- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവാണ്ട നിയമം പാസ്സാക്കിയെടുത്തില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പോടെ കൺസർവേറ്റീവ് പാർട്ടിയെ ജനങ്ങൾ മറന്ന് കളയുമെന്ന് മുൻ ഹോം സെക്രട്ടറി; സുവെല്ല ബ്രേവർമാന്റെ പരാമർശത്തിനിടെ ബ്രിട്ടീഷ് ഇമിഗ്രേഷൻ മന്ത്രി രാജിവെച്ചു; റുവാണ്ട പ്ലാനിനെ ചൊല്ലി യുകെയിൽ ടോറി പാർട്ടിയിൽ കലാപം
ലണ്ടൻ: ബ്രിട്ടണിൽ ഋഷിയുടെ മന്ത്രിസഭയുടെ നിലനിൽപിനെ തന്നെ ചോദ്യ ചെയ്യുന്ന വിധത്തിൽ റുവാണ്ടൻ പ്രശ്നം ഗുരുതര പ്രതിസന്ധിയായി വളരുന്നു. അടിയന്തിരമായി നടപ്പിലാക്കേണ്ട നിയമം ഋഷി സുനക് പുറത്താക്കിയതിനു തൊട്ടുപിന്നാലെ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക് മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്ന നിയമവും കാര്യക്ഷമമല്ല എന്ന വാദമാണ് അദ്ദേഹം ഉയർത്തുന്നത്.
എന്നാൽ, ഇതുവരെ ഏതൊരു യു കെ സർക്കാരും അവതരിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കർശനമായ നിയമമാണിതെന്ന് എന്നലെ വൈകിട്ട് ഋഷി സുനക് ജെന്റിക്കിന് എഴുതിയ കത്തിൽ പറയുന്നു. മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ അവഗണിച്ചിരുന്നുവെങ്കിൽ റുവാണ്ടൻ പദ്ധതി പൂർണ്ണമായും തകരുമായിരുന്നു എന്നും ഋഷി ഓർമ്മിപ്പിച്ചു. ജനങ്ങളേ അയയ്ക്കുവാൻ ഒരിടം പോലുമില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്ന നിയമം പാസ്സാക്കി എടുക്കുന്നതിൽ ഒരു കാര്യവുമില്ലെന്നും പ്രധാനമന്ത്രി കത്തിൽ സൂചിപ്പിച്ചു.
ഏതായാലും, അടുത്ത അനുയായി ആയിരുന്ന ഒരു എം പി കൂടി കൂറുമാറി മറുഭാഗത്തെത്തിയത് ഋഷി സുനകിന് കനത്ത തിരിച്ചടി തന്നെയാണ്. കൺസർവേറ്റീവ് പാർട്ടിയിലെ വലതുപക്ഷം ഒരു അട്ടിമറിക്ക് തയ്യാറായേക്കുമെന്ന ഭയം കൂടി നിലനിൽക്കുന്നു. അതിനിടയിൽ, നേതൃത്വ സ്ഥാനത്തേക്കുള്ള തന്റെ നീക്കത്തിന് ഊർജ്ജം പകരുന്ന ഒരു പ്രസ്താവനയുമായി മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ജനപ്രതിനിധി സഭയിൽ എത്തുകയും ചെയ്തു. അതിർത്തികളിൽ കാർക്കശ്യം പാലിച്ചില്ലെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി തകരും എന്നായിരുന്നു അവർ പറഞ്ഞത്.
നിലവിലെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലിയായിരുന്നു പുതിയ ബിൽ സഭയിൽ അവതരിപ്പിച്ചത്. അവതരണത്തിനിടയിൽ ജെന്റിക് രാജിവെച്ചത് എന്തിന് എന്ന ചോദ്യം നിരവധി തവണ അംഗങ്ങളിൽ നിന്നും ഉയർന്നുവന്നു. പുതിയ നിയമം റുവാണ്ടയെ ഒരു സുരക്ഷിത രാജ്യമായി പരിഗണിക്കാൻ കോടതികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. അതിനോടൊപ്പം റുവാണ്ടയുമായി ഉണ്ടാക്കിയ പുതിയ കരാറും കൂടി ആകുമ്പോൾ, റുവാൻഡയിലേക്കുള്ള വിമാനങ്ങൾ പറന്നു പൊന്താനുള്ള അനുമതി സുപ്രീംകോടതിയിൽ നിന്നും ലഭിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ചാനൽ വഴി അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്നത് അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന നടപടിയല്ല എന്നായിരുന്നു കഴിഞ്ഞ മാസത്തെ വിധിപ്രസ്താവ്യത്തിൽ ജഡ്ജിമാർ പറഞ്ഞത്. എന്നാൽ, പുത്യ നിയമത്തിൽ, യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങളെ മറികടക്കുന്നതിനുള്ള വകുപ്പുകൾ ഇല്ല എന്നായിരുന്നു സുവെല്ല ബ്രേവർമാൻ ചൂണ്ടിക്കാട്ടിയത്. സുവെല്ലയുടെ വാദത്തോട് പൂർണ്ണമായും യോജിക്കുന്നതായി ജെന്റിക്കും തന്റെ രാജിക്കത്തിൽ പറഞ്ഞിട്ടുണ്ട്.
കുടിയേറ്റ വിഷയത്തിൽ സർക്കാർ നയവുമായി ഇത്രയും ശക്തമായ എതിർപ്പുള്ളപ്പോൾ, മന്ത്രിസ്ഥാനത്ത് തുടരാൻ തനിക്കാവില്ല എന്ന് രാജിക്കത്തിൽ ജെന്റിക് പറയുന്നു. മാത്രമല്ല, ഈ നിയമം കുടിയേറ്റം തടയുന്നതിൽ ഫലവത്താകുമെന്ന് വിശ്വാസമില്ലാത്തതിനാൽ ഇതുമായി ജനപ്രതിനിധി സഭയിൽ പോകാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുഭവ സമ്പത്തിന് മേൽ പ്രത്യാശ നേടിയ വിജയമാണ് ഈ നിയമം എന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ, കൺസർവേറ്റീവ് പാർട്ടിയുടെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന, ശക്തമായ 1992 കമ്മിറ്റിയിലേക്ക് അവിശ്വാസ പ്രമേയങ്ങൾ എത്തുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. ജെന്റിക്കിന്റെ രാജിക്കത്തോടെ ഋഷി സുനകിന്റെ ഭരണത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങിയതായി മുൻ വിദ്യാഭ്യാസ മന്ത്രി ഡെയ്ം ആൻഡ്രിയ ജെൻകിൻസ് പറഞ്ഞു.നേതൃ മാറ്റം ഉണ്ടാകുമോ എന ഡെയ്ലി മെയിലിന്റെ ചോദ്യത്തിന് ഒരു മുൻ മന്ത്രി പ്രതികരിച്ചത് ഇത് ടോറി പാർട്ടിയാണ് എന്തും സംഭവിക്കാം എന്നായിരുന്നു.
ഋഷി വൻ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് മറ്റു ചില എം പിമാരും വ്യക്തമാക്കുന്നു. കടുത്ത വലതുപക്ഷ വാദികൾ തീരെ അസംതൃപ്തരാണ്. പാർട്ടിക്കുള്ളിലെ മിതവാദികളെ തൃപ്തിപ്പെടുത്താൻ ഋഷി ശ്രമിക്കുന്നു എന്നാണ് അവർ ആരോപിക്കുന്നത്. ഇന്നലെ സഭയിൽ അവതരിപ്പിച്ച സേഫ്റ്റി ഓഫ് റുവാണ്ട (അസൈലം ആൻഡ് ഇമിഗ്രേഷൻ) ബിൽ 1998 ലെ മനുഷ്യാവകാശ നിയമത്തിലെ ചില ഭാഗങ്ങളെ അപ്രസക്തമാക്കുന്ന ഒന്നാണ്. അതുവഴി റുവാണ്ടയിലെക്ക് അഭയാർത്ഥികളെ കയറ്റി വിടാൻ സാധിക്കുംഎന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
മാത്രമല്ല, പുതിയ നിയമം വഴി യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിധിയെ അവഗണിക്കുവാൻ ബ്രിട്ടീഷ് പാർലമെന്റിന് കഴിയും. എന്നാൽ, സ്ട്രാസ്ബർഗിലെ, മനുഷ്യാവകാശ കോടതിയുടെ നീതിനിർവ്വഹണ മേഖലയിൽ നിന്നും ബ്രിട്ടൻ പുറത്ത് പോകുന്നില്ല. ചില അഭയാർത്ഥികൾക്ക് അവരെ നാടുകടത്തുന്നത് ചോദ്യം ചെയ്യാനുള്ള അവകാശവും ഇതിൽ നൽകുന്നുണ്ട്.
മറുനാടന് ഡെസ്ക്