ഗസ്സ: ഗസ്സ നഗരത്തിലെ സഹായ വിതരണ കേന്ദ്രത്തിൽ ഒത്തൂകൂടിയ ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ സേന നടത്തിയ വെടിവെപ്പിൽ, 104 പേരോളം കൊല്ലപ്പെട്ടു. 700 ലേറെ പേർക്ക് പരിക്കേറ്റു. തങ്ങൾക്ക് ഭീഷണിയാകുമെന്ന് ഭയന്നാണ് ഇന്ന് പുലർച്ചയ്ക്ക് മുന്നേയുള്ള വെടിവെപ്പിൽ ആൾക്കൂട്ടത്തിന് നേരേ വെടിവച്ചതെന്ന് ഇസ്രയേൽ സേന സ്ഥിരീകരിച്ചു. കൂട്ടക്കുരുതിയെ ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അപലപിച്ചു.

പടിഞ്ഞാറൻ നഗരമായ നാബുൽസിയിൽ ഭക്ഷണം കിട്ടാതെ പരവശരായ ഫലസ്തീനികളാണ് സഹായം വിതരണം ചെയ്യുന്ന ട്രക്കുകൾക്ക് അടുത്തേക്ക് ഓടിയെത്തിയത്. ആയിരങ്ങൾ ഒന്നിച്ചുവരുന്നത് കണ്ടപാടേ ഇസ്രയേൽ സേന നിറയൊഴിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന സൈനിക ടാങ്കുകളോട് വളരെ അടുത്ത് സഹായ വിതരണ ട്രക്കുകൾ എത്തിയതാണ് ആശയക്കുഴപ്പത്തിന് വഴിവച്ചതെന്നാണ് സൂചന. ടാങ്കുകളോട് വളരെ അടുത്ത് ആളുകൾ എത്തിയപ്പോൾ സൈനികർ നിറയൊഴിക്കുകയായിരുന്നു.

ട്രക്കുകൾ വളഞ്ഞ ഗസ്സ നിവാസികൾ സാധനങ്ങൾ കൊള്ളയടിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം ആദ്യം പ്രതികരിച്ചത്. ആൾക്കൂട്ടം തങ്ങളെ ആക്രമിക്കുമെന്ന് ഭയന്നാണ് സൈനികർ നിറയൊഴിച്ചതെന്നും ന്യായീകരണമുണ്ട്.

മരണമടഞ്ഞവരെയും, പരിക്കേറ്റവരെയും ഗസ്സയിൽ പ്രവർത്തിക്കുന്ന ഏതാനും ആശുപത്രികളിലേക്ക് കൊണ്ടുപോയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അൽഷിഫ മെഡിക്കൽ സമുച്ചയത്തിൽ കൊണ്ടുവരുന്ന രോഗികളുടെ എണ്ണക്കൂടുതൽ കാരണം കൈകാര്യം ചെയ്യാനും ആകുന്നില്ല.

്അതേസമയം, ഹമാസ് തുടങ്ങി വച്ച യുദ്ധം അഞ്ചുമാസം പിന്നിടുമ്പോൾ ഗസ്സയിൽ മനുഷ്യർ നരകയാതന അനുഭവിക്കുകയാണെന്ന കാര്യത്തിൽ തർക്കമില്ല. ഹമാസിന്റെ ഇസ്രയേലിനെ ആക്രമണത്തിൽ ഏകദേശം 1160 പേരാണ് കൊല്ലപ്പെട്ടതെങ്കിൽ, ഇസ്രയേലിന്റെ തിരിച്ചടിയിൽ 30,000 ത്തോളം പേർ കൊല്ലപ്പെട്ടു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

24 ലക്ഷത്തോളം പേർ കൊടും പട്ടിണി ഭീഷണി നേരിടുന്നു. ഭക്ഷണം കിട്ടാതെ വന്നതോടെ, എത്തിപ്പെടുന്ന ട്രക്കുകൾ കൊള്ളയടിക്കുന്നതും പതിവായി. നാബുൽസിയിൽ ഇന്ന് കൊല്ലപ്പെട്ടത് ഇസ്രയേൽ പതിവായി ആരോപിക്കാറുള്ളത് പോലെ മനുഷ്യകവചങ്ങളാണോ എന്ന് ഫലസ്തീൻ അംബാസഡർ മൊഹമ്മദ് ഖെറൈഷി രോഷത്തോടെ ചോദിച്ചു.