ടെൽ അവീവ്: കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച ഇസ്രയേൽ - ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുന്നതിനിടെ ഹമാസിന്റെ പകുതിയോളം ബറ്റാലിയൻ കമാൻഡർമാരെ സൈന്യം വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ലെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട ഹമാസ് കമാൻഡർമാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി.

'ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഹമാസിനെ ഞങ്ങൾ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല', നെതന്യാഹു പറഞ്ഞു.



'ഞങ്ങൾ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങൾ തീർക്കുകയാണ്. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനായി വലിയൊരു 'ഇന്റലിജൻസ് ഫാക്ടറി' 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്', നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴും ഇടയ്‌ക്കൊരു താൽക്കാലിക വെടിനിർത്തൽ ഉണ്ടായതൊഴിച്ചാൽ രക്തച്ചൊരിച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇസ്രയേൽ വർഷിക്കുന്ന ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ ഭീതിയിൽ കഴിയുകയാണ് ഫലസ്തീൻ ജനത. തെക്കൻ ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു നിന്നിരുന്നു.



നഗരഹൃദയത്തിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ കനത്ത വെടിവയ്പുമുണ്ടായതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തത്. ബോംബാക്രമണങ്ങളിൽ പരുക്കേറ്റ നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയുംകൊണ്ട് ആശുപത്രികൾ നിറഞ്ഞു. ഗസ്സയിലെങ്ങും യുഎൻ സഹായവിതരണവും സ്തംഭിച്ചു. വടക്കൻ ഗസ്സ ഏതാണ്ടു പൂർണമായി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷമാണു തെക്കൻ ഗസ്സയിലേക്കും ഇസ്രയേൽ സൈന്യം കടന്നുചെന്നത്.

വടക്കൻ ഗസ്സയിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ അഭയം തേടിയ ഖാൻ യൂനിസും യുദ്ധഭൂമിയായതോടെ ഒഴിഞ്ഞുപോകാനിടമില്ലാത്ത ദുരവസ്ഥയിലാണു ജനങ്ങൾ. അൽ മവാസി എന്ന ചെറുപട്ടണത്തിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചത്. ഒരു വിമാനത്താവളത്തെക്കാൾ ചെറുതാണ് ഈ പ്രദേശം.



ഗസ്സയിലെ പ്രതിസന്ധി അനുനിമിഷം വഷളാകുകയാണെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. റഫായിൽ അടക്കം എല്ലായിടത്തും കനത്ത ബോംബാക്രമണമാണു നടക്കുന്നതെന്നു സംഘടനയുടെ ഗസ്സ പ്രതിനിധി റിച്ചഡ് പീപർകോൺ പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ ഉപരോധം മൂലം വൈദ്യുതി, ഇന്ധന വിതരണം നിലച്ചിട്ടു 2 മാസം പിന്നിടുന്നു. 80% വീടുകൾ തകർന്നു. മിക്ക ആശുപത്രികളും അടച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനവും നിലച്ച സ്ഥിതിയാണ്. നിലവിൽ റഫാ മാത്രമാണു യുഎൻ സഹായവിതരണമുള്ള ഏക സ്ഥലം. എന്നാൽ, അഭയാർഥികളെക്കൊണ്ടു നിറഞ്ഞതിനാൽ അവിടേക്ക് എത്താൻ പറ്റാത്ത സ്ഥിതിയാണ്.

ഇസ്രയേലിന്റെ ബോംബ് വർഷം നിലയ്ക്കാത്ത ഗസ്സയിൽ പലായനം ചെയ്യുന്ന ജനങ്ങൾക്ക് കഴിയാൻ സുരക്ഷിതമേഖലകൾ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ആക്രമണം നടക്കുന്ന വടക്കുഭാഗം വിട്ടോടിയ ജനങ്ങളുൾപ്പെടെ കഴിയുന്ന തെക്കൻഗസ്സയിലും ഇസ്രയേൽ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽനിന്ന് കൂടുതൽ തെക്കോട്ടേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽസൈന്യം ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ''സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പറയുന്ന ഇടങ്ങൾ അങ്ങനെയല്ല. അവ സൃഷ്ടിക്കുകയെന്നത് ശാസ്ത്രീയമോ യുക്തിസഹമോ സാധ്യമോ ആയ കാര്യമല്ല. ശരിയായ സുരക്ഷിതമേഖലയാകണമെങ്കിൽ അവിടെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും പാർപ്പിടവും ഉറപ്പുവരുത്താൻ കഴിയണം. സുരക്ഷിതമെന്ന് ഇസ്രയേൽ പറയുന്ന ഇടങ്ങളിൽ അവയൊന്നും ഉറപ്പാക്കാൻ കഴിയില്ല'' -യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. 400 പേർക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം എന്ന അവസ്ഥയാണ് ഗസ്സയിലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് വർഷങ്ങളുടെ ആസൂത്രണമുണ്ടെന്ന് വിവരം. അന്ന് വധിക്കുകയും പിടികൂടുകയും ചെയ്ത ഹമാസുകാരിൽനിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ഭൂപടങ്ങളും നോട്ടുബുക്കുകളും പരിശോധിച്ചാണ് ഇസ്രയേൽ ഈ നിഗമനത്തിലെത്തിയത്.

സൈനികത്താവളവും ജനവാസകേന്ദ്രങ്ങളായ കിബൂത്സും ആക്രമിക്കുന്നതിന് വർഷങ്ങളെടുത്ത് തയ്യാറാക്കിയ പദ്ധതി ഇവ പരിശോധിച്ചതിൽനിന്ന് വ്യക്തമായെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിന്റെ ലക്ഷ്യം, ദൗത്യത്തിൽ പങ്കെടുക്കുന്ന ഹമാസ് വിഭാഗങ്ങളുടെ വിവരങ്ങൾ, ഓരോ വിഭാഗത്തിനുമുള്ള ദൗത്യം, സമയം, വേണ്ടുന്ന ആയുധങ്ങൾ എന്നീ വിവരങ്ങളെല്ലാം ഇവയിലുണ്ട്.

നഹൽ ഒസിലെ സൈനികത്താവളത്തിന്റെ കൈകൊണ്ടുവരച്ച വിശദമായ ഭൂപടവും ഇക്കൂട്ടത്തിലുണ്ട്. ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളെ എങ്ങനെ ഗസ്സയിലെത്തിക്കാമെന്ന് ഹമാസുകാർക്ക് പരിശീലനം നൽകിയിരുന്നു. രേഖകൾ പരിശോധിച്ചു മനസ്സിലാക്കാൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ അംഷത്തിനെ ഇസ്രയേൽ പുനരുജ്ജീവിപ്പിച്ചു.

1973-ലെ അറബ്-ഇസ്രയേൽ യുദ്ധസമയത്ത് രൂപവത്കരിച്ച ഈ വിഭാഗം അതിനുശേഷം നിർജീവമായിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 1200 പേരെ ഹമാസ് വധിച്ചു. 240 പേരെ ബന്ദികളാക്കി. ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ഒരുവർഷംമുമ്പ് ഇസ്രയേലിനു വിവരം ലഭിച്ചിരുന്നെന്നും അത് അവർ നിസ്സാരമായി കരുതുകയായിരുന്നെന്നും 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ടുചെയ്തിരുന്നു.