തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തെത്തുടർന്നുണ്ടായ വിവാദം കേരളത്തിന് പ്രതിസന്ധിയുണ്ടാകില്ല. ദേശീയ തലത്തിൽ നിരവധി പേർ യാത്ര റദ്ദാക്കി. രാജ്യാന്തര തലത്തിലും ഇതാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് അത്രയധികം വിനോദസഞ്ചാരികൾ യാത്ര ചെയ്യാനില്ലാത്തതിനാൽ മാലദ്വീപിലേക്കുള്ള ടിക്കറ്റ് റദ്ദാക്കലും ഇവിടെയുണ്ടായിട്ടില്ല. മാലദ്വീപ് സ്വദേശികളാണ് കേരളത്തിലേക്കു കൂടുതലുമെത്തുന്നത്. നിലവിൽ ഇവരുടെ യാത്രയ്ക്കു നിയന്ത്രണങ്ങളില്ല.

കേരളത്തിൽ നിന്നുള്ള യാത്രക്കാരിൽ അഞ്ചു ശതമാനത്തിലും താഴെയാണ് മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരികളെന്നാണ് കണക്ക്. മറ്റു വിദേശരാജ്യങ്ങളെക്കാൾ ചെലവു കൂടുതലാണ് മാലദ്വീപ് യാത്രയ്ക്ക്. മൂന്നുദിവസത്തെ പാക്കേജിന് ഒരാൾക്കു തന്നെ ഒരു ലക്ഷം രൂപ വരെ വേണ്ടിവരും. കടലോര വിനോദസഞ്ചാര കേന്ദ്രമായതിനാൽ മലയാളികളെക്കാൾ ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളാണ് മാലദ്വീപിലേക്കു യാത്രചെയ്യുന്നത്. അതുകൊണ്ടാണ് മോദിയെ അധിക്ഷേപിച്ചത് മാലദ്വീപിന് വിനയാകുന്നത്. മാലദ്വീപിൽ ഹണിമൂൺ പാക്കേജുകളാണ് കൂടുതലും വാഗ്ദാനം ചെയ്യുന്നത്. ഇതെല്ലാം റദ്ദാക്കുകയാണ് പലരും.

ഇത് മാലദ്വീപിന് വലിയ പ്രതിസന്ധിയാകും. അതുകൊണ്ടാണ് മാലദ്വീപിന്റെ പ്രസിഡന്റ് അതിവേഗം ഇന്ത്യയിലേക്ക് വരുന്നത്. എങ്ങനേയും ഇന്ത്യയെ ആശ്വസിപ്പിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പ്രസ്താവനയക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാൻ മാലദ്വീപ് നീക്കം തുടങ്ങി. മാലദ്വീപ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. സാമൂഹികമാധ്യമ പ്രസ്താവനകൾ തള്ളുന്നു എന്ന് മാലദ്വീപ് സർക്കാർ വ്യക്തമാക്കി. ഇതിനിടെ, പരസ്യപ്രസ്താവനയിലൂടെ ബന്ധം വഷളാക്കേണ്ടെന്ന് പാർട്ടി നേതാക്കൾക്ക് ബിജെപി നിർദ്ദേശം നൽകി. അതേസമയം, പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവും മാലദ്വീപിൽ മന്ത്രിമാരെ പുറത്താക്കിയതും രാജ്യാന്തര തലത്തിൽ ശ്രദ്ധനേടിയതോടെ ലക്ഷദ്വീപിന്റെ ടൂറിസം വളർച്ചക്ക് സാധ്യത കൂടിയെന്നതാണ് വസ്തുത.

തിരുവനന്തപുരത്തുനിന്ന് മാലദ്വീവിയൻ എയർലൈൻസും കൊച്ചിയിൽനിന്ന് മാലദ്വീവിയൻ ഇൻഡിഗോയുമാണ് മാലദ്വീപിലേക്കു വിമാന സർവീസ് നടത്തുന്നത്. മാലദ്വീപിലേക്ക് തിരുവനന്തപുരത്തുനിന്ന് ആഴ്ചയിൽ നാലു സർവീസാണുള്ളത്. കേരളത്തിൽ വിദഗ്ദ്ധചികിത്സയ്ക്കും മറ്റുമായെത്തുന്ന മാലദ്വീപ് പൗരന്മാരും അവിടെ ജോലിചെയ്യുന്ന മലയാളികളുമാണ് മാലദ്വീപിലേക്കു സ്ഥിരമായി യാത്രചെയ്യാറുള്ളത്. അവർ യാത്ര തുടരും. അതുകൊണ്ട് തന്നെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇടിവുണ്ടാകില്ല. കേരളത്തിലേക്ക് ഏറ്റവും അധികം പേരെത്തുന്ന വിദേശ രാജ്യങ്ങളിൽ ഒന്നാണ് മാലദ്വീപ്.

ശരാശരി 150 യാത്രക്കാരാണ് നിത്യവും തിരുവനന്തപുരെേത്തക്കത്തുന്നതും മടങ്ങുന്നതും. ഇവരിൽ 95 ശതമാനം പേരും മാലദ്വീപ് പൗരന്മാരാണ്. മെഡിക്കൽ കോളേജ്, ഇതിനടുത്തുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് മാലദ്വീപുകാരുടെ ചികിത്സ. മെഡിക്കൽ കോളേജിനടുത്ത് ആയിരക്കണക്കിന് മാലദ്വീപ് സ്വദേശികളാണ് താമസിക്കുന്നത്. പൗരന്മാരുടെ സേവനങ്ങൾക്കായി ദക്ഷിണേന്ത്യയിലെ ഏക മാലദ്വീപ് കോൺസുലേറ്റ് പ്രവർത്തിക്കുന്നതും കുമാരപുരത്താണ്. അങ്ങനെ മാലദ്വീപിന് ഇന്ത്യയിൽ കൂടുതൽ ബന്ധം കേരളവുമായാണ്.

ഒരു മണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്കെത്താം. മാലദ്വീപും ഇന്ത്യയും തമ്മിൽ വിസ കരാർ നിലവിലുണ്ട്. ചികിത്സ, വിനോദസഞ്ചാരം എന്നിവയ്ക്കായി 90 ദിവസം വരെ വിസയില്ലാതെ ഇരു രാജ്യത്തും തങ്ങാനാകും. ഔദ്യോഗികമായി ഫോറിനഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

കേരളത്തിൽ നിന്ന് മാലദ്വീപിലേക്കുള്ള യാത്രാ ബുക്കിങ് റദ്ദാക്കപ്പെടുന്നില്ലെങ്കിലും ലക്ഷദ്വീപ് യാത്രയുടെ സാധ്യത തേടിയുള്ള അന്വേഷണങ്ങൾ ടൂർ ഓപ്പറേറ്റർമാർക്ക് കൂടുതൽ കിട്ടി തുടങ്ങി. എന്നാൽ ടൂറിസത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ യാത്രാ സംവിധാനങ്ങളോ ദ്വീപിലില്ല എന്നതാണ് പ്രധാന വെല്ലുവിളി.കടൽക്കാഴ്ചകളുടെ സൗന്ദര്യം, പവിഴപ്പുറ്റുകൾ, ദ്വീപിലെ സായാഹ്നങ്ങൾ എന്നിങ്ങനെ ലക്ഷദ്വീപിന്റെ സൗന്ദര്യം നേരിട്ട് കാണാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ യാത്രാസൗകര്യമില്ലാത്തതുമാണ് പലരെയും ലക്ഷദ്വീപിൽനിന്നും അകറ്റിനിർത്തുന്നത്. ഇതിന് മാറ്റം വന്നുവെന്നാണ് മോദിയുടെ യാത്ര വ്യക്തമാക്കുന്നത്.