- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ ആശ്വാസത്തിന്റെ രണ്ട് ദിനങ്ങൾക്കൂടി; ഹമാസ് ഇതുവരെ മോചിപ്പിച്ചത് 39 ബന്ദികളെ; ഇസ്രയേൽ കൈമാറിയത് 117 ഫലസ്തീനികളെ; വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറി; ഓരോ പത്ത് ബന്ദികളുടെ മോചനം വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: വെടിയൊച്ചകളും രക്തച്ചൊരിച്ചിലും നിലവിളികളും നിലച്ച ഗസ്സയിൽ ആശ്വാസത്തിന്റെ രണ്ട് ദിനങ്ങൾക്കൂടി. ഗസ്സയിലെ താത്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ഖത്തർ പ്രഖ്യാപനത്തിന് ശേഷം, നിലവിൽ നിബന്ധനകൾക്ക് വിധേയമായി രണ്ട് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി ഹമാസും സ്ഥിരീകരിച്ചു.
ഇസ്രയേലും ഹമാസും ഗസ്സയിൽ തങ്ങളുടെ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സംയുക്തമായി സമ്മതിച്ചതായാണ് ഖത്തർ അറിയിച്ചത് നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗസ്സ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്. നവംബർ 24 ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് താൽക്കാലിക ആശ്വാസമായി പുതിയ പ്രഖ്യാപനം എത്തുന്നത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഒക്ടോബർ ഏഴ് മുതൽ കസ്റ്റഡിയിലുള്ള 240 ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇസ്രയേൽ 150 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും സമ്മതിച്ചിരുന്നു. ഇതുവരെ 39 ഇസ്രയേലി ബന്ദികളെ ഹാമാസും 117 ഫലസ്തീനികളെ ഇസ്രയേലും തടവിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഇസ്രയേലി ബന്ദികളെ കൂടാതെ, ഗസ്സ മുനമ്പിൽ പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള റെഡ് ക്രോസിന് 12 വിദേശ പൗരന്മാരെയും ഹമാസ് കൈമാറിയിരുന്നു.
വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസുമായി ചർച്ച നടന്നത്. അതുപ്രകാരമാണ് വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായത്. ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ അറിയിച്ചെങ്കിലും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിന് 49ആം നാളാണ് അയവ് വന്നത്. കഴിഞ്ഞ 24 മുതലാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് നേരത്തെ ഹമാസ് ആദ്യം മോചിപ്പിച്ചത്. അതേസമയം ഫലസ്തീൻ സ്ത്രീകളും കുട്ടികളും അടക്കം 117 പേരെ ഇസ്രയേൽ മോചിപ്പിച്ചിരുന്നു. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ.
പുതിയ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെ വരെയാണ് വെടിനിർത്തൽ നീട്ടിയത്. ഇത് കൂടുതൽ പേരുടെ മോചനത്തിന് വഴിയൊരുക്കും. അതിന്റെ ഭാഗമായി മോചിപ്പിക്കുന്ന ആദ്യ സംഘം ബന്ദികളുടെ പട്ടിക ഹമാസ് നൽകിയതായി ഇസ്രയേലി ആർമി റേഡിയോ അറിയിച്ചു. പ്രഥമ വെടിനിർത്തൽ ധാരണയുടെ അവസാന ദിവസം ഇസ്രയേലും ഹമാസും വിട്ടയച്ചവരുടെ കൈമാറ്റം പൂർത്തിയായതായി റെഡ് ക്രോസും പറഞ്ഞു. സമയം ദീർഘിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി ഖത്തർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രയേൽ-ഫലസ്തീൻ ജനതയുടെ ദീർഘകാല സുരക്ഷ ഉറപ്പുനൽകാനുള്ള ഏക മാർഗം 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച രാവിലെ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഇസ്രയേലികളും ഫലസ്തീനികളും ഒരുപോലെ സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ള പ്രവർത്തനം ഞങ്ങൾ അവസാനിപ്പിക്കില്ല' ബൈഡൻ കുറിച്ചു.
നേരത്തെ തീരുമാനിച്ച ധാരണയ്ക്ക് പുറമെ പത്ത് ബന്ദികളെ കൂടി മോചിപ്പിച്ചാൽ വെടിനിർത്തൽ ഒരു അധിക ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. എന്നാൽ ഹമാസിനെ നശിപ്പിക്കുകയും ഗസ്സയിലെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്. ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 15,000 ഫലസ്തീനികളെ കൊല്ലപ്പെട്ടേക്കിലും ഹമാസിന്റെ താവളങ്ങൾ കണ്ടെത്താനോ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരാനോ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 240ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ഇതിൽ വിദേശ പൗരന്മാരും ഉൾപ്പെട്ടിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളിൽനിന്ന് വലിയ തോതിലുള്ള സമ്മർദ്ദമാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ ഉണ്ടായിരുന്നത്. അതാണ് ഹമാസുമായുള്ള വെടിനിർത്തൽ കരാറിലേക്ക് എത്താൻ ഇസ്രയേലിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.
മറുനാടന് ഡെസ്ക്