നോർത്തേൺ അയർലൻഡിലെ ആദ്യ ദേശീയവാദി ഫസ്റ്റ് മിനിസ്റ്റർ ആയി മിഷേൽ ഓ നീൽ അധികാരമേറ്റെടുത്തു. രാജ്യത്തെ ആദ്യ കത്തോലിക്ക ഫസ്റ്റ് മിനിസ്റ്റർ കൂടിയാണിവർ. ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ക്രൂരകൃത്യങ്ങൾക്ക് മാപ്പ് പറഞ്ഞുകൊണ്ടാണ് മിഷേൽ അധികാരമേറ്റത് എന്നതും ശ്രദ്ധേയമായി. 47 കാരിയായ മിഷേലിന്റെ പിതാവും മറ്റ് രണ്ട് ബന്ധുക്കളും ഐ ആർ എ അംഗങ്ങളായിരുന്നു.

അത്തരത്തിൽ കടുത്ത അയർലൻഡ് വാദ പശ്ചാത്തലത്തിൽ നിന്നും വരുന്ന മിഷേൽ, നോർത്തേൺ അയർലൻഡിന്റെ ഭാവി വളർച്ചക്കായി യൂണിയനിസ്റ്റുകളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. രണ്ടു വർഷത്തെ രാഷ്ട്രീയ അസ്ഥിരതക്ക് ശേഷമാണ് നോർത്തേൺ അയർലൻഡിൽ ഒരു സർക്കാർ രൂപീകരിക്കുന്നത്. ഐറിഷ് ഭാഷയിലുള്ള പ്രസംഗം ആരംഭിച്ചത്, ഇന്ന് ഭാവിയിലേക്കുള്ള വാതിൽ തുറക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

പരസ്പര സഹകരണവും പങ്കാളിത്തവും ആവശ്യമായ ഒരു ഭാവിയാണ് മുന്നിലുള്ളത് എന്ന് പറഞ്ഞ മിഷേൽ തന്നെ ഫസ്റ്റ് മിനിസ്റ്റർ ആയി തിരഞ്ഞെടുത്തതിൽ സന്തോഷവും പ്രകടിപ്പിച്ചു. അയർലൻഡിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കാലം ഐറിഷ് ആർമി നടത്തിയ കലാപങ്ങളെ പരാമർശിച്ചു കൊണ്ട് അവർ ദുരന്തങ്ങൾ അനുഭവിക്കേണ്ടിവന്നവരോട് ക്ഷമാപണം നടത്തുകയും ചെയ്തു.

നോർത്തേൺ അയർലൻഡിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കുന്നതിനായി രൂപീകരിച്ച സഖ്യകക്ഷി സർക്കാരിൽ ഡി യു പി അംഗം എമ്മ ലിറ്റിൽ പെൻഗെല്ലി ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റർ ആകും. ഓ നീൽ വരുന്നതിന് തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നാണ് എമ്മ വരുന്നത്. എന്നിരുന്നാലും, പരസ്പരം സഹകരിച്ചു പ്രവർത്തിക്കുമെന്ന് എമ്മയും വ്യക്തമാക്കി. തുല്യമായ അധികാരമുള്ളവരാണ് ഇരുവരും എന്നിരിക്കുമ്പോൾ തന്നെ, ഒരു റിപ്പബ്ലിക്കൻ ഫസ്റ്റ് മിനിസ്റ്റർ ആയി എന്നത് തികച്ചും ചരിത്ര പ്രാധാന്യമുള്ള നിമിഷം തന്നെയാണ്.

ഐറിഷ് ആർമിയുടെ കലാപകാലത്തെ ഐറിഷ് വാദികളിൽ നിന്നും മാറി ഒരു പുതുതലമുറയാണ് ഇപ്പോൾ സിൻ ഫീൻ പാർട്ടിയുടെ മുഖങ്ങളായിരിക്കുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് മിഷേൽ ഓ നീൽ. ബ്ലഡി സൺഡേയ്ക്ക് ശേഷംഅഞ്ച വർഷം കഴിഞ്ഞാണ് ജനിച്ചതെങ്കിലും, ഒരു ഐ ആർ എ കുടുംബത്തിൽ തന്നെയായിരുന്നു മിഷേൽ ജനിച്ചതും വളർന്നതും.

മിഷേലിന്റെ പിതാവ് ഐ ആർ എ യുടെ സജീവ പ്രവർത്തകൻ ആയിരുന്നു എന്ന് മാത്രമല്ല, അതിന്റെ പേരിൽ തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.മാത്രമല്ല, ഐ ആർ എ യിൽ സജീവമായിരുന്ന മറ്റൊരു ബന്ധു സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തിട്ടുണ്ട്.