- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിപെൻഡന്റ് വിസ നിരോധത്തിൽ യുകെയ്ക്ക് പ്രതിക്ഷ മാത്രം
ലണ്ടൻ: വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി യു കെയിൽ എത്തുമ്പോൾ പലപ്പോഴും കുടുംബാംഗങ്ങളെ കൂടെ കൊണ്ടു വരുന്നത് നീതീകരിക്കാനാകാത്ത കാര്യമാണെന്ന് സൂചിപ്പിച്ച് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന വിസ നിയന്ത്രണങ്ങൾ മൂലം ഇത് വളരെയേറെ കുറയുമെന്നും പറഞ്ഞു. പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികൾക്കും സർക്കാർ ധനസഹായത്തോടെ എത്തുന്ന വിദ്യാർത്ഥികൾക്കും മാത്രമാണ് ഇക്കാര്യത്തിൽ ഇളവുകൾ ഉള്ളത്.
മറ്റുള്ളവർക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാൻ കഴിയാത്തത് മൂലം ചുരുങ്ങിയത് മൂന്ന് ലക്ഷം പേരുടെയെങ്കിലും കുടിയേറ്റം തടയാനാകുമെന്നും ക്ലെവർലി പറഞ്ഞു. സുവെല്ല ബ്രേവർമാന് ശേഷം ഹോം സെക്രട്ടറി ആയപ്പോൾ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നെറ്റ് മൈഗ്രേഷൻ 6,72,000 ആണെന്ന് കണക്കുകൾ വ്യക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്.
അതേസമയം, ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബ് എന്ന ബ്രിട്ടന്റെ ഖ്യാതി പ്രയോജനപ്പെടുത്തി വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ ശ്രമിക്കുന്ന യൂണിവേഴ്സിറ്റികൾക്ക് ഈ തീരുമാനം ഒരു വൻ തിരിച്ചടിയായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പല യൂണിവേഴ്സിറ്റികളും വിദേശ വിദ്യാർത്ഥികൾ നൽകുന്ന ഫീസിനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
പുതിയ നിയമമനുസരിച്ച് ജനുവരി 1 മുതൽ ബ്രിട്ടനിൽ ഏതെങ്കിലും കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക്, അവർ ചേരുന്നത് പോസ്റ്റ് ഗ്രാഡ്വേറ്റ് റിസർച്ച് പ്രോഗ്രാമുകളിൽ അല്ല ചേരുന്നതെങ്കിലൊ, സർക്കാർ ധനസഹായം ലഭിക്കുന്നില്ല എങ്കിലോ കൂടെ ആശ്രിതരെ കൊണ്ടുവരാൻ കഴിയില്ല. കുടിയേറ്റം കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജനതയ്ക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്ന് ക്ലെവർലി പറഞ്ഞു.
കുടിയേറ്റക്കാരുടെ എണ്ണം കാര്യമായി കുറച്ചു കൊണ്ടു വരുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഇമിഗ്രേഷൻ സിസ്റ്റത്തിലെ പഴുതുകൾ ഉപയോഗിച്ച് ആരും രക്ഷപ്പെടാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിൽ തന്നെ മുൻനിരയിലുള്ള പല ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾക്കും അവരുടെ പഠന മികവു കൊണ്ടു തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ ടോം പഴ്സ്ഗ്ലോവും പറയുന്നു.
അതേസമയം, നീതീകരിക്കാൻ കഴിയാത്തവിധം വിദേശ വിദ്യാർത്ഥികൾ ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനെ അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇമിഗ്രേഷൻ ലെവൽ അസ്ഥിരമാക്കും. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ കണക്കുകൾ കാണിക്കുന്നത് 2022 ഡിസംബർ വരെയുള്ള ഒരു വർഷത്തിൽ നെറ്റ് മൈഗ്രേഷൻ സർവ്വകാല റെക്കോർഡായ 7,45,000 ൽ എത്തി എന്നാണ്.