- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ സഖ്യസർക്കാർ; നവാസ് ഷരീഫിന്റെ പാർട്ടിയും പിപിപിയും ഒന്നിക്കും
ലാഹോർ: പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കും കഴിയാതെ വന്നതോടെ സഖ്യസർക്കാർ രൂപീകരിക്കാൻ നീക്കവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്ലിം ലീഗും ബിലാവർ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയും. ഇരുപാർട്ടി നേതൃത്വം സർക്കാർ രൂപീകരണത്തിനായി ചർച്ച നടത്തി. ഇതിനിടെ, മറുഭാഗത്ത് സ്വതന്ത്രരുടെയും മറ്റുപാർട്ടികളുടെയും പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് ഇമ്രാൻ ഖാന്റെ പാർട്ടിയും ശ്രമം നടത്തുന്നുണ്ട്.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നയിക്കുന്ന പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് ഉറപ്പിച്ചതോടെയാണ് മറുപക്ഷത്തുള്ള പ്രധാന പാർട്ടികൾ സർക്കാർ രൂപീകരിക്കാൻ ഒന്നിക്കാൻ തീരുമാനിച്ചത്.
നവാസ് ഷരീഫിന്റെ സഹോദരനും പിഎംഎൽ-എൻ പ്രസിഡന്റുമായ ഷഹബാസ് ഷരീഫും ബിലാവൽ ഭൂട്ടോയും നടത്തിയ ചർച്ചയിൽ സഖ്യസർക്കാർ രൂപീകരിക്കാൻ ധാരണയിൽ എത്തിയതായാണ് സൂചന. മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും കൂടിക്കാഴ്ചയിൽ പങ്കാളിയായി.
നവാസ് ഷരീഫിന്റെ സന്ദേശം ഷഹബാസ് വഴി പിപിപി നേതൃത്വത്തിന് കൈമാറിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാനിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയ്ക്കായി പിഎംഎല്ലിനൊപ്പം നിൽക്കാൻ പിപിപി നേതൃത്വത്തോട് ഷഹബാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനൊപ്പം പഞ്ചാബിലും ഇരുപാർട്ടികളും തമ്മിൽ സഖ്യസർക്കാർ രൂപീകരണത്തിന് തീരുമാനമായതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വന്തം പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്തതിനാൽ സഖ്യ സർക്കാർ രൂപീകരിക്കാൻ മറ്റ് ഗ്രൂപ്പുകളുമായി സംസാരിക്കുമെന്ന് നവാസ് ഷെരീഫ് പ്രതികരിച്ചു. തീവ്രവാദി ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ട വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷം 265 സീറ്റുകളിൽ മുക്കാൽ ഭാഗവും ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രഖ്യാപനം.
മൂന്ന് തവണ മുൻ പ്രധാനമന്ത്രിയായിരുന്ന 74 കാരനായ ഷരീഫ്, കഴിഞ്ഞ വർഷം അവസാനമാണ് യുകെ പ്രവാസി ജീവിതത്തിൽ നിന്ന് മടങ്ങിയെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിലിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്
ആകെയുള്ള 266 സീറ്റുകളിൽ നിലവിൽ ഫലം പ്രഖ്യാപിച്ചത് 250 സീറ്റുകളിലാണ്. ഇതിൽ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 91 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ പാർട്ടിക്ക് 71-ഉം പിപിപിക്ക് 53 സീറ്റുകളുമാണുള്ളത്. ബാക്കിയുള്ളവ ചെറുപാർട്ടികളും മറ്റ് സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രർക്ക് തിരഞ്ഞെടുപ്പിന് ശേഷം ഏത് പാർട്ടിയിലും ചേരാനുള്ള അവസരമുണ്ട്.
ഫലപ്രഖ്യാപനം വൈകുന്നത് പാക്കിസ്ഥാനിൽ അസാധാരമാണ്. അനിശ്ചിതത്വം കാരണം കറാച്ചിയിലെ ഓഹരി സൂചികയും പാക്കിസ്ഥാന്റെ സോവറിൻ ബോണ്ടുകളും ഇടിഞ്ഞു. ഒന്നിലധികം വെല്ലുവിളികൾ നേരിടാൻ ഒരു കൂട്ടുകക്ഷി സർക്കാർ പാടുപെടുമെന്ന് വിശകലന വിദഗ്ദ്ധർ പറയുന്നു - ഏറ്റവും പ്രധാനമായി, നിലവിലെ ക്രമീകരണം മൂന്നാഴ്ചയ്ക്കുള്ളിൽ കാലഹരണപ്പെട്ടതിന് ശേഷം അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) ഒരു പുതിയ ബെയ്ലൗട്ട് പ്രോഗ്രാം തേടുക എന്നതാണ്.
കഴിഞ്ഞ 76 വർഷത്തിനിടെ നേരിട്ടോ അല്ലാതെയോ രാജ്യത്ത് സൈന്യം ആധിപത്യം പുലർത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ കുറച്ച് വർഷങ്ങളായി പ്രത്യക്ഷത്തിൽ ഇടപെടുന്നില്ല. എന്നാൽ സഖ്യസർക്കാർ വരുന്നതോടെ സൈന്യം ഇടപെടലുകൾ നടത്തിയെക്കുമെന്നാണ് വിലയിരുത്തൽ.
അരാജക രാഷ്ട്രീയത്തിൽനിന്നും ധ്രുവീകരണത്തിൽനിന്നും മോചിതമായി മുന്നോട്ടുപോകാൻ രാജ്യത്തിന് സ്ഥിരത ആവശ്യമാണെന്ന് പാക്കിസ്ഥാൻ സൈനിക മേധാവിയുടെ പ്രസ്താവന പുറത്തുവന്നതോടെ സൈന്യം സഖ്യസർക്കാരിന് വെല്ലുവിളിയാകുമെന്ന സൂചന നൽകിക്കഴിഞ്ഞു.