- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ പോയത് പോലെയാകുമോ ബ്രിട്ടീഷ് വിസയും? ആട് ജീവിതം തേടിയെത്തുന്നവർ സൗജന്യ ഭക്ഷണത്തിനു ഫുഡ് ബാങ്കിൽ എത്തിയതും കണക്കിലെടുത്തു; മലയാളികൾ നിരാശരാകും; ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
ലണ്ടൻ: ഇന്നലെ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച യുകെ കുടിയേറ്റ നിർദേശങ്ങൾ ഏറ്റവും അധികം ബാധിക്കുക മലയാളികളെ തന്നെ ആയിരിക്കും. കഴിഞ്ഞ ഏതാനും വർഷമായി സ്റ്റുഡന്റ് വിസയിലും കെയർ വിസയിലുമായി പതിനായിരക്കണക്കിന് മലയാളികൾ എത്തിയത് പഠിക്കുവാനോ കെയർ ജോലി ചെയ്യുവാനോ ഉള്ള ഇഷ്ടം കൊണ്ടല്ല മറിച്ചു എങ്ങനെയും യുകെയിൽ കുടിയേറി ജീവിക്കുക എന്ന ലക്ഷ്യത്തോടെ ആണെന്നാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലിയുടെ വാക്കുകൾ തെളിയിക്കുന്നത്.
യുകെ പോലൊരു വികസിത രാജ്യത്തെ ജീവിത ഗുണനിലവാരം പുലർത്താൻ ഇത്തരത്തിൽ എത്തുന്നവർക്ക് സാധിക്കില്ല എന്ന് തെളിയിക്കാൻ ഫുഡ് ബാങ്കിന് മുന്നിൽ കണ്ട ക്യൂ മുതൽ ബ്രിട്ടീഷ് കോടതിയിൽ എത്തികൊണ്ടിരിക്കുന്ന ക്രിമിനൽ കേസുകൾ വരെ സർക്കാരിന് മുന്നിലുണ്ട്. കെയർ വിസയിൽ 25 ലക്ഷത്തിനും മുകളിൽ നൽകി എത്തുന്നവരോട് പ്രതീക്ഷിക്കുന്ന ജീവിതമല്ല യുകെയിലേത്, കെയർ ജോലിയിൽ കിട്ടുന്ന ശമ്പളം ചെലവിനു പോലും തികയില്ല എന്ന് പറയുമ്പോൾ ഇതിലും കഷ്ടപ്പാടുകൾ സഹിച്ച ഗൾഫ് ജീവിതം കണ്ടവരല്ലേ മലയാളികൾ എന്നായിരുന്നു മറുപടി.
വളരെ നിസാരവൽക്കരിച്ചു മലയാളികൾ നൽകിയ മറുപടി തന്നെയാകും ഭാവിയിൽ യുകെയിലെ വിസ നിയമങ്ങളിലും കാത്തിരിക്കുക. ഒരു പക്ഷെ നിശ്ചിത തുകയിൽ കുറഞ്ഞ ശമ്പളം ഉള്ളവർക്ക് യുകെയിൽ ഒരിക്കലും സ്ഥിര താമസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടും വിധമുള്ള നിയമങ്ങളിലേക്ക് കൂടി എത്തിപ്പെടാൻ വഴി തുറക്കുന്നതാണ് ഇന്നലെ ബ്രിട്ടീഷ്, പാർലിമെന്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ.
അങ്ങനെയെങ്കിൽ ഗൾഫ് രാജ്യങ്ങളിലെപോലെ യുകെയിൽ വരുക, ജോലി ചെയ്യുക, മടങ്ങി പോകുക എന്ന സാഹചര്യങ്ങളിലേക്ക് കുടിയേറ്റ നിയമം എത്തപ്പെടുമോ എന്നതാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്ന പ്രധാന ചോദ്യം. യുകെയിൽ കുടുംബവുമായി പൗരത്വം ഇല്ലാതെ ജീവിക്കാൻ മികച്ച വരുമാനമുള്ള ജോലി വേണമെന്ന വാദം സർക്കാർ ഉയർത്തിയാൽ അതിനെ നേരിടാൻ കോടതിയിൽ പോലും പ്രയാസമായേക്കും.
അതിനിടെ കെയർ വിസ ജോലികൾ നിയന്ത്രിക്കപ്പെടുമ്പോൾ നിലവിൽ യുകെയിൽ ജോലി ചെയ്യുവർക്ക് ശമ്പളം ഉൾപ്പെടെ വർധിക്കാൻ ഉള്ള അനുകൂല ഘടകവും നിലനിൽക്കുന്നുണ്ട്. കെയർ ഹോമുകളിൽ നിശ്ചിത എണ്ണം ജീവനക്കാർ വേണമെന്നതു നിർബന്ധം ആയതിനാൽ കെയർ ജീവനക്കാർക്കുള്ള പിടിവലിയാകും വരും നാളുകളിൽ കാണാനാവുക. ഇത് മുൻകൂട്ടി കണ്ടു പല കമ്പനികളും ഇപ്പോൾ തന്നെ ശമ്പള വർധന സൂചന നൽകിക്കഴിഞ്ഞു.
കൂടാതെ അധിക ആനുകൂല്യ പാക്കേജുകളും എത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എങ്ങനെയും പരിചയ സമ്പന്നരായ ജീവനക്കാരെ പിടിച്ചു നിർത്തുക എന്നതാകും കമ്പനികളുടെ പ്രധാന ലക്ഷ്യം. കാരണം പുതുതായി വിദേശത്തു നിന്നും പഴയതു പോലെ ആളെ ലഭിക്കാതാകുന്ന സാഹചര്യം കെയർ ഹോം ബിസിനസ് വരും നാളുകളിൽ കാത്തിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും.
യുകെ തേടി വന്ന മലയാളികൾ തയ്യാറായത് ആട് ജീവിതത്തിന്
ഈ മനോഭാവം തന്നെയാണ് ഇപ്പോൾ വിസ നിയന്ത്രണങ്ങളിൽ തിരിച്ചടി ആയി മാറിയതും. സ്റ്റുഡന്റ് വിസയിലും കെയർ വിസയിലും എത്തിയവർ യുകെയിൽ എത്തി ജീവിതം കരുപ്പിടിക്കും മുൻപ് തന്നെ കുടുംബത്തെ കൂടി കൂടെ കൂട്ടിയാണ് യുകെയിൽ വിമാനമിറങ്ങിയത്. തുടർന്ന് താമസിക്കാൻ ഇടമോ കഴിക്കാൻ ഭക്ഷണമോ പോലും ഇല്ലാതെ കൗൺസിലുകളെ സഹായിച്ചവരും സാൽവേഷൻ ആർമി പോലെയുള്ള ചാരിറ്റി സംഘടനകളെ സമീപിച്ചവരും ആയിരങ്ങളാണ്. ഇതിന്റെയെല്ലാം കണക്കുകൾ അടുത്തിടെ പുറത്തു വന്നതും ഹോം ഓഫിസ് സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തിയിരുന്നു.
അൺ സ്കിൽഡ് ജോബ് എന്നറിയപ്പെടുന്ന കൈത്തൊഴിലുകൾ തേടി നാൽപതും അൻപതും വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ പോയി ആട് ജീവിതം നയിച്ച മലയാളി മനോഭാവത്തോടെയാണ് കഴിഞ്ഞ വർഷങ്ങളിൽ എത്തിയ മലയാളികൾ യുകെയിൽ ജീവിതം ആരംഭിക്കാൻ തയ്യാറെടുപ്പ് നടത്തിയത്. പ്രൊഫഷണൽ ജോലികളിൽ മികച്ച ശമ്പളത്തോടെ തൊഴിൽ വിസ ലഭിച്ചവരുടെ ജീവിതം കണ്ടു മോഹിച്ചാണ് ഇപ്പോൾ പഠിക്കേണ്ട വിഷയം ഏതെന്നു പോലും അറിയാതെയും അടിസ്ഥാന ശമ്പളം മാത്രമുള്ള ജോലിയാണ് എന്നറിഞ്ഞിട്ടും സ്റ്റുഡന്റ് വിസയിലും കെയർ വിസയിലും പതിനായിരങ്ങൾ യുകെയെ തേടി എത്തിയത്.
''വ്യാജ വിദ്യാർത്ഥികൾ'' യുകെയിൽ എത്തിയത് കെയർ ഹോം ജോലിക്ക് വേണ്ടി
സ്റ്റുഡന്റ് വിസയിൽ വന്നവർ അനേകം പേരാണ് വ്യാജ സർട്ടിഫിക്കറ്റുകളുമായി യുകെയിൽ കാലുകുത്തിയത്. യുകെയിൽ എത്തിയ ശേഷം ഒരൊറ്റ ദിവസം പോലും കാമ്പസിൽ എത്താത്തവരും ഏറെയാണ്. കാമ്പസിൽ പോയവരിൽ ആയിരങ്ങളാണ് ആദ്യ സെമസ്റ്റർ ഫീസ് അടച്ചു എന്ന പേരിൽ യൂണിവേഴ്സിറ്റിയിൽ കറങ്ങി നടന്നത്.
പിന്നീട് ഇവരെ കാണാൻ ഇടയായത് കെയർ ഹോമുകളിലാണ്. വിസ സ്വിച്ചിങ് എന്ന കുറുക്ക് വഴിയിൽ ഇരകളെ തേടി സോളിസിറ്റർമാരും വിസ ഏജന്റുമാരും കെയർ ഹോമുകളും ഒന്നിച്ചതോടെ ആയിരക്കണക്കിന് പൗണ്ട് മുടക്കിയാണ് സ്റ്റുഡന്റ് വിസയിൽ വന്നവർ കെയർ ഹോമിൽ കെയർ അസിസ്റ്റന്റ് ആയി മാറിയത്. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാട്ടാതെ എങ്ങനെയും യുകെയിൽ കഴിയുക എന്നത് മാത്രമായിരുന്നു ഇത്തരക്കാരുടെ ഉദ്ദേശം എന്നത് പിന്നീട് ഉണ്ടായ പരാതികൾ തെളിയിച്ചതുമാണ്. ജോലിയിൽ കയറി ആറു മാസം തികയും മുൻപ് ഇങ്ങനെ ജോലി നഷ്ടമായ സ്വിച്ചിങ് വിസക്കാർ പിന്നീട് പ്രത്യക്ഷപ്പെട്ടത് വിസ ഏജൻസികൾ ചതിച്ചു എന്ന പരാതിയുമായാണ്.
ഇത്തരം വാർത്തകൾ ബ്രിട്ടീഷ് മലയാളി നൽകി തുടങ്ങിയതോടെയാണ് സ്റ്റുഡന്റ് വിസ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്ന വിവരം പുറത്തെത്താൻ കാരണമായത്. ഇതോടെ നല്ല നിലയിൽ പഠിക്കാൻ ആഗ്രഹിക്കുകയും യുകെയിൽ എത്താൻ സാധ്യത ഉള്ളവരുമായവരുടെ വഴി മുടക്കാൻ മാത്രമാണ് ''വ്യാജ സ്റ്റുഡന്റ് വിസ'' സംഘടിപ്പിച്ചവർ നൽകിയ സംഭാവനയെന്നു വ്യക്തം. ബ്രിട്ടൻ മുന്നോട്ട് വച്ച ബ്രൈറ്റ് ആൻഡ് ബ്രില്യന്റ് എന്ന ആശയമാണ് കെയർ ഹോം ജോലി ലക്ഷ്യമിട്ട് യുകെയിൽ പഠിക്കാൻ വീടും സ്ഥലവും പണയം വച്ച് യുകെയിൽ എത്തിയ മലയാളി യുവ തലമുറ അട്ടിമറിച്ചത്.
മാത്രമല്ല ഒട്ടേറെ യൂണിവേഴ്സിറ്റിയുടെ സ്കോറിങ് പോലും മലയാളി വിദ്യാർത്ഥികൾ മുഖേനെ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. പല കോഴ്സുകളിലും വിദ്യാർത്ഥികൾ എത്താതായതോടെ ഉപേക്ഷിക്കാൻ തയ്യാറായ യൂണിവേഴ്സിറ്റികളും കുറവല്ല. ഇത്തരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇരച്ചെത്തിയ വിദ്യാർത്ഥി വിസക്കാർ കഴിഞ്ഞ രണ്ടോ മൂന്നോ വർഷം കൊണ്ട് ബ്രിട്ടീഷ് കുടിയേറ്റത്തിനു നൽകിയ സംഭാവന. ഇതാകട്ടെ കേരളത്തിൽ സ്റ്റുഡന്റ് അഡൈ്വസ് ഏജൻസികൾ നൽകിയ തെറ്റായ വിവരത്തിൽ വീണു പോയതുകൊണ്ടും പഠിക്കാൻ സമർത്ഥർ അല്ലെങ്കിലും ട്രെന്റിന് ഒപ്പം നീങ്ങിയില്ലെങ്കിൽ മോശമല്ലേ എന്ന ചിന്തയും കൂടി വന്നപ്പോൾ സംഭവിച്ച ദുരന്തം കൂടിയാണ് എന്നും വ്യക്തം.
കെയർ വിസ സംഘടിപ്പിച്ചു വന്നവർ എത്തിയത് ഊരാക്കുടുക്കിലേക്ക്
സ്റ്റുഡന്റ് വിസയിൽ വന്നവരേക്കാൾ ദുരിതമാണ് കെയർ വിസയിൽ വന്നവർ യുകെയിൽ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടേണ്ട കെയർ വിസയിൽ ഉള്ള ജോലിക്കായി മധ്യ വയസ് പിന്നിട്ടിവരും ശാരീരിക അസ്വസ്ഥതകൾ ഉള്ളവരും ഒക്കെയാണ് കൊടും തണുപ്പേറിയ രാജ്യത്തെ കാഠിന്യം നിറഞ്ഞ ജോലി സാഹചര്യത്തിലേക്ക് വിമാനമിറങ്ങിയത്. ഇതിൽ തന്നെ കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി ഡൊമൈസിലറി കെയർ വിസ എന്ന തട്ടിപ്പിലേക്ക് മലയാളികാൾ പണമെറിഞ്ഞത് യുകെയിൽ കാത്തിരിക്കുന്ന സുന്ദര ജീവിതം സ്വപ്നം കണ്ടാണ്. അഭിഭാഷകർ, ഡെന്റിസ്റ്റുകൾ, അദ്ധ്യാപകർ, ബാങ്ക് ജീവനക്കാർ മുതൽ കരാർ വ്യവസ്ഥതയിൽ സർക്കാർ ജോലികൾ ചെയ്തവർ വരെയാണ് ആരോഗ്യ രംഗത്തെ തൊഴിൽ മേഖലയുമായി പുല ബന്ധം പോലും ഇല്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു കെയർ ഹോമുകളിലും ഡോം കെയർ വിസയിലും യുകെയെ തേടിയെത്തിയത്.
ഏതെങ്കിലും ആശുപത്രികളുടെയോ വൃദ്ധ സാദനങ്ങളുടെയോ ലെറ്റർ ഹെഡിൽ വർഷങ്ങളുടെ തൊഴിൽ പരിചയം കാണിച്ചാണ് ഇവരിൽ നല്ല പങ്കും യുകെ വിസ സംഘടിപ്പിച്ചത്. പ്രതിമാസം 1500 പൗണ്ട് പരമാവധി ലഭിക്കുന്ന ജോലിക്ക് വേണ്ടി കുടുംബത്തെ കൂട്ടി വന്നപ്പോളാണ് എത്ര ചുരുക്കി ജീവിച്ചാലും യുകെയിലെ സമകാലിക ജീവിത ചെലവ് 2000 പൗണ്ടിന് മുകളിലേക്കും ഉയരുകയാണ് എന്ന് ഇവരൊക്കെ തിരിച്ചറിഞ്ഞത്. ഇങ്ങനെ കെണിയിൽ വീണവരാണ് കൃത്യമായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങിയത്.
മാത്രമല്ല ഇത്തരക്കാരിൽ നിന്നും നിരന്തരം സഹായം തേടി ചാരിറ്റി സംഘടനകളിലും വിളികൾ വന്നതോടെ അഭയാർത്ഥികളെ പോലെ വന്നവരാണ് വിസ നേടി തൊഴിൽ ചെയ്യാൻ വന്നവരും എത്തിയ സാഹചര്യം എന്ന് സർക്കാരിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് മാന്യമായ ജീവിതം നയിക്കാൻ ഉള്ള ശമ്പളം ലഭിക്കാത്തവർ യുകെയിൽ കുടുംബവുമായി ജീവിക്കാൻ ഒരുങ്ങി പുറപ്പെടേണ്ട എന്ന് സർക്കാർ നിർദ്ദേശം നൽകാൻ ഇടയായത് എന്നും വിലയിരുത്തപ്പെടുന്നു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.