- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊയിസുവിന് കടുത്ത പ്രതിസന്ധിക്കാലം
മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനായി പ്രമേയം കൊണ്ടുവരാൻ പ്രധാന പ്രതിപക്ഷകക്ഷിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) പദ്ധതിയിടുമ്പോൾ അട്ടിമറിക്കാൻ ചൈനീസ് ചാരന്മാരും. തിങ്കളാഴ്ചനടന്ന എം.ഡി.പി. പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതിനു തീരുമാനിച്ചത്. എൺപതംഗ പാർലമെന്റിൽ എം.ഡി.പി.യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഈ നീക്കം നടന്നേക്കും.
ഭരണത്തിൽ മധുവിധുക്കാലം തീരുംമുൻപേ മാലദ്വീപിൽ പുതിയ പ്രസിഡന്റിന്റെ കാലാവധി തീരുമോ? എന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ വർഷം നവംബറിൽ അധികാരത്തിലേറിയ മുയിസു, എഴുപതിലേറെ ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യാവിരുദ്ധതയും ചൈനയോടു കടുത്ത ആഭിമുഖ്യവും മുഖമുദ്രയാക്കിയ നേതാവാണ് മുയിസു. നവംബർ 17-ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ മുയിസു, മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ, ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മുയിസു സർക്കാരിലെ മൂന്നുമന്ത്രിമാർ രംഗത്തെത്തി. ഇതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം മോശമായി. ഇതിനിടെ ഇന്ത്യൻ എയർ ആംബുലൻസിന് അനുമതി നിഷേധിച്ചപ്പോൾ ഒരാൾക്ക് ജീവൻ പോയി. ഇതെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. പാർലമെന്റിലെ കൂട്ട അടിയും കളി കൈവിട്ട അവസ്ഥയിലാക്കി. ചൈനീസ് അനുകൂലിയായ മുയിസുവിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ചൈനീസ് ചാരക്കപ്പലിനു രാജ്യത്തു നങ്കൂരമിടാൻ അടുത്തിടെ അനുവാദം നൽകിയതിനെതിരെ വിമർശനമുയർന്നിരുന്നു. ഇതേച്ചൊല്ലി പാർലമെന്റിൽ വലിയ ബഹളമുണ്ടായി.
ഞായറാഴ്ച പാർലമെന്റിൽനടന്ന നാടകീയരംഗങ്ങൾക്കും കൈയാങ്കളിക്കും പിന്നാലെയാണ് ഇംപീച്ച്മെന്റ് നീക്കം. ഇന്ത്യയോടു സൗഹൃദമുള്ള എം.ഡി.പി. നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 2023 സെപ്റ്റംബറിൽനടന്ന തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് മുയിസു (45) പ്രസിഡന്റായത്. ചൈനയ്ക്കായി വിടു പണിചെയ്യുകായണ് പ്രസിഡന്റ് എന്ന് വിമർശനമുണ്ട്. ഇന്ത്യൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ശ്രമവും ചർച്ചകളിലുണ്ട്. അതുകൊണ്ട് തന്നെ അവിശ്വാസം മുയിസുവിന് നിർണ്ണായകമാകും.
എം.ഡി.പി.യും മറ്റൊരു പ്രതിപക്ഷകക്ഷിയായ ഡെമോക്രാറ്റ്സും (ഡി.ഇ.എം.) ചേർന്ന് ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നതിനാവശ്യമായ ഒപ്പുശേഖരിച്ചിട്ടുണ്ട്. 56 എംപി.മാരുടെ പിന്തുണയുണ്ടെങ്കിൽ പ്രസിഡന്റിനെ ഇംപീച്ചുചെയ്യാമെന്നാണ് ഭരണഘടനയും പാർലമെന്റ് ചട്ടങ്ങളും പറയുന്നത്. 80 അംഗ പാർലമെന്റിൽ എം.ഡി.പി.ക്ക് 45 അംഗങ്ങളും ഡി.ഇ.എമ്മിൽ 13 അംഗങ്ങളുമുണ്ട്. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പി.പി.എം.), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി.) എന്നിവ ചേർന്ന ഭരണസഖ്യത്തിന് 15 അംഗങ്ങളേയുള്ളൂ. ജംഹൂരീ, മാലദ്വീപ് ഡിവലപ്മെന്റ് അലയൻസ് എന്നീ പാർട്ടികളുടെ രണ്ട് എംപി.മാരും മൂന്നു സ്വതന്ത്രരും പാർലമെന്റിലുണ്ട്.
സ്പീക്കർ മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് സലീം എന്നിവർക്കെതിരേ പി.പി.എം.-പി.എൻ.സി. സഖ്യം ഞായറാഴ്ച അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് എം.ഡി.പി. ഇംപീച്ച്മെന്റിനു തയ്യാറെടുക്കുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും എം.ഡി.പി. അംഗങ്ങളാണ്. 19 മന്ത്രിമാരുടെ നിയമനം അംഗീകരിച്ച പാർലമെന്റ്, അറ്റോർണി ജനറൽ, ഇസ്ലാമിക് അഫയേഴ്സ് മന്ത്രി, ഹൗസിങ് മന്ത്രി തുടങ്ങിയവരുടെ നിയമനം എതിർത്തു. പ്രസിഡന്റിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പാർലമെന്റിലെ മൊത്തം അംഗസംഖ്യയുടെ മൂന്നിലൊന്ന് ഭൂരിപക്ഷമാണു വേണ്ടത്. മാലദ്വീപ് പാർലമെന്റായ മജ്ലിസിലെ ആകെ അംഗസംഖ്യ 87 ആണെങ്കിലും നിലവിൽ 80 പേരേയുള്ളൂ.
ഭരണപക്ഷത്തുള്ള പിഎൻസി, പിപിഎം എന്നീ പാർട്ടികൾക്കു വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങളാണ് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. എംഡിപിഡെമോക്രാറ്റ് സഖ്യത്തിലെ 56 എംപിമാർ പ്രമേയത്തിനു പിന്തുണ നൽകിയിട്ടുണ്ട്. ഇംപീച്ച്മെന്റ് പ്രമേയാവതരണത്തിന് 54 പേരുടെ ഒപ്പാണ് വേണ്ടത്. പ്രമേയം അവതരിപ്പിച്ചാൽ മുയിസുവിനു മറുപടി നൽകാൻ 14 ദിവസമാണു ലഭിക്കുക. 14ാം ദിവസം പാർലമെന്റിൽ ഒരു മണിക്കൂർ സ്വയം പ്രതിരോധിക്കാം. ഇതിനുശേഷം വോട്ടെടുപ്പ് നടക്കും. 54 എംപിമാർ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ ഇംപീച്ച്മെന്റ് പാസാവുകയും മുയിസു സ്ഥാനഭ്രഷ്ടനാവുകയും ചെയ്യും. ഭരണഘടന അനുസരിച്ച് പിന്നീട് വൈസ് പ്രസിഡന്റ് ചുമതലയേറ്റെടുക്കും.
മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം മോശമാണ്. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ ഉടൻ പിൻവലിക്കണമെന്നു സ്ഥാനമേറ്റതിന്റെ തൊട്ടടുത്തദിവസംതന്നെ മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നൽകിയ 2 ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്.