- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധമുഖത്ത് നിന്നും ഭർത്താക്കന്മാരെ തിരിച്ചു കൊണ്ടുവരുവാൻ പുടിനോടാവശ്യപ്പെട്ട് റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ; റഷ്യൻ ഗവൺമെന്റിന്റെ അറസ്റ്റ് ഭീഷണികൾക്കിടയിൽ സ്ത്രീകളുടെ അപൂർവ്വ പ്രതിഷേധം തുടരുന്നു
ലണ്ടൻ: യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് റഷ്യൻ സൈനികരുടെ ഭാര്യമാരുടെ പ്രതിഷേധം. യുക്രെയിനിൽ നിന്നും തങ്ങളുടെ ഭർത്താക്കന്മാരെ തിരികെ കൊണ്ടു വരണമെന്ന ആവശ്യം ഉയർത്തുകയാണ് സൈനികരുടെ ഭാര്യമാർ. യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയച്ചപ്പോൾ സൈനിക മേധാവികൾ പറഞ്ഞത് പച്ചക്കള്ളമായിരുന്നു എന്ന് അവർ ആരോപിക്കുന്നു.
ഒരു സൈനികന്റെ പത്നിയായ മറിയ ആൻഡ്രേവ എന്ന യുവതി യുദ്ധ വിരുദ്ധ സമരത്തിന് ഇറങ്ങിയതോടെ അവർ അറസ്റ്റിലായി. എന്നാലും പിന്നീട് അവരെ കേസൊന്നും ചാർജ്ജ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. തങ്ങളുടെ പുരുഷന്മാർ യുദ്ധമുന്നണിയിൽ അധികാരികൾക്കായി പടപൊരുതുമ്പോൾ, ഒരു സൈനികന്റെ ഭാര്യയെ തടവിലാക്കുകയായിരുന്നു ഭരണകൂടം എന്നായിരുന്നു വിട്ടയച്ചതിനു ശേഷമുള്ള ഒരു പ്രകടനത്തിൽ പങ്കെടുക്കവെ അവർ പറഞ്ഞത്.
തങ്ങളുടെ ഭർത്താക്കന്മാരെയും അച്ഛന്മാരേയും മക്കളെയും തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് സ്ത്രീകൾ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. യുക്രെയിൻ യുദ്ധം ഒരു തെറ്റായ തീരുമാനമായിരുന്നു എന്നും അതിന്റെ വില കൊടുക്കേണ്ടി വന്നത് തങ്ങളായിരുന്നു എന്നും അറസ്റ്റിന് ശേഷം മറിയ പറഞ്ഞു. ദീർഘദൃഷ്ടിയില്ലാത്ത ഭരണകൂടത്തിന്റെ തീരുമാനം ഒരു വിഢിത്തമായിരുന്നു എന്നും അവർ പറയുന്നു.
റഷ്യൻ അതികൃതർ തങ്ങളെ ചതിക്കുകയായിരുന്നു എന്ന് മറിയ പറയുന്നു. അച്ഛനെ കാണാതെ തന്റെ മകൾ ഏറെ വിഷമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിരോധ വകുപ്പ് അതിന്റെ പണമെല്ലാം ചിലവഴിച്ചു കഴിഞ്ഞു., ഇനി അവർ തങ്ങളുടെ പുരുഷന്മാരെ പിഴിയുമെന്നും പ്രതിഷേധക്കാർ പറയുന്നു. അവരുടെ അവസാന ശ്വാസം പോലും ഭരണകൂടം പിഴിഞ്ഞെടുക്കും.
യുദ്ധത്തിനു ശേ$ഷം തിരികെ എത്തുന്ന രോഗ ബാധിതരോ അംഗവൈകല്യം സംഭവിച്ചവരോ ആയ പുരുഷന്മാർ ആയിരിക്കുമെന്നും സ്ത്രീകൾ ആരോപിക്കുന്നു. ഏതുവിധേനയും പ്രതിഷേധങ്ങളെ ഇല്ലാതെയാക്കാനാണ് റഷ്യൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. തെരുവുകളിലേക്ക് പ്രതിഷേധം വ്യാപിക്കാതിരിക്കാൻ എല്ലാ അടവുകളും അവർ പയറ്റുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ ഭരണകൂടത്തിന്റെ കൂനിന്മേൽ ഒരു കുരുവായിരിക്കുകയാണ് സൈനികരുടെ സ്ത്രീകൾ എന്ന് ഇപ്പോൾ റഷ്യയ്ക്ക് പുറത്ത് താമസിക്കുന്ന റഷ്യൻ ജേണലിസ്റ്റ് മിഖായേൽ നാക്കെ പറയുന്നു. യുദ്ധത്തെ നഖശിഖാന്തം എതിർത്ത വ്യക്തിയാണ് നാക്കെ. സ്ത്രീകളുടെ അടക്കിപ്പിടിച്ചുള്ള പ്രതിഷേധത്തിന് സാവധാനം കരുത്താർജ്ജിച്ചു വരികയാണെന്നും നാക്കെ പറയുന്നു. എല്ലാം, പുടിൻ പറയുന്നത് പോലെ സുഗമമായല്ല പോകുന്നത് എന്നതിന് തെളിവാണിതെന്നും നാക്കെ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ