- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഇല്ലെന്ന് ബിലാവൽ ഭൂട്ടോ; സർക്കാരിന്റെ ഭാഗമാകാതെ പിഎംഎൽഎൻ പാർട്ടിക്ക് പിന്തുണ; വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് നവാസ് ഷരീഫ്; സൈന്യത്തിന്റെ പിന്തുണയും ഉറപ്പിച്ച് അധികാരത്തിലേക്ക്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാനില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാഗമാകാതെ, പ്രധാനമന്ത്രി പദത്തിൽ പിഎംഎൽഎൻ പാർട്ടിക്കു പിന്തുണ നൽകുമെന്ന് ഭൂട്ടോ നിലപാട് വ്യക്തമാക്കി. പിപിപി ഉന്നതാധികാര സമിതി യോഗത്തിനു പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. നാലാം തവണയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
പിപിപി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് ബിലാവൽ ഭൂട്ടോ നിലപാട് വ്യക്തമാക്കിയത്. ''എന്റെ പാർട്ടി സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ട് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേക്കില്ല. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനായാണ് പിഎംഎൽഎൻ പാർട്ടിക്കു പിന്തുണ നൽകുന്നത്. സർക്കാരിന്റെ ഭാഗമാകാതെയാകുമിത്. ''ബിലാവൽ ഭൂട്ടോ പറഞ്ഞു. നാലാംവട്ടവും നവാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമെന്ന് മുൻപ്രധാനമന്ത്രിയും സഹോദരനുമായ ഷഹബാസ് ഷരീഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോയുടെ പിന്മാറ്റം.
പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിനു പിന്നാലെ സർക്കാരുണ്ടാക്കാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽഎൻ) നേതാവുമായ നവാസ് ഷരീഫ് നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇമ്രാൻ ഖാന്റെ പിടിഐ ഒഴികെയുള്ള പാർട്ടികളെ സഖ്യത്തിനു ക്ഷണിച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണയും നവാസ് ഷരീഫിന്റെ നേതൃത്വത്തിനാണ്.
ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 336 അംഗ ദേശീയ അസംബ്ലിയിൽ സംവരണ സീറ്റുകളൊഴികെയുള്ള 265 സീറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ പിടിഐ പിന്തുണയുള്ള സ്വതന്ത്രർക്ക് 101 സീറ്റ് ലഭിച്ചു. പിഎംഎൽഎൻ 75 സീറ്റുമായി രാഷ്ട്രീയ കക്ഷികളിൽ ഒന്നാമതെത്തി. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് (പിപിപി) 54 സീറ്റുണ്ട്.
മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാൻ (എംക്യുഎംപി) 17, ജംഇയ്യത്തുൽ ഉലമാഇൽ ഇസ്‌ലാം (ജെയുഐ) 4, പിഎംഎക്യു 3, ഐപിപി2, ബിഎൻപി2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റു നില. പ്രവിശ്യാ അസംബ്ലികളിൽ പിഎംഎൽഎൻ 227 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായി. പിപിപിക്ക് 160 സീറ്റുണ്ട്. എംക്യുഎംപി 45 സീറ്റ്. 24 ദേശീയ അസംബ്ലി സീറ്റുകളിൽ വിജയികൾക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് തിരസ്‌കരിക്കപ്പെട്ട വോട്ടുകൾ.
ഇവിടെയെല്ലാം സ്ഥാനാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പിഎംഎൽഎൻ, പിപിപി പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനില്ലെന്ന് പിടിഐ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പാർട്ടി നേതാവ് ബാരിസ്റ്റർ ഗോഹർ അലി ഖാൻ പറഞ്ഞു.
മറുനാടന് ഡെസ്ക്