- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
ലണ്ടൻ: ലണ്ടനിലാകെ മഞ്ഞുപെയ്യുകയാണ്. മഞ്ഞിൽ കുളിച്ച നിലയിൽ അല്ലെങ്കിൽ പോലും ലണ്ടൻ വിമാനത്താവളത്തിൽ എത്തിയ 72 കാരനായ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പുറത്തെ തണുപ്പ് അതി കഠിനമായി അനുഭവപ്പെടാതിരിക്കാൻ കാരണമില്ല. എന്നാൽ ആ തണുപ്പിനെ വെല്ലും വിധം ചൂടൻ വിഷയങ്ങൾ കൈവശം വച്ചാണ് 22 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ബ്രിട്ടനിൽ എത്തുന്നു എന്നത് വാർത്ത ലോകത്തെ കൗതുകം കൂടിയാണ്.
ഇടതടവില്ലാതെ കച്ചവട കരാറുകൾ തേടി ബ്രിട്ടീഷ് പ്രതിരോധ മന്ത്രിമാർ പലവട്ടം ഡൽഹിയിൽ എത്തിയിട്ടുണ്ടെങ്കിലും ആയുധ കച്ചവടത്തിലോ സഹകരണത്തിന്റെ ബ്രിട്ടൻ ഒരു നിർണായക പങ്കാളി അല്ലാത്ത സാഹചര്യത്തിലാണ് വാജ്പേയ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി ആയിരുന്ന ജോർജ് ഫെർണാണ്ടസിന് ശേഷം ഇപ്പോൾ വീണ്ടും ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി എത്തുന്നു എന്നത് പ്രത്യേകതയാണ്. അന്നും 2002 ജനുവരിയിലാണ് സന്ദർശനം നടന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. വാജ്പേയ് മന്ത്രിസഭയ്ക്ക് ശേഷം പലവട്ടം കോൺഗ്രസ് സർക്കാരുകൾ ഇന്ത്യയിൽ എത്തിയെങ്കിലും വീണ്ടും ഒരു ബിജെപി മന്ത്രിസഭയിൽ നിന്നാണ് ബ്രിട്ടനിലേക്ക് പ്രതിരോധ മന്ത്രിക്ക് സന്ദർശന അനുമതി ഉണ്ടാകുന്നു എന്നതിലും നയതന്ത്ര രാഷ്ട്രീയമുണ്ട്.
എങ്കിൽ എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെയൊരു സന്ദർശനം?
ഡൽഹിയിൽ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തോന്നുന്നതല്ല ഇത്തരം രാഷ്ട്രീയ സന്ദർശനങ്ങൾ. അതിനു കാര്യവും കാരണവും ഒക്കെ ഒത്തുചേരണം. ഇപ്പോൾ എന്തായിരിക്കും അത്തരം ഒരു കാരണം. ഇന്ത്യ അയൽരാജ്യങ്ങളിൽ നിന്നും കനത്ത വെല്ലുവിളികൾ നേരിടുന്ന കാലമല്ല. ആഭ്യന്തരമായും ഇന്ത്യയിൽ അസ്വസ്ഥകൾ കുറഞ്ഞു നിൽക്കുന്ന സമയമാണ്. പലപ്പോഴും അയൽ രാജ്യമായ പാക്കിസ്ഥാൻ ഉടക്കുമായി എത്തുമ്പോഴാണ് ആ രാജ്യവുമായി എക്കാലവും മികച്ച ബന്ധമുള്ള ബ്രിട്ടനെ തേടി ഇന്ത്യ എത്താറുള്ളത്.
എന്നാൽ ആഭ്യന്തരമായും സാമ്പത്തികമായും പാക്കിസ്ഥാൻ സ്വയം പ്രശ്നങ്ങളിൽ പെട്ട് കിടക്കുന്നതിനാൽ ഇന്ത്യയോട് ഉടക്കാൻ അവർക്കിപ്പോൾ സമയമില്ല, അക്കാരണത്താൽ ബ്രിട്ടന്റെ അതിരു വിട്ട സൈനിക പിന്തുണയും ഇന്ത്യയ്ക്ക് ആവശ്യമില്ല. ഇതുകൊണ്ടൊക്കെയാണ്, ഇപ്പോൾ രാജ്നാഥിന് ലണ്ടൻ സന്ദർശിക്കാൻ കാരണമെന്ത് എന്ന് ചിന്തിക്കേണ്ടി വരുന്നത്.
ഈ ചിന്തയിൽ ഏറ്റവും പ്രധാനം ഇന്ത്യക്ക് അൽപമെങ്കിലും അസ്വസ്ഥത നൽകുന്ന ഖാലിസ്ഥാൻ വാദികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് ബ്രിട്ടൻ ആണെന്നെതാണ്. അടുത്തിടെ കാനഡയുമായി ഇന്ത്യക്ക് കോർക്കേണ്ടി വന്നപ്പോഴും ബ്രിട്ടനിൽ നിന്നും ഖാലിസ്ഥാനികളുടെ മുറുമുറുപ്പ് ഉയർന്നിരുന്നു. ഡൽഹിയിൽ കർഷക സമരം നടന്നപ്പോൾ യുകെയിലെ ഖാലിസ്ഥാൻ വാദികൾ പണവും പിന്തുണയും നൽകി സഹായിച്ചു എന്ന ആരോപണവും ഇന്ത്യ ഉയർത്തിയിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി യുകെയിൽ എത്തുമ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യ ദിനം അടക്കമുള്ള ആഘോഷങ്ങൾ ലണ്ടനിൽ നടക്കുമ്പോഴും ഇന്ത്യൻ ആസ്ഥാനമായ എംബസി ഖാലിസ്ഥാൻ വാദികൾ ആക്രമിക്കുന്നതും ഏതാനും വർഷമായി പതിവായി തുടരുകയാണ്. ഇക്കാര്യങ്ങളിൽ ബ്രിട്ടൻ ക്രിയാത്മക ഇടപെടൽ നടത്തണം എന്ന് ഇന്ത്യ പലവട്ടം മുൻപ് ആവശ്യപ്പെട്ടതുമാണ്. അതിനാൽ രാജ് നാഥ് സിംഗിന്റെ സന്ദർശനത്തിൽ പ്രധാനമായും ഇക്കാര്യങ്ങൾ തന്നെയാണ് ചർച്ചകളിൽ തെളിയുക എന്നും വ്യക്തമാണ്.
രണ്ടു രാജ്യങ്ങളിലും തെരെഞ്ഞെടുപ്പ്, ഇസ്രയേൽ കാര്യത്തിൽ ഒന്നിച്ചു പോകാൻ പ്രയാസമില്ലാതെ സാഹചര്യം
ഇന്ത്യയിലും ബ്രിട്ടനിലും ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണിത്. ആദ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുക ഇന്ത്യ തന്നെ ആയിരിക്കും. ഇസ്രയേൽ വിഷയത്തിൽ ഇന്ത്യയും ബ്രിട്ടനും സമാനമായ നിലപാടുകൾ എടുക്കുന്ന രാജ്യം ആണെന്നത് ഇപ്പോൾ രാജ്നാഥിനും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗ്രാന്റ് ഷേപ്പിനും തർക്കം ഇല്ലാതെ ചർച്ചകളിലേക്ക് നീങ്ങാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇസ്രയേൽ വിഷയം ഇന്ത്യയിൽ വലിയ തിരഞ്ഞെടുപ്പ് ചർച്ച ആകില്ലെങ്കിലും ബ്രിട്ടനിൽ നേരിട്ട് ബാധിക്കാവുന്ന വിഷയവുമാണ്.
ഇസ്രയേൽ പഠന വിഷയമാക്കി എടുത്ത ഗ്രാൻഡ് ഷേപ്പിന്റെ മകൾ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും വംശീയത ഭയന്ന് ആ കോഴ്സ് വരെ ഉപേക്ഷിക്കേണ്ടി വന്നു എന്നതിനാൽ ഇക്കാര്യത്തിലെ ഗൗരവം മറ്റാരും ബോധ്യപ്പെടുത്താതെ തന്നെ അദ്ദേഹത്തിനും വ്യക്തമായി ഇന്ത്യയെ ധരിപ്പിക്കാനാകും. ഇന്ത്യ സഹകരണം തേടുന്ന വിഷയങ്ങൾക്ക് ബദലായി ഇസ്രയേൽ അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ യോജിച്ചു നിൽക്കണം എന്നതാകും ഗ്രാൻഡ് ഷേപ്പ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ രാജ് നാഥ് സിംഗിനെ ധരിപ്പിക്കുക. ഇന്ത്യയിൽ ഒരു തുടർ ഭരണ സാധ്യത എന്നത് പ്രവചനാതീതം അല്ലാത്തതിനാൽ തുറന്ന ചർച്ചയിലേക്ക് നീങ്ങാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മടിക്കില്ല എന്നതാണ് ഇപ്പോൾ നിരീക്ഷിക്കപ്പെടുന്നതും.
ഫോണിലൂടെ ചേരാൻ ഋഷി സുനകും ഡേവിഡ് കാമറോണും
തിരക്കിട്ട പരിപാടികൾ കാരണം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും വിദേശകാര്യ മന്ത്രി ഡേവിഡ് കാമറോണും തയ്യാറാകില്ലെങ്കിലും ഇന്ത്യയിൽ നിന്നും എത്തുന്ന രണ്ടാം റാങ്ക് ഉള്ള അതിഥിയുടെ ബഹുമാനാർത്ഥം ഫോൺ സംഭാഷണ സാധ്യതയാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഋഷി സുനക് ജി 20 ഉച്ചകോടിക്ക് എത്തിയപ്പോൾ രാജ്നാഥ് അടക്കമുള്ളവർ ബ്രിട്ടനിൽ എത്തണം എന്ന് ആവശ്യപ്പെട്ടതും ഇപ്പോൾ ഫോൺ സംഭാഷണത്തിലൂടെ എങ്കിലും ആതിഥ്യം കാട്ടാൻ മറ്റൊരു കാരണവുമാണ്.
വിദേശ കാര്യത്തിൽ ഇന്ത്യയെ ഒഴിവാക്കി ഒരു രാജ്യത്തിനും തീരുമാനം എടുക്കാനാകില്ല എന്ന സാഹചര്യത്തിൽ ഡേവിഡ് കാമറോൺ പ്രധാനമന്ത്രി ആയിരുന്ന കാലത്തേ ബന്ധങ്ങളും സാമർത്ഥ്യവും ഉപയോഗിച്ചാകും കൂടുതൽ മികച്ച ബന്ധത്തിനായി രാജ്നാഥിന്റെ സഹകരണം തേടുക. അതിഥിയെ കൂടുതൽ സന്തോഷിപ്പിക്കുക എന്ന നയതന്ത്രം ആയിരിക്കും ഋഷി സുനകും ഡേവിഡ് കാമറോണും പ്രയോഗിക്കുക എന്നും വ്യക്തം. രാജ്നാഥ് സിംഗിനായി ബ്രിട്ടൻ ഗാർഡ് ഓഫ് ഓണറും ഒരുക്കിയിട്ടുണ്ട് എന്നതും സവിശേഷതയാണ്.
അതിനിടെ മൂന്നു ദിവസത്തെ തിരക്കിട്ട സന്ദർശനത്തിൽ ഒട്ടേറെ കൂടിക്കാഴ്ചകളാണ് രാജ്നാഥിനെ കാത്തിരിക്കുന്നത്. ലണ്ടൻ പാർലമെന്റ് സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ എത്തി പുഷ്പാർപ്പണം നടത്തുന്ന അദ്ദേഹം അംബേദ്കർ ഭവനിൽ എത്തിയും ആദരവ് അർപ്പിക്കും. ലണ്ടനിലെ ആർക്കും ഒഴിവാക്കാനാകാത്ത രണ്ടു ഇന്ത്യൻ ഐക്കണുകളാണ് ഈ രണ്ടു സ്ഥലങ്ങളും. ഇതിനിടെ യുകെയിലെ ഇന്ത്യൻ വംശജരുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കും രാജ്നാഥ് സിങ് സമയം കണ്ടെത്തിയിട്ടുണ്ട്.
ലണ്ടനിലെ പ്രസിദ്ധമായ സ്വാമി നാരായൺ ക്ഷേത്ര ഹാളിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 2022 ജൂണിൽ നടക്കേണ്ടിയിരുന്ന സന്ദർശനമാണ് ഇപ്പോൾ സാധ്യമാകുന്നത്. അന്ന് ബോറിസ് ജോൺസൺ താൽപര്യമെടുത്ത ചർച്ചകളുടെ ഭാഗമായാണ് ഇപ്പോൾ ഈ സന്ദർശനം എന്നതും കൂട്ടിവായിക്കണം. രണ്ടു വർഷം മുൻപത്തെ സന്ദർശനം പ്രോട്ടോകോൾ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയാണ് നിരസിച്ചത് എന്നതിനാലും ഇപ്പോൾ നടക്കുന്ന സന്ദർശത്തിന്റെ പ്രാധാന്യം വർധിപ്പിക്കുകയാണ്.