ടെഹ്‌റാൻ: ഇറാൻ മൂന്നാം ലോകമഹായുദ്ധം തുടങ്ങാനുള്ള പുറപ്പാടിലാണോ? സിറിയയിലും, ഇറാഖിലും, പാക്കിസ്ഥാനിലും നടത്തിയ മിസൈലാക്രമണങ്ങൾ വലിയ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്. ഇറാനും, പാക്കിസ്ഥാനും തമ്മിലുള്ള അടിയും തിരിച്ചടിയും കൈവിട്ടുപോകുമോ എന്നും സംശയം ഉയരുന്നുണ്ട്. പാക്കിസ്ഥാന്റെ ആക്രമണങ്ങൾക്ക് ഇറാൻ അതേഭാഷയിൽ മറുപടി പറയുമോ എന്നാണ് അറിയേണ്ടത്. പാക്കിസ്ഥാന്റെ ഏറ്റവും ഉന്നത നയതന്ത്ര പ്രതിനിധിയെ ഇറാൻ സർക്കാർ വിളിച്ചു വരുത്തി. അതിനിടെ, പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ 9 ആയി ഉയർന്നു. ഡ്രോണുകളും, റോക്കറ്റുകളും മറ്റായുധങ്ങളും പ്രയോഗിച്ചായിരുന്നു പാക് സേനയുടെ ആക്രമണം. മൂന്നു സ്ത്രീകളും, രണ്ടുപുരുഷന്മാരും, നാലുകുട്ടികളുമാണ് കൊല്ലപ്പെട്ടത്.

അടിയന്തര സാഹചര്യത്തിൽ, ദാവോസ് സന്ദർശനം വെട്ടിച്ചുരുക്കി പാക് പ്രധാനമന്ത്രി അൻവറുൾ ഹഖ് കക്കർ പാക്കിസ്ഥാനിൽ തിരിച്ചെത്തി. ലോക സാമ്പത്തിക ഫോറത്തിന്റെ 54 ാംമത് വാർഷിക യോഗത്തിൽ പങ്കെടുക്കാനാണ് പാക് പ്രധാനമന്ത്രി ദാവോസിലേക്ക് പോയത്.

ഓപ്പറേഷൻ മാർഗ് ബർ സർമചാർ എന്ന പ്രത്യാക്രമണം ഇറാനിലെ സീസ്റ്റൻ-ഒ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകരരുടെ ഒളിയിടങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്ന് പാക് വിദേശമന്ത്രാലയം അറിയിച്ചു. ഇറാനെ സഹോദര രാഷ്ട്രമെന്നാണ് വിദേശ മന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാൽ, ഇന്നത്തെ ആക്രമണം, പാക്കിസ്ഥാന്റെ സുരക്ഷയും, ദേശീയ താൽപര്യവും കണക്കിലെടുത്താണെന്നും, രാഷ്ട്രമെന്ന നിലയിൽ ഇറാന്റെ പരമാധികാരത്തെ പൂർണമായി മാനിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

.ഇറാന്റെ പ്രദേശങ്ങളിലുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്തിയെന്നാണ് പാക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ ഇറാൻ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇറാൻ ആക്രമണം നടത്തി ഒരുദിവസം പിന്നിട്ടപ്പോഴായിരുന്നു തിരിച്ചടി.

അതേസമയം വിഷയത്തിൽ നിലപാട് അറിയിച്ചു ഇന്ത്യയും രംഗത്തെത്തി. പാക്കിസ്ഥാനെതിരായ ഇറാന്റെ മിസൈൽ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചത്. പതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭീകരവാദത്തോട് യാതൊരുവിധ സന്ധിയുമില്ലെന്ന നിലപാട് അധികൃതർ ആവർത്തിച്ചു.

"ഇത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോട് യാതൊരു സന്ധിയുമില്ല എന്നതാണ് നിലപാട്. സ്വയരക്ഷയ്ക്കും പ്രതിരോധത്തിനുമായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇന്ത്യ മനസ്സിലാക്കുന്നു." വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജെയ്ഷ് അൽ - അദ്ൽ എന്ന ഇറാനിയൻ ഭീകരഗ്രൂപ്പിന്റെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി. ഇറാനിലെ തങ്ങളുടെ അംബാസഡറെ പാക്കിസ്ഥാൻ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാൻ അംബാസഡർ തിരികെ വരുന്നതും വിലക്കി.

പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിക്കുകയും ചെയ്തു.സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന തദ്ദേശീയ സുന്നി മുസ്ലിം തീവ്രവാദി ഗ്രൂപ്പായ ജെയ്ഷ് അൽ - അദ്ൽ ഇറാനിലും പാക്കിസ്ഥാനിലും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ബലൂചിസ്ഥാനിലെ പഞ്ച്ഗുഡിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ബോംബുകൾ വഹിച്ച ആറ് ഡ്രോണുകളും റോക്കറ്റുകളുമാണ് ഇറാൻ പ്രയോഗിച്ചത്.

ആക്രമണത്തിൽ ഒരു പള്ളിയും തകർന്നു. ഇസ്രയേൽ - ഗസ്സ സംഘർഷം തുടരുന്നതിനിടെ ഫലസ്തീനികളെ അനുകൂലിച്ച് ഇറാൻ സിറിയയിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാക്കിസ്ഥാനിലും കടന്നാക്രമിച്ചത്. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണെന്ന് ഇറാൻ പറയുന്നു. ജെയ്ഷ് അൽ - അദ്‌ലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഇറാൻ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.

പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കറും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്ദൊള്ളഹയാനും സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുകയും പേർഷ്യൻ ഗൾഫിൽ ഇരുരാജ്യങ്ങളുടെയും നാവിക സേന സംയുക്ത സൈന്യകാഭ്യാസം നടത്തുകയും ചെയ്യുന്നതിനിടെയാണ് ആക്രമണം. അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദികൾക്ക് അഭയം നൽകുന്നെന്ന് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നത് പതിവാണ്.900 കിലോമീറ്റർ വരുന്ന ഇറാൻ - പാക്കിസ്ഥാൻ അതിർത്തി വളരെക്കാലമായി സംഘർഷ ഭരിതമാണ്.

തിങ്കളാഴ്ച വൈകിട്ടു വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ നഗരമായ ഇർബിലിലും വടക്കൻ സിറിയയിലെ ഐഎസ് താവളങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ചു കുർദിഷ് പ്രധാനമന്ത്രി മസ്റൂർ ബർസാനി ഇറാഖ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്നലെയാണു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

ഇറാഖിലെ അർധ സ്വയംഭരണ മേഖലയാണു കുർദിസ്ഥാൻ. കുർദ് തലസ്ഥാനനഗരമായ ഇർബിലിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനമാണു ബോംബിട്ടു തകർത്തതെന്നാണ് ഇറാന്റെ വാദം. മിസൈലാക്രമണത്തിൽ പ്രമുഖ കുർദിഷ് വ്യവസായി പേഷ്റോ ദിസായിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. കുർദുകൾ പരമ്പരാഗതമായി പാശ്ചാത്യശക്തികൾക്കൊപ്പമാണ്.

2003ൽ സദ്ദാം ഹുസൈൻ അധികാരഭ്രഷ്ടനായശേഷം ശക്തിപ്രാപിച്ച ഷിയാ സംഘടനകളിലൂടെ ഇറാഖ് രാഷ്ട്രീയത്തിലും ഭരണത്തിലും ഇറാനു നിർണായക സ്വാധീനമാണുള്ളത്. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അധികാരത്തിലെത്തിയത് ഇറാൻ അനുകൂല ഷിയ സംഘടനകളുടെ പിന്തുണയോടെയാണ്.

എന്നാൽ, രാജ്യത്തിനകത്തു നടത്തിയ ആക്രമണം മൂലം ഇറാൻവിരുദ്ധ നിലപാടെടുക്കാൻ സർക്കാർ നിർബന്ധിതമായി. വ്യോമാതിർത്തി ലംഘിച്ച ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു പാക്കിസ്ഥാനും മുന്നറിയിപ്പു നൽകി. ജയ്ഷെ അൽ അദ്ൽ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച്ഗറിലെ 2 താവളങ്ങളും തകർത്തുവെന്നാണ് ഇറാൻ വ്യക്തമാക്കിയത്.

കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്തൻ ബലൂചിസ്ഥാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാൻ അതിർത്തി മേഖലയിൽ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് ഭീകരസംഘടനയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാൻ അറിയിച്ചു.
പാക് തിരിച്ചടിയിൽ ഇറാനിൽ 7 പേർ കൊല്ലപ്പെട്ടു