ലണ്ടൻ: സ്റ്റുഡന്റ്, കെയർ യുകെ വിസകളിൽ മലയാളികൾ കാട്ടുന്ന ദുരുപയോഗം ഒടുവിൽ തിരിച്ചടിയാകും എന്ന മുന്നറിയിപ്പ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സ്റ്റുഡന്റ് വിസ നിയന്ത്രണത്തിന് പിന്നാലെ ഇന്നലെ പാർലിമെന്റിൽ കെയർ വിസയിൽ എത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി. മാസങ്ങൾക്ക് മുൻപ് ആഭ്യന്തര സെക്രട്ടറി ആയിരുന്ന സ്യുവേല ബ്രെവർമാൻ തയ്യാറാക്കിയ പ്ലാൻ അതേപടി അവതരിപ്പിക്കുക ആയിരുന്നു പുതിയ ഹോം സെക്രട്ടറി.

ഈ നിയന്ത്രണം സംഭവിക്കാൻ പോകുകയാണ് എന്ന് മാസങ്ങൾക്ക് മുൻപ് ടൈംസ് ദിനപത്രം മന്ത്രിയുടെ ഓഫിസിൽ നിന്നും ചോർത്തിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. റെക്കോർഡ് എണ്ണം കുടിയേറ്റക്കാർ ആശ്രിതരായി എത്തിയതാണ് സ്റ്റുഡന്റ് വിസക്ക് പിന്നാലെ കെയർ വിസയ്ക്കും നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായിരിക്കുന്നത്. ഈ രണ്ടു വിസ റൂട്ടിലും ഏറ്റവും അധികം ദുരുപയോഗം ചെയ്തവരിൽ ഒന്നാം സ്ഥാനമാണ് മലയാളികൾക്ക് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുടിയേറ്റക്കാരുടെ എണ്ണം കൃത്യമായി കുറയ്ക്കണം എന്ന ഉദ്ദേശത്തോടെ പാർലമെന്റിൽ അവതരിപ്പിച്ച നിർദ്ദേശത്തിൽ പ്രധാനമായും കുടുംബ അംഗങ്ങൾ ഉൾപ്പെടെയുള്ള ആശ്രിതരെ യുകെയിൽ എത്തിക്കണമെങ്കിൽ കുറഞ്ഞത് 37,500 പൗണ്ട് വാർഷിക ശമ്പളം വേണമെന്ന നിർദ്ദേശമാണ് മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർക്ക് പാരയായി മാറുന്നത്. യുകെയിൽ ഒട്ടു മിക്ക ജോലികൾക്കും തുടക്ക ശമ്പളം 35,000 പൗണ്ടിൽ താഴെ ആയിരിക്കും എന്നതിനാൽ ഇനിയാരും വിസ റൂട്ട് ചൂഷണം ചെയ്യരുത് എന്ന ധാരണയിൽ തന്നെയാണ് സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

ആരോഗ്യ രംഗത്ത് കടുത്ത ആൾക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിൽ ജോലിക്ക് വരുന്നവർക്ക് നിയന്ത്രണം ബാധകമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാൽ സ്വകാര്യ കെയർ ഹോമുകളിൽ ജോലിക്ക് എത്തുന്ന കെയർ വിസക്കാർക്ക് നിയന്ത്രണം ബാധകമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. വാസ്തവത്തിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണം ഏറെക്കുറെയും ഈ വിസ സ്വന്തമാക്കി എത്തുന്നവരെ ലക്ഷ്യമിട്ട് തന്നെയാണ് എന്നതും വ്യക്തമാണ്.

പുതിയ തീരുമാനത്തിന്റെ കാതൽ ഇങ്ങനെ

യുകെയിലേക്ക് സ്‌കിൽഡ് വിസ ലഭിക്കാൻ ഏറ്റവും കുറഞ്ഞ ശമ്പളം 38,700 പൗണ്ടായി ഉയരുന്നു.

എൻഎച്ച്എസ് സ്റ്റാഫിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹെൽത്ത്, കെയർ വിസകളെ പുതിയ പരിധിയിൽ നിന്ന് ഒഴിവാക്കും

എന്നാൽ കെയൽ ജോലിക്കാർക്ക് ആശ്രിതരെ കൊണ്ടുവരാൻ ഇനി അനുവദിക്കില്ല

തൊഴിലുകളുടെ എണ്ണം കുറച്ച് ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റ് പരിഷ്‌കരിച്ചു

ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനവും 38,700 പൗണ്ടിലേക്ക് ഉയർത്തി

എൻഎച്ച്എസ് ഉപയോഗിക്കുന്നതിന് കുടിയേറ്റക്കാർ കൂടുതൽ പണം നൽകണം

വിദേശ വിദ്യാർത്ഥികൾക്ക് യുകെയിലേക്ക് ഡിപ്പെന്റൻസിനെ കൊണ്ടുവരാൻ സാധിക്കില്ല

നിയന്ത്രണങ്ങൾ യുകെയിലെ ആട് ജീവിതം ഇല്ലാതാക്കാൻ

കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ അഞ്ചിന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ വിസയിൽ എത്തിയവർ വിസ നിർദ്ദേശം ചൂഷണം ചെയ്തതിനാൽ ഈ രംഗത്ത് ജോലിക്ക് അപേക്ഷിക്കുന്നവർക്ക് കുടുംബത്തെ എത്തിക്കാനാകില്ല എന്നതാണ് പ്രധാന നിർദ്ദേശം. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 57,000 പേരാണ് ഈ റൂട്ടിൽ യുകെയിൽ ജോലിക്ക് എത്തിയത്. ഇവർക്കൊപ്പം പതിനായിരങ്ങൾ ആശ്രിത വിസ തേടിയും യുകെയിൽ എത്തിക്കഴിഞ്ഞു. രണ്ടാമത്തെ നിയന്ത്രണ നടപടിയാണ് ശമ്പള പരിധിയാകും കണക്കിലെടുക്കുക. മികച്ച ശമ്പളമുള്ളവർക്ക് കുടുംബത്തെ കൊണ്ടുവരാം എന്ന് പറയുമ്പോൾ തന്നെ അത്തരക്കാരുടെ എണ്ണവും വളരെ കുറവായിരിക്കും.

മൂന്നാമത്തെ നിയന്ത്രണത്തിൽ ഷോർട്ടേജ് വിസകൾ ഇനി അനുവദിക്കുക കർശന ഉപാധികളോടെ ആയിരിക്കും. ഇതിൽ ഒട്ടേറെ ജോലികൾ ലിസ്റ്റിൽ നിന്നും പുറത്താകും. നാലാമത്തെ നിയന്ത്രണം കുടുംബത്തെ കൂടെ കൊണ്ടുവരുന്നതിനാലാണ്. ഇപ്പോൾ വാർഷിക ശമ്പളം 18,600 പൗണ്ട് ഉള്ളവർക്കും കുടുംബത്തെ കൊണ്ടുവരാനാകും. എന്നാൽ പുതുക്കിയ സാഹചര്യത്തിൽ 38,700 പൗണ്ട് ശമ്പളമാണ് സർക്കാർ നിർദ്ദേശം. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് യുകെയിലെ ക്വാളിറ്റി ലൈഫ് കുടുംബത്തിന് നൽകാനാകില്ല എന്നതാണ് ഈ നിർദ്ദേശത്തിനു പിന്നിൽ.

യുകെയിലെ ജീവിത ചെലവ് അത്രയധികം വർധിച്ചതിനാൽ ഇപ്പോൾ കെയർ വിസയിൽ എത്തിയ മലയാളികൾ അടക്കമുള്ള പല കുടുംബങ്ങളും ആട് ജീവിതമാണ് നയിക്കുന്നതെന്ന് സർക്കാരിനും വ്യക്തമായിട്ടുണ്ട്. ഫുഡ് ബാങ്ക് അടക്കമുള്ള നിർധനർക്കായുള്ള സംവിധാനങ്ങൾ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് മലയാളികൾ അടക്കമുള്ള, കുറഞ്ഞ വേതനത്തിൽ യുകെയിൽ ജോലിക്കെത്തിയ കുടിയേറ്റക്കാരാണ് എന്ന കണക്കും സർക്കാരിന് മുന്നിലുണ്ട്.

ബ്രിട്ടീഷ് മലയാളിയിൽ വിളിക്കുന്ന, ചതിക്കിരയായ മലയാളികൾ, ജോലിയില്ലാത്ത സാഹചര്യത്തിൽ ഫുഡ് ബാങ്കിനെ ആശ്രയിച്ചാണ് യുകെയിൽ കഴിയുന്നത് എന്ന് വെളിപ്പെടുത്തിയിട്ടുള്ളതും ഇതിനുള്ള സാധൂകരണമാണ്. അഞ്ചാമത്തെ നിർദ്ദേശമായി മന്ത്രി വെളിപ്പെടുത്തിയ സ്റ്റുഡന്റ് വിസക്കാർക്കുള്ള നിയന്ത്രണമാണ്. ഇത് മുൻപ് തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതും മാധ്യമങ്ങൾ വാർത്തയാക്കിയതുമാണ്.

ചൂഷണത്തിന് എതിരെ വ്രാർത്ത ക്യാമ്പയിൻ

സ്റ്റുഡന്റ് വിസയിലും കെയർ വിസയിലും ദുരുപയോഗം നടക്കുന്നതായും വ്യാജ സർട്ടിഫിക്കറ്റുകൾ വരെ നിർമ്മിച്ച് അനേകായിരം മലയാളികൾ യുകെയിൽ എത്തുന്നതും ഒരു വർഷത്തിൽ അധികമായി വാർത്ത ക്യാമ്പയിലൂടെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയാണ്. ഈ രംഗത്തെ ചൂഷണത്തിന് എതിരെ ഏറ്റവും അധികം വാർത്തകൾ നൽകിയ മാധ്യമമാണ് ബ്രിട്ടീഷ് മലയാളി. ഏകദേശം 400 ലേറെ വാർത്തകളാണ് 2021 നവംബറിൽ നോർത്ത് വെയിൽസിലെ മലയാളി ദമ്പതികൾ നടത്തിയ നഴ്‌സിങ് ഏജൻസി പൂട്ടിച്ച സംഭവത്തെ തുടർന്ന് റിപ്പോർട്ട് ചെയ്തത്.

സമൂഹത്തിൽ മാന്യത നടിച്ചും മലയാളി സംഘടനകളെ സ്പോൺസർ ചെയ്തും കുളയട്ടകളെ പോലെ തടിച്ചു വീർത്ത നഴ്‌സിങ് - കെയർ റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തിയാണ് ഇപ്പോൾ മലയാളി ചെറുപ്പക്കാരുടെ യുകെ മോഹത്തിന് എന്നന്നേക്കുമായി വിലക്കുകൾ തീർത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ മലയാളി നഴ്‌സിങ് ഏജൻസിയുടെ ആർത്തിയുടെ ഭാഗമായി ലിവർപൂളിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് ഗാർഡിയൻ, സ്‌കൈ ന്യൂസ്, ടെലിഗ്രാഫ്, ടൈംസ് എന്നീ മുൻ നിര ബ്രിട്ടീഷ് വാർത്താ മാധ്യമങ്ങളും ഈ രംഗത്തെ ചതികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രധാന വാർത്തയാക്കി.

മാധ്യമ പ്രവർത്തകരായ ശാന്തി ദാസ്, ബെക്കി ജോൺസൻ, റോബർട്ട് ബൂത്ത്, മാറ്റ് ദഹൻ തുടങ്ങി ഒട്ടേറെ മാധ്യമ പ്രവർത്തകർ ഈ രംഗത്തെ ചൂഷണം തുറന്നു കാട്ടാൻ രംഗത്ത് വന്നതും ശ്രദ്ധേയമായി. വിസ ചതിക്കിരയായ മലയാളികളോട് ഗാർഡിയൻ, ടൈംസ്, ബിബിസി, സ്‌കൈ ന്യൂസ് എന്നിവയിലെ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെടാനുള്ള വഴി നിർദ്ദേശിക്കാൻ മറുനാടൻ മലായളിക്ക് സാധിച്ചതും ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ പ്രധാന കാരണമായി.

മാധ്യമ വാർത്തകൾ ശ്രദ്ധ പിടിച്ചു പറ്റിയതോടെയാണ് ചൂഷണത്തെ കുറിച്ച് ഹോം ഓഫിസ് എൻഫോഴ്‌സ്‌മെന്റ് ടീം അറിയുന്നതും വിവരങ്ങൾ അന്നത്തെ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാന്റെ മുന്നിൽ എത്തുന്നതും. തുടർന്ന് അസാധാരണ നടപടികളാണ് സ്യുവേല സ്വീകരിച്ചത്. വിസ ചതിയിൽ പെട്ടവരെ കണ്ടെത്താൻ അധികമായി നൂറു കണക്കിന് എൻഫോഴ്‌സ്‌മെന്റ് ടീം ഓഫീസേഴ്‌സിനെ കൂടി നിയമിച്ചാണ് സ്യുവേല പടിയിറങ്ങുന്നത്.

മലയാളി നഴ്‌സുമാരുടെ കാര്യത്തിലും ഭാവിയിൽ ആശങ്കയ്ക്ക് വഴി മരുന്നിട്ട് ഒഇടി ക്രമക്കേട്

യുകെയിലും കേരളത്തിലും വ്യാപകമായി അവസരം മുതലാക്കാൻ രംഗത്തിറങ്ങിയ ആർത്തി പിടിച്ച റിക്രൂട്ടിങ് ഏജൻസികളും മധ്യ വർത്തികളായ ഇടനിലക്കാരുമാണ് ഭാവിയിൽ ആയിരങ്ങൾക്ക് ജീവനോപാധിയാകേണ്ട കെയർ വിസയിൽ നിയന്ത്രണത്തിന് പ്രധാന കാരണമായി മാറിയത്. ഇപ്പോൾ നഴ്‌സുമാർക്ക് നിയന്ത്രണം ബാധകം അല്ലെങ്കിലും ഏറ്റവും കൂടുതൽ മലയാളി നഴ്‌സുമാർ യുകെയിൽ എത്തുന്നത് ഒഇടി പരീക്ഷ പാസായിട്ടാണ്. കൊല്ലത്തെ കുട്ടിയ കടത്തിയ കേസിനെ തുടർന്ന് ഒഇടി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ചും ആരോപണം ഉയരുന്നത് മലയാളി നഴ്‌സുമാർക്ക് ശുഭ വാർത്തയല്ല.

ഇക്കാര്യം ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയാൽ ഭാവിയിൽ മലയാളി നഴ്‌സുമാരുടെ യുകെ വരവിനും തടസം നേരിടാൻ സാധ്യത ഏറെയാണ്. ഏതാനും മാസം മുൻപ് തൃശൂരിൽ ഒഇടി പരീക്ഷാ ചോദ്യ പേപ്പർ ചോർത്തി എന്ന കേസിൽ പൊലീസ് അറസ്റ്റ് നടത്തിയെങ്കിലും ഈ സംഭവത്തിലും അന്വേഷണം പതിവ് പോലെ ഇഴയുകയാണ്. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ പ്രചോദനമായാൽ ഒഇടി പരീക്ഷാ കേന്ദ്രങ്ങളും നോട്ടപ്പുള്ളികൾ ആകുകയും ഇതിനകം എത്തിക്കഴിഞ്ഞ മലയാളി നഴ്‌സുമാരുടെ കാര്യത്തിലും യുകെയിൽ അന്വേഷണം നടക്കാനും സാധ്യത ഏറെയാണ്. നൈജീരിയയിൽ നിന്നെത്തിയ ഇത്തരത്തിൽ ഉള്ള നൂറു കണക്കിന് നഴ്സുമാർക്കാണ് ജോലി നഷ്ടമായി തിരികെ മടങ്ങേണ്ടി വന്നത്.