ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയെ തീവ്ര വലതുപക്ഷ സംഘടനയായ റിഫോം യു കെ വിഴുങ്ങുന്നതായി പുതിയ നിരീക്ഷണം. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവ്വേകളിൽ, 2022 ഒക്ടോബറിൽ ഋഷി സുനക് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനപിന്തുണ ടോറികൾക്ക് ലഭിച്ചതായി കണ്ടതോടെയാണ് ഈ അനുമാനം ശക്തമായിരിക്കുന്നത്. റെഡ്ഫീൽഡ് വിൽടൺ നടത്തിയ സർവ്വേയിൽ ടോറികളുടെജനപിന്തുണ വെറും 22 പോയിന്റ് മാത്രമാണെന്നാണ് വ്യക്തമാകുന്നത്. ലിസ് ട്രസ്സിൽ നിന്നും ഋഷി അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വെറും ഒരു പോയിന്റ് മാത്രം കൂടുതൽ.

നേരെമറിച്ച്, തീവ്ര വലതുപക്ഷ ആശയക്കാരായ റിഫോം പാർട്ടിക്ക് ടോറികൾക്ക് ലഭിച്ചതിന്റെ പകുതിയിലേറെ പോയിന്റുകൾ ലഭിച്ചു. ഇതുവരെ നടത്തിയ സർവ്വേകളിലെയെല്ലാം മികച്ച ഫലമായ 12 പോയിന്റുകളാണ് ഇത്തവണ റിഫോം പാർട്ടി നേടിയത്. അതേസമയം, ജനുവരി 14 ന് ശേഷം ലേബർ പാർട്ടിയുടെ ജനപ്രീതിയിൽ 4 പോയിന്റിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ സമയ അളവിൽ കൺസർവേറ്റീവുകൾക്ക് 3 ശതമാനം ജനപിന്തുണ കുറയുകയും ചെയ്തു.

റെഡ്ഫീൽഡ് വിറ്റൺ പറയുന്നത് 2019- ൽ ടോറികൾക്ക് വോട്ടു ചെയ്തവരിൽ 18 ശതമാനത്തോളം പേർ ഇപ്പോൾ റിഫോമ്മ് യു കെയെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ്. വെല്ലിങ്ബറോയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഋഷി സുനാകിന്റെഭരണത്തിന്റെ റെഫറണ്ടം ആയിരിക്കുമെന്നാന് വിറ്റൺ പറയുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, റിഫോം യു കെ ഉപനേതാവ് , ബെൻ ഹബിബ് പറഞ്ഞത്, തങ്ങളുടെ കൈവശം ഉള്ളതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18,000 വോട്ടിന്റെ ഭൂരിപക്ഷം ഉള്ളതുമായ സീറ്റ് നിലനിർത്താൻ ആയില്ലെങ്കിൽ, ഋഷിക്ക് പ്രധാനമന്ത്രിയായി തുടരാൻ അർഹത ഇല്ലാ എന്നായിരുന്നു.

ഒരു മാറ്റം ആവശ്യമാണെന്ന സന്ദേശം സർക്കാരിന് നൽകാൻ വെല്ലിങ്ബറോയിലെ സമ്മതിദായകർക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിബറൽ ഡെമോക്രാറ്റുകൾ ഈ സർവ്വേയിൽ റിഫോമ്മ് യു കെക്ക് പുറകിലായി നാലാം സ്ഥാനത്താണ് എത്തിയത് എന്നതും ശ്രദ്ധേയമാണ്. '' പോയിന്റാണ് അവർക്ക് ലഭിച്ചത്. ഗ്രീൻസിന് 6 പോയിന്റും എസ് എൻ പി ക്കും മറ്റുള്ളവർക്കും 2 പോയിന്റുകൾ വീതം ലഭിക്കുകയും ചെയ്തു.

2019-ൽ ടോറികൾക്ക് വോട്ടു ചെയ്തവരിൽ 47 ശതമാനം പേർ മാത്രമാണ് ഇത്തവണയും ടോറികൾക്ക് തന്നെ വോട്ടും ചെയ്യും എന്ന് പറയുന്നത്. അവരിൽ അഞ്ചിൽ ഒന്നു പേർ (20 ശതമാനം) പേർ പറയുന്നത് നാളെയാണ് വോട്ടിങ് എങ്കിൽ അവർ ലേബർ പാർട്ടിക്ക് വോട്ടു ചെയ്യുമെന്നായിരുന്നു. ഋഷി സുനകിന്റെ പേഴ്സണൽ റേറ്റിംഗും മൈനസ് 21 ലേക്ക് താഴ്ന്നു. ഒരാഴ്‌ച്ചകൊണ്ട് ആറ് പോയിന്റുകളാണ് ഇടിഞ്ഞത്.