- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് രാജ്യങ്ങളിലെ പ്രചാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യുകെ
ലണ്ടൻ: ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാർ എന്നും ബ്രിട്ടന്റെ തലവേദനയായിരുന്നു. കുടിയേറ്റം ഒരു രാഷ്ട്രീയ ചർച്ചാ വിഷയമായതോടെ ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ അജണ്ടയിൽ അതും സ്ഥാനം പിടിക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ടു തന്നെയാണ് കുടിയേറ്റത്തിനെതിരെ കർശനമായ നിയമങ്ങളുമായി ഋഷി സുനക് സർക്കാർ മുൻപോട്ട് വരുന്നത്. അതിന്റെ ഭാഗമായി അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രചാരണം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യപിപ്പിക്കാനും ബ്രിട്ടൻ തയ്യാറാവുകയാണ്.
നിലവിൽ അൽബേനിയ, ഫ്രാൻസ്, ബെൽജിയം എന്നീ മൂന്ന് രാജ്യങ്ങളിൽകഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടരുന്ന പ്രചാരണം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി അറിയിച്ചു. അൽബേനിയ, ഇറാഖ്, ഈജിപ്ത്, വിയറ്റ്നാം എന്നിവിടങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. അതിനു പുറമെ തുർക്കി, ഇന്ത്യ എന്നീരാജ്യങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഇതിനായി അൽബേനിയയിൽ തെരഞ്ഞെടുക്കപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുടെ ലിസ്റ്റിൽ ഒരു റാപ്പർ, രണ്ട് കൊമേഡിയന്മാർ, ലൈഫ്സ്‌റ്റൈൽ ബ്ലോഗർമാർ, ടി വി അവതാരകർ, ഒരു യാത്രാ ബ്ലോഗർ എന്നിവർ ഉൾപ്പെടുന്നു. യുവാക്കൾക്കിടയിൽ ഇവർക്കുള്ള സ്വാധീനം കണക്കിലെടുത്താണ് പ്രചാരണത്തിനായി ഇവരെ തെരഞ്ഞെടുത്തത്. അൽബേനിയൻ ഇൻഫ്ളുവൻസർമാർക്ക് ഏതാണ്ട് 30,000 പൗണ്ടോളം പ്രതിഫലമായി നൽകുമെന്നാണ് ഹോം ഓഫീസ് ബജറ്റ് വ്യക്തമാക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി ലഭിക്കുക 5000 പൗണ്ട് ആയിരിക്കും.
ഈജിപ്തിലെയും വിയറ്റ്നാമിലെയും ഇൻഫ്ളുവൻസർമാർക്കായി 15,000 പൗണ്ടാണ് നീക്കി വെച്ചിരിക്കുന്നത്. തുർക്കി, ഇറാഖ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇൻഫ്ളുവൻസർമാർക്കായി എത്ര തുക നൽകും എന്നത് ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാൽ അഞ്ചു രാജ്യങ്ങൾക്കുമായി മൊത്തം 5,76,500 പൗണ്ടാണ് നീക്കി വഛ്കിരിക്കുന്നത്. മനുഷ്യക്കടത്തുകാർ വ്യാജ പ്രചാരണം നടത്തുന്നതിനും അവരുടെ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സമൂഹമാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അതേ നാണയത്തിൽ തിരിച്ചടിക്കാനും തുടങ്ങുന്നത്.
ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിനെ കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളുമൊക്കെ പൊതുജനങ്ങളെ അറിയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞവർഷം ചാനൽ വഴിയുള്ള കുടിയേറ്റത്തിൽ 36 ശതമാനം കുറവ് വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഹോം ഓഫീസ് വക്താവ് അവകാശപ്പെട്ടു.