തായ്‌പേയ് : ചൈനീസ് ഭരണകൂടത്തെ വെല്ലുവിളിച്ച് തയ്വാൻ ജനത ലായ് ചിങ്‌തെയെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോൾ ഇനി എന്തു സംഭവിക്കുമെന്നത് നിർണ്ണായകം. തയ്വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്‌തെയുടെ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) ആണ് 8 വർഷമായി രാജ്യം ഭരിക്കുന്നത്. മൂന്നാം തവണയും അധികാരം പിടിച്ച ഡിപിപി ഭരണത്തുടർച്ചയിൽ ചരിത്രം കുറിച്ചു. ഇത് ചൈനയെ പ്രകോപിപ്പിക്കും. ഭരണം നിലനിർത്തിയെങ്കിലും 113 സീറ്റുള്ള പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതു ഡിപിപിക്കു ക്ഷീണമാണ്.

അധിനിവേശവും അതിർത്തി കയ്യേറ്റവും നയപരിപാടിയാക്കിയ ചൈനീസ് ഭരണകൂടത്തെ വെല്ലുവിളിച്ച് തയ്വാൻ ജനത ലായ് ചിങ്‌തെയെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കുന്നത്. യുഎസിന്റെ ഉറച്ച പിന്തുണയുള്ള ഡിപിപി അധികാരം നിലനിർത്തിയത് ഇന്ത്യയും പ്രതീക്ഷയോടെയാണ് കാണുന്നത്. ചൈനീസ് അനുകൂല ഭരണം വന്നിരുന്നുവെങ്കിൽ അത് തായ് വാന്റെ നയതന്ത്ര ബന്ധങ്ങളെ പോലും ബാധിക്കുമായിരുന്നു. അധികാരം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ചൈനീസ് പക്ഷം.

അതുകൊണ്ട് ചൈനയുടെ രോഷം ഇനി പല തരത്തിൽ പ്രതിഫലിക്കാനാണു സാധ്യത. മേഖല കൂടുതൽ സംഘർഷഭരിതമായേക്കും. സൈനിക നടപടികളിലേക്കു നീങ്ങിയാൽ യുഎസ് പടക്കോപ്പുകൾ നൽകി തയ്വാനെ സഹായിക്കും. വില്യം എന്നും അറിയപ്പെടുന്ന ലായ് ചിങ്‌തെ (64) നിലവിൽ വൈസ് പ്രസിഡന്റാണ്. ഹാർവഡ് പൂർവവിദ്യാർത്ഥിയായ ഡോക്ടറാണ്. ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുകൾ വില്യം തുടരും.

ചൈനയും അമേരിക്കയും ഒരുപോലെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച തയ്‌വാനിൽ നടന്നത്. അതിലാണ് 41 ശതമാനത്തിലേറെ വോട്ടുനേടി ചൈനയ്ക്ക് അപ്രിയനായ വില്യം ലായ് മുന്നിലെത്തിയത്. 'യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സര'മെന്നാണ് തയ്‌വാൻ തിരഞ്ഞെടുപ്പിനെ ചൈന വിശേഷിപ്പിച്ചത്. വില്യം ലായ് ജയിച്ചാൽ ചൈന-തയ്‌വാൻ ബന്ധത്തിന് അപകടകരമായ ഭീഷണിയാണെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഇതെല്ലാം തള്ളിയാണ് തയ്വാൻ ജനത വിധിയെഴുതിയത്.

അന്തസ്സും സമഭാവനയും ഉറപ്പാക്കിയുള്ള ആരോഗ്യകരമായ അനുരഞ്ജന ചർച്ചകളാണ് ചൈനയുമായി ആഗ്രഹിക്കുന്നതെന്ന് വിജയത്തിനു പിന്നാലെ അദ്ദേഹം വ്യക്തമാക്കി. യുഎസിനോടു ചേർന്നുനിന്നും ചൈനയെ പ്രകോപിപ്പിക്കാതെയും നിലവിലെ പ്രസിഡന്റ് സായ് ഇങ്വെൻ തുടർന്നുപോന്ന സമദൂര നയതന്ത്രം തുടരുമെന്ന് ലായ് പറഞ്ഞിരുന്നു. 2 തവണയിലേറെ പ്രസിഡന്റാകാൻ വിലക്ക് ഉള്ളതിനാലാണു സായ് വീണ്ടും മത്സരിക്കാതെ ലായ് സ്ഥാനാർത്ഥിയായത്. അടുത്ത മേയിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.

ചൈനയുടെ ഭീഷണിയിൽനിന്ന് തയ്‌വാനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയി വില്യം ലായ് പ്രതികരിച്ചു. "തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ നീക്കം തയ്‌വാൻ ജനത തള്ളിയിരിക്കുന്നു. തയ്വാൻ കടലിടുക്കിൽ സമാധാനവും സ്ഥിരതയും നിലനിർത്തും. ചൈനയിൽനിന്നുള്ള തുടർച്ചയായ ഭീഷണികളിൽനിന്ന് തായ്വാനെ സംരക്ഷിക്കുമെന്ന് ഞങ്ങൾ ദൃഢപ്രതിജ്ഞയെടുക്കുന്നു" - വിജയപ്രസംഗത്തിൽ പറഞ്ഞു.

യുഎസിലെ മുൻ സ്ഥാനപതി കൂടിയായ ഷായ് ബി കിം അടുത്ത വൈസ് പ്രസിഡന്റാകും. തായ്-യുഎസ് കുടുംബവേരുകളുള്ള ഇവർ യുഎസിലെ തായ്ലൻഡ് പ്രതിനിധിയായ ആദ്യത്തെ വനിതയാണ്. ചൈനയോട് കൂറുള്ള കുമിന്താങ് പാർട്ടിയിലെ ഹുയുയിയാണ് രണ്ടാംസ്ഥാനത്ത്. അദ്ദേഹത്തിന് 33 ശതമാനത്തിലേറെ വോട്ടുകിട്ടി. പരാജയം സമ്മതിക്കുന്നതായും വില്യം ലായിയെ അഭിനന്ദിക്കുന്നതായും ഹുയുയി പ്രതികരിച്ചു. യുവാക്കളുടെ പിന്തുണയുള്ള തയ്വാൻ പീപ്പിൾസ് പാർട്ടിയുടെ (ടി.പി.പി.) കൊവെൻ ജെയാണ് മൂന്നാംസ്ഥാനത്ത്.

വർഷങ്ങളായി ചൈന അവകാശവാദമുന്നയിക്കുന്ന സ്വയംഭരണപ്രദേശമാണ് തയ്‌വാൻ. 1949-ലെ ആഭ്യന്തരയുദ്ധത്തിലൂടെയാണ് അവർ ചൈനയുമായി ഭിന്നിച്ചത്. എട്ടുവർഷമായി ചൈനയും തയ്‌വാനും തമ്മിൽ ആശയവിനിമയം നടത്തിയിട്ട്. അധികാരത്തിലെത്തിയാൽ ചൈനയുമായി നയതന്ത്രചർച്ചകൾ പുനഃസ്ഥാപിക്കുമെന്ന് ഹുയുയി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികമാന്ദ്യവും ജീവിതച്ചെലവിലെ വർധനയും പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കിയെങ്കിലും അത് ഗുണമായില്ല.