വാഷിങ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും യു.എസിന്റേയും യു.കെയുടേയും ആക്രമണം നടന്നത് കടൽ കൊള്ളയ്ക്ക് അറുതി വരുത്താൻ. ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് തങ്ങൾ നൽകിയതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ആസ്‌ട്രേലിയ, ബഹറൈൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഹൂതികളുടെ കരുത്ത് ഇല്ലാതാകും വരെ ആക്രമണം തുടരും.

അതിനിടെ അമേരിക്കൻ വിരുദ്ധ രാജ്യങ്ങൾ തിരിച്ചടിക്കും ശ്രമിക്കും. ഇറാനും സിറിയയും എല്ലാം ഗൗരവത്തോടെയാണ് ഈ ഇടപെടലിനെ കാണുന്നത്. തിരിച്ചടിക്കാൻ അവരും തീരുമാനിച്ചിട്ടുണ്ട്. ഹൂതികൾക്കെതിരായ ആക്രമണം തുടരുമെന്ന് അമേരിക്കൻ ഡിഫെൻസ് സെക്രട്ടറി ലോയ്ഡ ഓസ്റ്റിൻ പ്രഖ്യാപിച്ചു. അതേസമയം ഗസ്സയിൽ നിന്ന് പിന്മാറുന്നത് വരെ സൈനിക ആക്രമണങ്ങൾ തുടരുമെന്നും അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് കനത്തതിരിച്ചടി നൽകുമെന്നും ഹൂതി പൊളിറ്റിക്കൽ കൗൺസിൽ അംഗം മുഹമ്മദ് അൽ ബുക്തായിതി പ്രഖ്യാപിച്ചു.

13 സ്ഥലങ്ങളിലായി 80 ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്കയും മറ്റ് രാജ്യങ്ങളും ആക്രമണം നടത്തിയതെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഹൂതികളുടെ മിസൈൽ സിസ്റ്റം, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു . കടൽതീരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൂതികളുടെ ഡ്രോൺ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തിട്ടുണ്ട്. നേരത്തെ ഇറാഖിലും സിറിയയിലുമായി 85 കേന്ദ്രങ്ങളിൽ 125ലേറെ തവണ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കിഴക്കൻ സിറിയയിലെ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. സിറിയയിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളുടേതെന്ന് കരുതുന്ന 26 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖ് അതിർത്തിയോട് ചേർന്ന ദൈർ ഇസ്സൂർ, അൽബു കമാൽ നഗരങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ പൗരന്മാരാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. ജോർഡനിലെ യു.എസ് സൈനിക താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് തിരിച്ചടിയായാണ് ആക്രമണം.

ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് സൈനിക താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 36കേന്ദ്രങ്ങളിലെയും ഹൂതികളുടെ ആയുധ സംവിധാനങ്ങളടക്കം തകർത്തെന്നും അമേരിക്ക അവകാശപ്പെട്ടു. ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന അമേരിക്കൻ മുന്നറിയിപ്പിനിടയിൽ ഗൾഫ് മേഖലയിൽ സംഘർഷം കനക്കുന്നു.

മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സൈനികർക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈബർ വിങ്ങിനെ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചു. ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ സൈബർ ഇലക്ട്രോണിക് കമാൻഡിലെ ആറ് ഉദ്യോഗസ്ഥർക്കും ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്ക് സാമഗ്രികൾ നൽകുന്ന ഇറാൻ, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കുമാണ് ഉപരോധം.

ഇറാഖിലും സിറിയയിലും 80 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉപരോധപ്രഖ്യാപനം. റെവല്യൂഷണറി ഗാർഡിന്റെ എലൈറ്റ് ഖുദ്സ് ഫോഴ്സിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് തുർക്കിയ ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളറും അമേരിക്ക പിടിച്ചെടുത്തു. അതിനിടെ, ചരക്കുകപ്പലിന് അകമ്പടിയായി ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടു. ചൈനയുടെയും റഷ്യയുടെയും കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂതികൾ അറിയിച്ചിരുന്നു. മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായാണ് ചൈനയുടെ നടപടിയെ വിലയിരുത്തുന്നത്.