ബെയ്ജിങ്: ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്ത് ടൗൺഷിപ് നിർമ്മാണം അതിവേഗത്തിലാക്കി ചൈന ലക്ഷ്യമിടുന്നത് പ്രദേശത്ത് അശാന്തി വളർത്തൽ. ഇന്ത്യ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന പർവതപ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റമുണ്ടെന്നാണ് സൂചന. ചൈനയെ പ്രതിരോധിക്കാനുള്ള കരുത്ത് ഭൂട്ടാനില്ല. ഈ സാഹചര്യത്തിലാണ് ചൈനയുടെ അനധികൃത നീക്കങ്ങൾ. ഭൂട്ടാന്റെ ചില ഭാഗങ്ങളിൽ ചൈനയുടെ അധിനിവേശം ഇന്ത്യയുടെ സുരക്ഷയിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.

ഒരു മാസത്തിൽ താഴെ പഴക്കമുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് വടക്കുകിഴക്കൻ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നുകയറുന്നതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. 2020 മുതൽ ഇവിടെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളുണ്ടായിരുന്നു. ഇപ്പോൾ ദ്രുതഗതിയിൽ നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഇന്ത്യയെ നേരിട്ട് പ്രകോപിപ്പിക്കാൻ ചൈന പലവട്ടം ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും വില പോയില്ല. ഇതിന് പിന്നാലെയാണ് ഭൂട്ടാനിലൂടെ പ്രകോപന നീക്കം. പ്രത്യക്ഷത്തിൽ ഇന്ത്യയ്ക്ക് ഇടപെടാൻ കഴിയുകയുമില്ല.

ഭൂട്ടാൻ സർക്കാരിന് ചൈനീസ് നീക്കം തടയാൻ സാധിക്കുന്നില്ല. ഭൂട്ടാന്റെ പ്രദേശമായി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട പ്രദേശത്ത് അവർ നിർമ്മിച്ച റോഡ് നീട്ടുന്നതിൽനിന്നു ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞിരുന്നു. 2017ൽ സിക്കിമിനോട് ചേർന്നുള്ള ദോക്ലാം പീഠഭൂമിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയിരുന്നു. അതിനുശേഷമാണ് ചൈനീസ് തൊഴിലാളികൾ ഭൂട്ടാൻ പ്രദേശത്തിനോട് കിഴക്കും ദോക്ലാമിനോട് ചേർന്നും കിടക്കുന്ന അമു ചു നദീതടത്തിൽ മൂന്നു ഗ്രാമങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുരി ഇടനാഴിക്ക് ഭീഷണിയാകുന്ന തരത്തിലാണ് ചൈനയുടെ ഇടപെടൽ. ചൈനീസ് സാന്നിധ്യം തെക്കോട്ട് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഭൂട്ടാനിൽ ചൈനയുടെ അധിനിവേശം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സ്ഥിതി ഗതികൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഭൂട്ടാന് എല്ലാ പിന്തുണയും നൽകും. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ സ്ഥിതി ഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തെ ഗൗരവത്തിൽ എടുത്തിട്ടുണ്ട്.

എട്ടു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള രാജ്യമായ ഭൂട്ടാന്, ലോകത്തിലെ വൻശക്തികളിലൊന്നായ ചൈനയുടെ അനധികൃത കടന്നുകയറ്റം തടയുന്നതിന് പരിമിതികളുണ്ട്. ഭൂട്ടാൻ ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിലുടനീളം നിയമവിരുദ്ധമായ ഭൂമി കൈയേറ്റം വ്യക്തമാണ്. ആദ്യം അവകാശം ഉന്നയിക്കുക, പിന്നാലെ കൈയേറ്റം നടത്തുകയെന്നതാണു ചൈനയുടെ ശൈലി. അതിനുശേഷം അതിർത്തി ചർച്ചയും നടത്തും. ഖെൻപജോങ്ങിലെ നദീതടത്തിലെയും ജക്കാർലംഗ് പ്രദേശത്തെയും നിർമ്മാണ പ്രവർത്തനങ്ങൾ ചൈന പിന്മാറ്റത്തിനില്ലെന്ന് ഉറപ്പിച്ചുള്ള നീക്കമാണു നടത്തുന്നതെന്നതിന്റെ സൂചന കൂടിയാണ്.

നൂറുകണക്കിന് ആളുകളെ പാർപ്പിക്കാൻ ശേഷിയുള്ള വലിയ കേന്ദ്രങ്ങളാണു ചൈന നിർമ്മിക്കുന്നത്. 200 ലധികം ഒറ്റ, ബഹുനില കെട്ടിടങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. 2020 നവംബറിൽ എടുത്ത ഉപഗ്രഹ ചിത്രങ്ങളിൽ ചൈനീസ് കൈയേറ്റമില്ലായിരുന്നു. 2020 നവംബർ മുതൽ കൈയേറ്റ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖലയും ചൈന തയാറാക്കിയിട്ടുണ്ട്.

ഭൂട്ടാൻ രാജകുടുംബത്തിന്റെ പൂർവികർ ബിയുൽ ഖെൻപജോങ്ങിലെ നദീതടത്തിൽനിന്നുള്ളവരാണ്. എന്നിട്ടുപോലും ചൈന അതു സ്വന്തം ഭൂമിയായിട്ടാണു കണക്കാക്കുന്നത്. ഇന്ത്യയുടെ സഹായം മാത്രമാണു ഭൂട്ടാനു പ്രതീക്ഷയായുള്ളത്.