ലണ്ടൻ: റുവാണ്ട ബിൽ ബ്രിട്ടണിലെ ഭരണകക്ഷിയിലെ ആഭ്യന്തരകലാപം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ കണ്ടത് പത്തിൽ ആറ് എം പിമാരും സുനകിന് എതിരാകും എന്നാണ്. റുവാണ്ടയിലേക്ക് അഭയാർത്ഥികളെ കയറ്റി അയയ്ക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സമില്ലാതിരിക്കാനായി പുതിയ അടിയന്തര നിയമം കൊണ്ടു വന്നതോടെ കൺസർവേറ്റീവ് പാർട്ടിയിലെ ആഭ്യന്തര യുദ്ധം കൂടുതൽ ശക്തമാവുകയാണ്.

നേരത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെ അനുയായികൾ പറയുന്നത് ആവശ്യമായത് പുതിയ ബില്ലിൽ ഇല്ല എന്നാണ്. അതിനു തൊട്ടു പുറകെ, അനധികൃത കുടിയേറ്റം തടയാൻ പര്യാപ്തമല്ല പുതിയ നിയമം എന്നാരോപിച്ച് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക് രാജിവയ്ക്കുക കൂടി ചെയ്തതോടെ ഋഷി സുനകിനെതിരെ അവിശ്വാസ പ്രമേയം വരുവാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുകയാണ്.

മറ്റൊരു ഖേദകരമായ കാര്യം കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ വീണ്ടും കുറഞ്ഞു എന്നതാണ്. മുൻപ് നടന്ന അഭിപ്രായ സർവ്വയിലേതിനേക്കാൾ രണ്ട് പോയിന്റ് കുറഞ്ഞ് 32 ശതമാനത്തിൽ എത്തി നിൽക്കുകയാണ് ടോറി പാർട്ടിയുടെ ജനപിന്തുണ. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ കൺസർവേറ്റീവ് പാർട്ടിക്ക് 75 സീറ്റുകളിൽ ഒതുങ്ങേണ്ടതായി വരും എന്നാണ് ഇലക്ഷൻ കാൽക്കുലസിന്റെ വെബ്സൈറ്റിൽ പറയുന്നത്.

ലേബർ പാർട്ടിക്ക് 336 സീറ്റുകളുടെ വൻ ഭൂരിപക്ഷവും ലഭിക്കും. ഇത് സംഭവിച്ചാൽ കൺസർവേറ്റീവ് പാർട്ടിയുടെ 345 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശമായ അവസ്ഥയിലേക്കായിരിക്കും പാർട്ടി എത്തിച്ചേരുക. ഇതിന് മുൻപ് ഏറ്റവും കുറവ് സീറ്റുകൾ പാർട്ടി നേടിയത് 1906 ൽ ആയിരുന്നു. അന്ന് 156 സീറ്റുകൾ മാത്രം നേടാനെ പാർട്ടിക്ക് കഴിഞ്ഞുള്ളു.

അതിനിടെ, പാർട്ടിക്കുള്ളിലെ കലഹം കൂടുതൽ ശക്തി പ്രാപിച്ചാൽ ഋഷി സുനക് ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിയെക്കും എന്ന വാർത്തയും വരുന്നുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ, തീരുമാനങ്ങൾ എടുക്കാൻ ചുമതലപ്പെട്ട 1992 കമ്മിറ്റിക്ക് മുൻപാകെ നിരവധി അവിശ്വാസ പ്രമേയങ്ങളാണ് വരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

53 പ്രമേയങ്ങൾ ലഭിച്ചാൽ പിന്നെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പറ്റും. അവിശ്വാസത്തിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി രാജിവയ്ക്കുകയോ അല്ലെങ്കിൽ പാർലമെന്റ് പിരിച്ചു വിടുകയോ ചെയ്യാം.