ലണ്ടൻ: ആഗോളവത്കരണം ലോകത്തെയാകെ ഒരു ഗ്ലോബൽ വില്ലേജ് ആയി ചുരുക്കിയപ്പോൾ, ലൊകത്തിന്റെ ഏത് കോണിൽ നടക്കുന്ന പ്രശ്നങ്ങളും ആഗോളാടിസ്ഥാനത്തിൽ തന്നെ മനുഷ്യ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള പ്രധാന സമുദ്രപാതയായ ചെങ്കടലിൽ, ചരക്കു കപ്പലുകൾക്ക് നേരെ ഹൂതി വിമതർ നടത്തുന്ന ആക്രമണം യു കെയിലെ പണപ്പെരുപ്പം 0.2 മുതൽ 0.5 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിൽ ഒന്നായ ചെങ്കടലിൽ നടക്കുന്ന ആക്രമണങ്ങൾ ബ്രിട്ടീഷ് സമ്പദ്ഘടനയിൽ പ്രതികൂല പ്രഭാവം സൃഷ്ടിച്ചേക്കുമെന്ന് ചാൻസലർ ജെറമി ഹണ്ട് കഴിഞ്ഞ ദിവസം സമ്മതിക്കുകയും ചെയ്തിറ്റുന്നു. അവശ്യ സാധനങ്ങൾക്ക് വില കൂടുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. മദ്ധ്യപൂർവ്വ ദേശങ്ങളിലെ രാജ്യങ്ങൾക്ക് ഉണ്ടാകുന്നത്ര പ്രയാസങ്ങൾ പക്ഷെ ബ്രിട്ടൻ നേരിടേണ്ടിവരില്ല.

ഈജിപ്തിനാണ് ഈ സംഘർഷം മൂലം ഏറ്റവുമധികം നഷ്ടമുണ്ടാകുന്നത്. സൂയസ് കനാലിലൂടെയുള്ള ഗതാഗതം കപ്പലുകൾ ഒഴിവാക്കാൻ തുടങ്ങിയതോടെ ആ ഇനത്തിൽ ലഭിക്കേണ്ട വൻ വരുമാനമാണ് ഈജിപ്തിന് ഇല്ലാതെയാകുന്നത്. ഇതുവഴി പോയിരുന്ന ചരക്കു കപ്പലുകളിൽ 30 ശതമാനത്തിലേറെ തെക്കൻ ആഫ്രിക്കൻ മുനമ്പ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

ആഫ്രിക്ക വൻകര ചുറ്റി കപ്പലുകൾ വരാൻ തുടങ്ങിയതോടെ ചരക്ക് ഗതാഗത കൂലി, ഹൂതി ആക്രമണത്തിനു ശേഷം ആഴ്ചകൾക്കുള്ളിൽ തന്നെ ഇരട്ടിയോളമായി വർദ്ധിച്ചു. മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് ചെങ്കടൽ വഴി വരുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നത്. ഇന്റ്ര്നാഷണൽ മാരി9ടൈം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഇതുവരെ 27 ഓളം ചരക്കു കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്.

ഇതോടെ അമേരിക്കയും ബ്രിട്ടനും ചേർന്ന് ഹൂതികൾക്ക് നേരെ ഒരു സംയുക്ത സൈനിക നടപടിക്കായി ആലോചിക്കുന്നതായ വാർത്ത ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നിരുന്നു. ഹൂതികളുടെ പ്രവൃത്തി സ്വീകാര്യമല്ലെന്നും, അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഇതുപോലെ ഏറെനാൾ തുടരാൻ അനുവദിക്കാനാവില്ലെന്ന കാര്യത്തിൽ അമേരിക്കയും, ബ്രിട്ടനും മറ്റ് സഖ്യ കക്ഷികളും ഏകാഭിപ്രായക്കാരാണെന്നും അദ്ദേഹം ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞു.