ലണ്ടൻ: ഇതുവരെയുള്ളതൊക്കെ മതി, ഇനിയും സഹിക്കാനാവില്ല എന്നാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറയാതെ പറയുന്നത്. കുടിയേറ്റ തോത് റെക്കോർഡ് അളവിൽ വെട്ടിക്കുറയ്ക്കാൻ കർശനമായ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള വിദേശികളുടെ ഒഴുക്കിനെ തടയിടാനുള്ള കടുത്ത നടപടികൾ ഹോം സെക്രട്ടറി ജനപ്രതിനിധി സഭയിൽ പ്രഖ്യാപിച്ച അഞ്ചിന പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നു.

അതിൽ ഏറ്റവും പ്രധാനം സ്‌കിൽഡ് വർക്കർ വിസയിൽ യു കെയിൽ എത്തുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 26,000 പൗണ്ടിൽ(27,40,865 രൂപ) നിന്നും 38,700 പൗണ്ട് (40,79,672 രൂപ)ആക്കി എന്നതാണ്. അതിനു പുറമെ, കെയർ വർക്കർമാർക്ക് ഇനി മുതൽ അവരുടെ കുടുംബത്തെ യു കെയിലേക്ക് കൊണ്ടുവരാനും കഴിയില്ല. ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റ് പുനപരിശോധിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യും. അതിനൊപ്പം ബ്രിട്ടനിൽ നിലവിലുള്ള ശമ്പളത്തിൽ നിന്നും 20 ശതമാനം കുറഞ്ഞ ശമ്പളത്തിൽ വരെ വിദേശത്തുനിന്നും ആളുകളെ റിക്രൂട്ട് ചെയ്യാം എന്ന നിയമം എടുത്തു കളയുകയും ചെയ്യും.

നെറ്റ് ഇമിഗ്രേഷൻ നിരക്ക് വളരെ കൂടുതലാണെന്നും, അത് കുറയ്ക്കുന്നതിനായി, ഇതിനു മുൻപ് ഒരു സർക്കാരും കൈക്കൊള്ളാത്തത്ര കർശന നടപടികളാണ് ഈ സർക്കാർ കൈക്കൊള്ളുന്നതെന്നും ക്ലെവർലി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചിരുന്ന, സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിരോധനം മൂലം പ്രതിവർഷം ഏകദേശം 3 ലക്ഷത്തോളം കുടിയേറ്റങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നും ക്ലെവർലി ചൂണ്ടിക്കാട്ടി. 2022 ലെ നെറ്റ് ഇമിഗ്രേഷൻ സർവ്വകാല റെക്കോർഡ് ആയ 7,45,000 ൽ എത്തിയിരുന്നു.

കഴിഞ്ഞ മാസം ഹോം സെക്രട്ടറി ആയി നിയമിക്കപ്പെട്ട ക്ലെവർലി പറയുന്നത് ഈ നടപടികൾ എടുക്കാൻ വൈകിയെന്നും, എന്നാൽ സർക്കാർ ഇനിയും കൂടുതൽ നടപടികളിലേക്ക് നീങ്ങിയേക്കാം എന്നുമാണ്. അതേസമയം, ഒരു വർഷം ബ്രിട്ടനിലേക്ക് വരാവുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിന് എന്തുകൊണ്ട് ക്ലെവർലി ഒരു പരിധി നിശ്ചയിക്കുന്നില്ല എന്നായിരുന്നു മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഉൾപ്പടെയുള്ള എം പി മാർ ചോദിച്ചത്. മാത്രമല്ല, ഈ നടപടികൾ ഒരു വർഷം മുൻപ്, അല്ലെങ്കിൽ കുറഞ്ഞത് ആറു മാസം മുൻപെങ്കിലും എടുത്തിരുന്നെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുൻപായി നെറ്റ് ഇമിഗ്രേഷനിലെ കുറവ് ദൃശ്യമാകുമായിരുന്നു എന്നും സുവെല്ല ചൂണ്ടിക്കാട്ടി.

ഇപ്പോൾ എടുക്കുന്ന നടപടികളിൽ ചിലതിന്റെ ഫലം ദൃശ്യമാകാൻ 2025 വരെ കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞ സുവെല്ല ബ്രേവർമാൻ, ഓരോ വർഷവും ബ്രിട്ടനിലെക്ക് വരാവുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ചതിന് സമാനമായ നടപടികൾ കഴിഞ്ഞ വർഷം ചുരുങ്ങിയത് ആറു തവണയെങ്കിലും താൻ നിർദ്ദേശിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇതിൽ പല നടപടികളും വരുന്ന വസന്തകാലത്തോടു കൂടി മാത്രമെ നടപ്പാക്കാൻ ഇടയുള്ളു.

സോഷ്യൽ കെയർ വർക്കർമാരുടെ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിരോധനം വഴി കുടിയേറ്റക്കാരുടെ എണ്ണം 1 ലക്ഷത്തോളം കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് ഈ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. അതുപോലെ, യു കെയിൽ സ്‌കിൽഡ് വിസ റൂട്ടിലോടെ ജോലിക്ക് വരണമെങ്കിൽ ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആക്കിയതും കുടിയേറ്റത്തിന്റെ തോത് കാര്യമായി കുറയ്ക്കും. കഴിഞ്ഞ വർഷം ഇത് നടപ്പിലാക്കിയിരുന്നെങ്കിൽ ചുരുങ്ങിയത് 3 ലക്ഷം പേരെങ്കിലും യു കെയിലെക്ക് വരില്ലായിരുന്നു എന്നാണ് ക്ലെവർലി പാർലമെന്റിൽ പറഞ്ഞത്.

എന്നാൽ, ഈ മിനിമം ശമ്പളം എന്ന മാനദണ്ഡത്തിൽ നിന്നും ഹെൽത്ത്, സോഷ്യൽ കെയർ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു സുപ്രധാന നീക്കം നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന വിദേശ തൊഴിലാളികൾക്ക് അവരുടെ കുടുംബാംഗങ്ങളെ ഫാമിലി വിസയിൽ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടതാണ്. ഇനി മുതിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ ഫാമിലി വിസയിൽ കൊണ്ടു വരണമെങ്കിൽ നിങ്ങൾക്ക് ചുരുങ്ങിയത് 38,000 പൗണ്ട് ശമ്പളം ആവശ്യമാണ്. നേരത്തെ ഇത് 18,600 പൗണ്ട് ആയിരുന്നു.

കെയർവർക്കർമാർക്ക് ആശ്രിതരെകൂടെ കൊണ്ടുവരുന്നതിന് പൂർണ്ണമായ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 1 ലക്ഷം കെയർവർക്കർമാർക്കൊപ്പം എത്തിയത് 1,20,000 ആശ്രിതരായിരുന്നു എന്ന് ക്ലെവർലി പാർലമെന്റിൽ വെളിപ്പെടുത്തി. ഈ നിയമം വഴി സോഷ്യൽ കെയർ മേഖലയിൽ ജീവനക്കാർക്ക് ക്ഷാമം അനുഭവപ്പെടുമെന്ന് കരുതുന്നില്ല എന്നും ക്ലെവർലി പറഞ്ഞു. ഈ കുടിയേറ്റ നിരോധന നടപടികളിൽ നിന്നും ബ്രിട്ടീഷ് യുവാക്കൾ പ്രയോജനം ഉൾക്കൊള്ളണമെന്ന് പറഞ്ഞ ക്ലെവർൽ, ദീർഘകാലാടിസ്ഥാനത്തിൽ ഈ നടപടികൾ ബ്രിട്ടീഷ് യുവജനങ്ങൾക്കായി ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.

ഇതിനെല്ലാം പുറമെ ഹെൽത്ത് ഇമിഗ്രേഷൻ സർച്ചാർജ്ജ് 66 ശതമാനം വർദ്ധിപ്പിച്ചു. 624 പൗണ്ട് ആയിരുന്ന സർചാർജ്ജ് 1035 പൗണ്ട് ആക്കിയാണ് ഉയർത്തിയിരിക്കുന്നത്. അതുപോലെ, വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രണ്ടു വർഷം കൂടി ബ്രിട്ടനിൽ തുടരാൻ വിദ്യാർത്ഥികൾക്ക് അനുവാദം നൽകുന്ന ഗ്രാഡ്വേറ്റ് റൂട്ടും പുന പരിശോധിക്കും.