മാലെ: ചൈന സന്ദർശനത്തിന് ശേഷം നടത്തിയ മോശം പരാമർശങ്ങളിൽ ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷ പാർട്ടികൾ. പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ജുമൂരി പാർട്ടി (ജെ.പി) നേതാവ് ഖാസിം ഇബ്രാഹിമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഖാസിം ഇബ്രാഹിം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ചൈനാപ്രേമിയായ മുയിസുവിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണു ഗസ്സിം ഇബ്രാഹിമിന്റെ വാക്കുകൾ.

'ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയൽരാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇക്കാര്യം പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 'ഇന്ത്യ ഔട്ട്' ക്യാമ്പെയിൻ നിരോധിച്ച് ഉത്തരവിറക്കിയതും. ഈ ഉത്തരവ് പിൻവലിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ രാജ്യത്തിനാണ് നഷ്ടം. അതുണ്ടാകാൻ പാടില്ല. അതിനാൽ അങ്ങനെ ചെയ്യരുതെന്ന് ഞാൻ മുയിസുവിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം പ്രസിഡന്റ് മുയിസു ചൈന സന്ദർശനത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ഞാൻ ആവശ്യപ്പെടുന്നു', ഖാസിം ഇബ്രാഹിം പറഞ്ഞു.

മോദിയോടു മാപ്പ് പറഞ്ഞ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ ഇല്ലാതാക്കണമെന്നും ഗസ്സിം ഇബ്രാഹിം അഭിപ്രായപ്പെട്ടു. മോദി ലക്ഷദ്വീപ് സന്ദർശിച്ചതിനു പിന്നാലെ മുയിസു മന്ത്രിസഭയിലെ മൂന്നു പേർ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതു വിവാദമായിരുന്നു. ഗവേഷണത്തിനെന്ന പേരിൽ പുറപ്പെട്ട ചൈനീസ് ചാരക്കപ്പലിന് മാലദ്വീപ് തീരത്ത് നങ്കൂരമിടാൻ മുയിസു അനുമതി നൽകിയതും ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്നാണു നിഗമനം.

കഴിഞ്ഞ വർഷമാണ് അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം സോലിഹ് 'ഇന്ത്യ ഔട്ട്' ക്യാമ്പെയിൻ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ദേശസുരക്ഷയ്ക്ക് ഭീഷണി എന്നുപറഞ്ഞാണ് അദ്ദേഹം ക്യാമ്പെയിൻ നിരോധിച്ചത്. ഇതുവഴി ക്യാമ്പെയിനിന്റെ ഭാഗമായ ബാനറുകൾ ഉൾപ്പെടെ നശിപ്പിക്കുകയും പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് എം.ഡി.പി. തിങ്കളാഴ്ച നടന്ന എം.ഡി.പി. പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 80-അംഗ പാർലമെന്റിൽ എം.ഡി.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.

ഞായറാഴ്ച പാർലമെന്റിൽനടന്ന നാടകീയരംഗങ്ങൾക്കും കൈയാങ്കളിക്കും പിന്നാലെയാണ് ഇംപീച്ച്മെന്റ് നീക്കം. ഇന്ത്യയോടു സൗഹൃദമുള്ള എം.ഡി.പി. നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 2023 സെപ്റ്റംബറിൽനടന്ന തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് മുയിസു പ്രസിഡന്റായത്.

നയതന്ത്ര തർക്കത്തിനു പിന്നാലെ, ഇന്ത്യൻ വിമാനത്തിനു മുയിസു അനുമതി നിഷേധിച്ചതിനാൽ പതിനാലുകാരൻ ചികിത്സ കിട്ടാതെ മരിച്ചതായും ആക്ഷേപമുയർന്നു. പാർലമെന്റിൽ ഭൂരിപക്ഷമുള്ള എംഡിപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതിന്റെ ഭാഗമായി എംഡിപി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു.

അതേ സമയം നയതന്ത്ര തർക്കങ്ങൾക്കിടെ മാലദ്വീപിലേക്കുള്ള ഇന്ത്യക്കാരുടെ സഞ്ചാരത്തിൽ വൻ ഇടിവ് ഉണ്ടായതായാണ് റിപ്പോർട്ട്. ദ്വീപിലേക്കുള്ള സഞ്ചാരികളായ ഇന്ത്യക്കാരുടെ എണ്ണം 2023ൽ ഒന്നാംസ്ഥാനത്തായിരുന്നെങ്കിൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത നയതന്ത്ര തർക്കമാണ് ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമെന്നാണു വിലയിരുത്തൽ.

മാലദ്വീപ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ വർധവനവുണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ചൈനയ്ക്ക്. ഡിസംബറിലെ കണക്ക് അനുസരിച്ച് ദ്വീപിലെ ടൂറിസം വിഹിതത്തിൽ ഇന്ത്യയുടെ സംഭാവന 11 ശതമാനമായിരുന്നു. റഷ്യയും ചൈനയുമായിരുന്നു തൊട്ടുപിന്നിൽ. പത്ത് ശതമാനമായിരുന്നു ഇരു രാജ്യങ്ങളുടെയും സംഭാവന. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം എട്ട് ശതമാനം വിപണി വിഹിതവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.

10.6% വിപണിവിഹിതവുമായി റഷ്യൻ സഞ്ചാരികളാണ് ഏറ്റവും മുന്നിൽ. 10.4% യാത്രക്കാരുമായി ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ചൈന കഴിഞ്ഞാൽ യുകെയാണ് ഇന്ത്യയ്ക്കു തൊട്ടുമുന്നിലുള്ള രാജ്യം. ജർമനി, യുഎസ്എ, ഫ്രാൻസ്, പോളണ്ട്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളാണു യഥാക്രമം ആറു മുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ളത്. മാലദ്വീപ് സമ്പദ്വ്യവസ്ഥയുടെ നല്ലൊരു പങ്കും ടൂറിസം വ്യവസായങ്ങളെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. 2023ൽ 2,09,198 ഇന്ത്യക്കാരാണു മാലദ്വീപിലേക്കെത്തിയത്.

ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിനുശേഷം ബോയ്‌കോട്ട് മാലദ്വീപ് ക്യാംപെയ്ൻ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ നടന്നിരുന്നു. ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മാലദ്വീപ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.