ലണ്ടൻ: യു കെ യുടെ അതിർത്തികളുടെ നിയന്ത്രണം ഫലവത്തായി നടപ്പാക്കുന്നതിൽ ഋഷി സുനക് പരാജയപ്പെട്ടുവോ ? അഭയാർത്ഥികളായി എത്തിയ 17,000 പേർ എവിടെയാണെന്ന് അറിയില്ല എന്ന ഹോം ഓഫീസിന്റെ കുറ്റസമ്മതം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു. ഇവരുടെ എല്ലാം അഭയാർത്ഥിത്വത്തിനുള്ള അപേക്ഷകൾ പിൻവലിച്ചവയാണെന്ന ഹോം ഡിപ്പാർട്ട്മെന്റിന്റെ വെളിപ്പെടുത്തൽ, കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.

റുവാണ്ട പദ്ധതി നിർത്തലാക്കേണ്ടി വന്നതും, അഭയം തേടി എത്തുന്നവരെ പാർപ്പിക്കാൻ ഹോട്ടൽ ചെലവ് വർദ്ധിക്കുന്നതുമൊക്കെ ചൂടേറിയ ചർച്ചയാകുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്. ഋഷി സുനക് സർക്കാരിന് അതിർത്തികളിലെ നിയന്ത്രണം നഷ്ടമാകുന്നതായി ലേബർ നേതാവ് കിയർ സ്റ്റാർമറും ആരോപിച്ചു. ഹോം അഫയർ സെലെക്ട് കമ്മിറ്റി മീറ്റിംഗിൽ കൺസർവേറ്റീവ് എം പി റ്റിം ലോഫ്ടൺ ആയിരുന്നു ഇത് സംബന്ധിച്ച ചോദ്യം ഉയർത്തിയത്.

2023 സെപ്റ്റംബറിൽ അവസാനിച്ച ഒരു വർഷത്തിൽ എന്തുകൊണ്ടാണ് 17,316 അഭയാർത്ഥികൾ അവരുടെ അപേക്ഷകൾ പിൻവലിച്ചത് എന്നായിരുന്നു ചോദ്യം. അപേക്ഷ പിൻവലിച്ചവർ ഇപ്പോൾ എവിടെയുണ്ടെന്ന് സർക്കാരിന് അറിയാമോ എന്നും അദ്ദെഹം ചോദിച്ചു. ഇത് ഒരു യാദൃശ്ചിക സംഭവമല്ലെന്നും ഇത്തരത്തിൽ അഭയാർത്ഥികൾ ഒളിവിൽ പോയ പഴയ കേസുകളിൽ അന്വേഷണം നടക്കുകയാണ് എന്നും ഹോം ഓഫീസിലെ ഇന്റെറിം സെക്കന്റ് പെർമെനന്റ് സെക്രട്ടറി സൈമൺ റിഡ്ലി മറുപടി നൽകി.

ലോഫ്ടണിന്റെ ചോദ്യത്തിൽ പരാമർശിച്ച 17,316 പേർ എവിടെയുണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം മറുപടി നൽകി. സുപ്രീം കോടതി റുവാണ്ടൻ പദ്ധതി തള്ളിക്കളഞ്ഞതിനെ തുടർന്ന് പുതിയൊരു കരാർ പ്രാബല്യത്തിൽ വരുത്താൻ ഹോം ഓഫീസ് ഉദ്യോഗസ്ഥർ ഇപ്പോൾ റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ ഉണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഹോം ഓഫീസ് പെർമെനന്റ് സെക്രട്ടറി സർ മാത്യു റൈക്രോഫ്റ്റ് എം പിമാരോട് പറഞ്ഞു.

2022 ഏപ്രിലിൽ റുവാണ്ടൻ പദ്ധതിക്കായി 140 മില്യൻ പൗണ്ട് നൽകിയത് പരാമർശിച്ച എം പിമാർ, ഈ പദ്ധതിക്കായി ഇനിയും എത്ര തുക പൊതുഖജനാവിൽ നിന്നും നൽകേണ്ടി വരുമെന്നും ചോദിച്ചു. എന്നാൽ അക്കാര്യം വ്യക്തമായി ഇപ്പോൾ പറയാനാവില്ല എന്നായിരുന്നു ഹോം ഡിപ്പാർട്ട്മെന്റിന്റെ പ്രതികരണം. ഈ വേനലിൽ ഡിപ്പാർട്ട്മെന്റിന്റെ വാർഷിക റിപ്പോർട്ട് വന്നതിനു ശേഷം മാത്രമെ അക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളു എന്നും പെർമെനന്റ് സെക്രട്ടറി അറിയിച്ചു.