സ്ഥലം വിട്ടു. ഗുരുദ്വാരയ്ക്ക് പുറത്ത് ഒരാൾ പ്രതിഷേധ സൂചകമായി ഖലിസ്ഥാൻ പതാക പറത്തുന്നുണ്ടായിരുന്നു.
Khalistanies tried to heckle Indian Ambassador @SandhuTaranjitS with basless Questions for his role in the failed plot to assassinate Gurpatwant, (SFJ) and Khalistan Referendum campaign.
- RP Singh National Spokesperson BJP (@rpsinghkhalsa) November 27, 2023
Himmat Singh who led the pro Khalistanies at Hicksville Gurdwara in New York also accused… pic.twitter.com/JW5nqMQSxO
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രണ്ടുമാസം മുമ്പ്, യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗ്ലാസ്‌ഗോയിലെ ഗരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഖലിസ്ഥാൻവാദികൾ തടഞ്ഞിരുന്നു. സിഖ് യൂത്ത് യുകെ എന്ന ഇൻസ്റ്റഗ്രാം വീഡിയോയിൽ ഒരു ഖലിസ്ഥാൻ അനുകൂലി അദ്ദേഹത്തിന്റെ വഴി തടയുന്നത് കാണാം. ജൂലൈയിൽ ഒരു ഖലിസ്ഥാൻ ഗ്രൂപ്പ് തീവെപ്പ് നടത്തിയെന്നും വാർത്ത വന്നിരുന്നു. മാർച്ചിൽ കോൺസുലേറ്റിന് നേരേ മറ്റൊരു ആക്രമണം ഉണ്ടായിരുന്നു.
ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം വിഡ്ഢിത്തരമാണെന്ന് ബിജെപി നേതാവ് മഞ്ജിന്ദർ സിങ് സിർസ പ്രതികരിച്ചു. ' ഗുരുപുരബുമായി ബന്ധപ്പെട്ടാണ് തരൺജിത് സിങ് സന്ധു ന്യൂയോർക്കിലെ ഗുരുദ്വാര സന്ദർശിച്ചത്. അവിടെവെച്ച് അദ്ദേഹത്തെ ഖലിസഥാൻ അനുകൂലികൾ വളഞ്ഞു. ഇതാണോ സിഖ് സമൂഹം മുന്നോട്ട് വെയ്ക്കുന്ന ആശയം? ഇതാണോ ഗുരു നാനാക്കിന്റെ സന്ദേശം? അവർ വിഡ്ഢികളാണ് സിഖുകളല്ല'- സിർസ പറഞ്ഞു.
തന്റെ ഗുരുദ്വാര സന്ദർശനത്തെ കുറിച്ച് സന്ധു വളരെ പോസിറ്റീവായ കുറിപ്പാണ് ഇട്ടിരിക്കുന്നത്. ഇത്തരം വെല്ലുവിളികളെ കുറിച്ച് ഇന്ത്യൻ നയതന്ത്രജ്ഞർ ജാഗ്രത പുലർത്തുന്നുണ്ട്. നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരും പരമാവധി ശ്രമിച്ചുവരികയാണ്.
കാനഡയിലും ഖലിസ്ഥാൻ വാദികൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടിയിരിക്കുകയാണ്. വാൻകോവറിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പതിവ് ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് തടസ്സപ്പെടുത്തിയതിന് പിന്നാലെ അത്തരം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണി.
വാൻകൂവറിൽ ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ക്യാമ്പ് ഖലിസ്ഥാൻവാദികൾ തടസ്സപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന്റെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തുന്നതായി ഇന്ത്യ ഔദ്യോഗികമായി തന്നെ കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, കാനഡയുടെ ഭാഗത്ത് നിന്ന് കർശന നടപടികൾ ഉണ്ടാകുന്നില്ല.
എവിടെയെല്ലാം ഇന്ത്യൻ ഉദ്യോഗസ്ഥർ പോയാലും അവിടെയെല്ലാം ഖലിസ്ഥാൻ അനുകൂലികൾ വെല്ലുവിളി ഉയർത്തുമെന്നാണ് വിഘടനവാദി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ ഭീഷണി. സാമൂഹിക സേവന പരിപാടികളുടെ മറവിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ ചാരശൃംഖല കെട്ടിപ്പടുക്കുകയാണെന്നാണ് എസ്എഫ്ജെ ജനറൽ കൗൺസൽ ഗുർപത് വന്ത് പന്നൂൻ പ്രസ്താവനയിൽ പറഞ്ഞത്.
പെൻഷൻ, ഇൻഷുറൻസ്, ബാങ്ക് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ട രേഖകൾ നൽകാനാണ് ഇന്ത്യൻ ഹൈക്കമ്മീഷനും, കോൺസുലേറ്റുകളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 21 ന് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വയ്ക്കാൻ കാരണം ഖലിസ്ഥാൻ അനുകൂലികളുടെ ഇത്തരം പ്രവർത്തനങ്ങളാണ്. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുന്നത് വൈകുമെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്.
മറുനാടന് മലയാളി ബ്യൂറോ