ലണ്ടൻ: കഴിഞ്ഞ ആഴ്ച നടന്ന റോച്ച്ഡെൽ ഉപതിരഞ്ഞെടുപ്പ് ഫലം ബ്രിട്ടന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലക ആയി മാറുമോ? കുടിയേറ്റ ജനത ബ്രിട്ടന്റെ സമസ്ത മേഖലകളിലും സ്വാധീനം ഉറപ്പിച്ചു തുടങ്ങിയപ്പോൾ സ്വാഭാവികമായും അതിന്റെ പ്രതിഫലനം രാഷ്ട്രീയത്തിലും ഉണ്ടാവുക തന്നെ ചെയ്യും. മുൻ കാലങ്ങളെ അപേക്ഷിച്ചു പാർലിമെന്റിൽ പോലും എത്തുന്നവരിൽ കുടിയേറ്റ വംശജർ കൂടുന്നു എന്ന് മാത്രമല്ല പ്രധാനമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഒക്കെ കുടിയേറ്റ വംശജരിൽ നിന്നും ഉണ്ടാകുന്നതുമാണ് സമീപകാല ബ്രിട്ടീഷ് രാഷ്ട്രീയം തെളിയിച്ചത്.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കുടിയേറ്റ ജനത നിർണായക സ്വാധീനം ആണെന്ന് മനസിലാക്കി മുഖ്യ കക്ഷികളായ കൺസർവേറ്റീവും ലേബറും നിരവധി സീറ്റുകളിലാണ് എംപിമാരെ ജയിപ്പിച്ചെടുത്തത്. അക്കൂട്ടത്തിൽ തന്നെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും ഇന്ത്യൻ വംശജരും ഏറെ ആയിരുന്നു. ലണ്ടനിലെ മേയർ സ്ഥാനം പിടിക്കാൻ ലേബർ പാർട്ടി സാദിഖ് ഖാനെ നിയോഗിച്ചപ്പോൾ അതേ മറുതന്ത്രമാണ് കൺസർവേറ്റീവ് ഋഷി സുനക്, പ്രീതി പട്ടേൽ, സ്യുവേല ബ്രെവർമാൻ, സാജിദ് ജാവേദ് തുടങ്ങി അനേകരിലൂടെ മറുപടി നൽകിയത്. ഇപ്പോൾ ആ രാഷ്ട്രീയം ഒരു പടി കൂടി കടന്നു തനി വർഗീയമാകുന്നു എന്ന സൂചനയാണ് റോച്ച്ഡെലിൽ കഴിഞ്ഞ ആഴ്ച നടന്ന ഉപതിരഞ്ഞെടുപ്പ് വിജയം നൽകുന്നത്.

ഈ വിജയം ഗസ്സയ്ക്ക് വേണ്ടി

റോച്ച്ഡെലിൽ വിജയിച്ച മുൻ ലേബർ എംപി ജോർജ് ഗല്ലോവേ പറഞ്ഞ വാക്കുകൾ അതീവ ശ്രദ്ധേയമാണ്. ഈ വിജയം ഗസ്സക്ക് വേണ്ടി എന്ന് ജോർജ് പറഞ്ഞത് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ദ്രുവീകരണം ഏറെ വലുതാണ് എന്ന് പ്രധാനമന്ത്രി ഋഷി സുനക്കും പ്രതിപക്ഷമായ ലേബറും പറഞ്ഞു കഴിഞ്ഞു. ഒക്ടോബർ ഏഴിന് ഉണ്ടായ ഫലസ്തീൻ - ഇസ്രയേൽ സംഘർഷം ഇപ്പോൾ ഏറ്റവും അധികം നേരിട് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നത് ബ്രിട്ടനിൽ ആന്നെന്ന സൂചനയാണ് റോച്ച്ഡെൽ ഉപ തിരഞ്ഞെടുപ്പ് നൽകുന്നത്. നിലവിലെ എംപി കാൻസർ ബാധിതനായി മരിച്ചതോടെയാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മത്സര രംഗത്ത് ഉണ്ടായിരുന്ന ലേബർ സ്ഥാനാർത്ഥി ഇസ്രയേൽ വിരുദ്ധ പരാമർശങ്ങൾ നടത്തിയതോടെ അദ്ദേഹത്തെ പിൻവലിപ്പിച്ചു ലേബർപാർട്ടി മത്സരത്തിൽ നിന്നും പിൻവാങ്ങിയ വേളയിലാണ് ജോർജ് ഗല്ലോവ്വേ മുസ്ലിം വോട്ടുകൾ സമാഹരിച്ച് ഇരു പാർട്ടികൾക്കും ഇരുട്ടടി നൽകിയത്. വർക്കേഴ്സ് പാർട്ടി ഓഫ് ബ്രിട്ടൻ എന്ന പുത്തൻ പാർട്ടി വരെ രൂപീകരിച്ച ജോർജിന്റെ വിജയം ഉറപ്പാക്കാൻ മണ്ഡലത്തിൽ യുകെയുടെ നാനാദിക്കിൽ നിന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രചാരണത്തിന് എത്തിയത്. ഇതൊന്നും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സാധാരണ കാഴ്ച അല്ലാത്തതിനാൽ വോട്ടെണ്ണും മുൻപേ ജോർജ് ജയിച്ചു കഴിഞ്ഞതായും വിലയിരുത്തപ്പെട്ടിരുന്നു.

വോട്ടെണ്ണൽ വേളയിൽ കൂക്കി വിളിയും തെറിയഭിഷേകവും, കയ്യാങ്കളി ഒഴിവായി

വോട്ടെണ്ണൽ വേളയിലും ഏറെ സംഘർഷ ഭരിതമായിരുന്നു റോച്ച്ഡെൽ. ജോർജ് മൃഗീയ ഭൂരിപക്ഷം നേടുന്നു എന്ന് മനസിലാക്കിയ ഇസ്രയേൽ അനുകൂല വിഭാഗം പലവട്ടം വോട്ടെണ്ണൽ വേളയിൽ കൂക്ക് വിളിയും ബഹളവും നടത്തി. ഇതിനെ പ്രതികൂലികൻ ജോർജിനെ അനുകൂലിക്കുന്നവർ ഫലസ്തീൻ മുദ്രാവാക്യവും തെറിവിളിയും തുടർന്നു. പലവട്ടം വോട്ടെണ്ണൽ നിർത്തി വെക്കേണ്ടി വരുന്ന സാഹചര്യത്തെ നേരിട്ടാണ് ഒടുവിൽ ഫലപ്രഖ്യാപനം നടന്നത്.

ഒരു ഘട്ടത്തിൽ വോട്ടെണ്ണൽ സ്ഥലത്തു സംഘർഷം രൂക്ഷമായി അടി പൊട്ടുമോ എന്ന് വരെ തോന്നിപ്പിക്കും വിധമുള്ള ബഹളമാണ് അരങ്ങേറിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾക്ക് ബ്രിട്ടീഷ് ജനത അമിത ശ്രദ്ധ നൽകാത്തതിനാൽ പിന്നീട് അതൊരു വലിയ സംഭവമായി മാറിയില്ല എന്ന് മാത്രം.

ജോർജിന് ലഭിച്ചത് മൃഗീയ ഭൂരിപക്ഷം, ആകെ വോട്ടിൽ നാൽപത് ശതമാനവും

റോച്ച്ഡെലിലെ ജനവിഭാഗത്തിൽ വോട്ടുള്ളവരിൽ മുപ്പതു ശതമാനവും മുസ്ലിങ്ങളാണ്. ഇവരാകട്ടെ ഫലസ്തീൻ പക്ഷക്കാരും. അതിനാൽ തന്നെ ഇവർ കൂട്ടമായി ജോർജിന് വോട്ടു ചെയ്തു ജയിപ്പിച്ചെടുക്കുക ആയിരുന്നു. തങ്ങളുടെ പക്ഷം പിടിക്കാത്ത കൺസർവേറ്റീവിനും ലേബറിനും നൽകാനുള്ള ചുട്ട മറുപടിയാണ് ജോർജിന്റെ സ്ഥാനാർത്ഥിത്വം എന്ന് തെളിയിക്കുക ആയിരുന്നു ഫലസ്തീൻ പക്ഷക്കാർ. വിജയമറിഞ്ഞു നടത്തിയ പ്രസംഗത്തിൽ ലേബർ നേതാവ് കീർ സ്റ്റർമാരെ പേരെടുത്തു വിളിച്ചാണ് ജോർജ് ഗല്ലോവേ ഇത് ഗസ്സയ്ക്ക് വേണ്ടിയുള്ള വിജയമാണ് എന്ന് പ്രസ്താവിച്ചത്.

ബ്രിട്ടനിലെ പിസി ജോർജ് എന്ന് വിശേഷിപ്പിക്കാവുന്ന നാക്കിന് എല്ലില്ലാത്ത നേതാവാണ് ജോർജ് ഗല്ലോവേ. ഫലസ്തീൻ - ഇസ്രയേൽ വിഷയത്തിൽ ലേബർ പാർട്ടി വലിയ വില നൽകേണ്ടി വരും എന്ന ഭീഷണിയും ഇപ്പോൾ ഗല്ലോവേ ഉയർത്തുന്നു. ലേബർ പിന്മാറിയ വോട്ടെടുപ്പിൽ രണ്ടാം സ്ഥാനം പിടിച്ചത് പ്രദേശത്തെ കാർ റിപ്പയർ സ്ഥാപന ഉടമ ഡേവിഡ് ടാലി ആണെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

ജോർജ് 39 ശതമാനം വോട്ടും ഡേവിഡ് 21 ശതമാനം വോട്ടും പിടിച്ച തിരഞ്ഞെടുപ്പിൽ പ്രധാന കക്ഷികളായ ടോറികൾക്ക് 12 ശതമാനവും ലിബറൽ ഡെമോക്രാറ്റുകൾക്ക് വെറും ഏഴു ശതമാനവും വോട്ടുകളാണ് ലഭിച്ചത് എന്നതും പ്രധാനമാണ്. മത്സരത്തിൽ നിന്നും പിൻവാങ്ങിയെങ്കിലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് ഉണ്ടായിരുന്നതിനാൽ ലേബറിന് ഏഴു ശതമാനം വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 43 ശതമാനം വോട്ടു നേടി ലേബർ ജയിച്ച മണ്ഡലമാണിത്. ആകെ 12355 വോട്ടുകൾ നേടിയ ജോർജ് ഗല്ലോവി 5697 വോട്ടിന്റെ ഭൂരിപക്ഷവും ഉറപ്പിച്ചാണ് വിജയിയായത്.

സ്ഥാനാർത്ഥി ആയ ശേഷം അവധിക്കാല സവാരിക്ക് പോയ കൺസർവേറ്റീവ് സ്ഥാനാർത്ഥി ഈ തിരഞ്ഞെടുപ്പിന് ഒരു പ്രാധാന്യവും നൽകിയില്ല എന്നതും കാണാതെ പോകാനാകില്ല. ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇത്രയും നിരുത്തരവാദപരമായി പ്രധാന പാർട്ടികൾ കാണവേയാണ് ജോർജ് ഗല്ലോവിയെപ്പോലുള്ള മഴയത്തെ തവരകളെപ്പോലെ പുതിയ പാർട്ടികൾ മുളയ്ക്കുന്നതും വേര് പിടിക്കുന്നതും. മത്സര രംഗത്തുണ്ടായിരുന്ന റീഫോം പാർട്ടി അടുത്തിടെയായി ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ബ്രക്സിറ്റിനെ തുടർന്ന് രൂപം കൊണ്ട ഈ പാർട്ടി നേരത്തെ ബ്രക്സിറ്റ് പാർട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്.

"സൂക്ഷിച്ചോ, ഞങ്ങൾ എല്ലായിടത്തും എത്തും "

വിജയത്തെ തുടർന്ന് ജോർജ് നടത്തിയ അത്യന്തം പ്രകോപനം നിറഞ്ഞ പ്രസംഗത്തിൽ മുഴുക്കെ ലേബർ പാർട്ടിക്കുള്ള താക്കീത് ആയിരുന്നു. ഇത് ഇവിടെ തീരുകയല്ല തുടങ്ങുകയാണ് എന്ന മട്ടിലായിരുന്നു ജോർജിന്റെ പ്രസംഗം. ഞങ്ങൾ ഇൽഫോർഡിലും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലും ലണ്ടനിലും മാത്രമല്ല ചെറുപട്ടണമായ ബെതനാൽ ഗ്രീനിലും ബോവിലും വരെ എത്തും എന്നായിരുന്നു ജോർജിന്റെ മുന്നറിയിപ്പ്. മുൻപ് ലെസ്റ്ററിലെ മൂന്നു സീറ്റുകളിൽ ആര് വിജയിക്കണമെന്ന് ലേബറിൽ അസ്വസ്ഥരായ മുസ്ലിം വിഭാഗക്കാരായ ഫലസ്തീൻ അനുകൂല വിഭാഗം നൽകിയ മുന്നറിയിപ്പും ജോർജിന്റെ വാക്കുകളുമായി കൂട്ടിച്ചേർത്തു വയ്‌ക്കേണ്ടി വരും.

ലെസ്റ്ററിലെ ലഫ്ബറ സീറ്റിൽ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കാൻ തക്കവിധമുള്ള വോട്ടു മുസ്ലിം ജനങളുടെ കയ്യിൽ ഉണ്ടെന്നായിരുന്നു ലേബറിന് ലഭിച്ച മുന്നറിയിപ്പ്. ലേബറിന് പരമ്പരാഗതമായി കിട്ടുന്ന ലക്ഷക്കണക്കിന് വോട്ടുകൾ ഈ വർഷത്തെ പൊതു തിരഞ്ഞെടുപ്പിൽ കിട്ടില്ല എന്ന് ജോർജ് വെല്ലുവിളിക്കുമ്പോൾ അത് കൺസർവേറ്റീവുകൾക്കും സന്തോഷമാകുന്നില്ല.

ജോർജ് പറയുന്ന ഈ വോട്ടുകൾ അസന്തുഷ്ടി നിറഞ്ഞ ജനവിഭാഗത്തിന്റേതാണ്. ഇവരാകട്ടെ രണ്ടു പ്രധാന പാർട്ടികളെയും തങ്ങൾക്ക് എതിരായി കാണുന്നവരാണ്. ആ സാഹചര്യത്തിലാണ് കുളം കലങ്ങുമ്പോൾ മീൻ പിടിക്കണം എന്നറിയുന്ന ജോർജിനെ പോലുള്ളവർ നേട്ടം എടുക്കുന്നത്. റോച്ച്ഡെൽ ഒരു സൂചന ആയി മാറിയാൽ. മുസ്ലിം വോട്ടുകൾ കൂട്ടമായി ആരും അറിയാത്ത ഒരു സ്ഥാനാർത്ഥിക്കായി പോൾ ചെയ്യപ്പെട്ടാൽ പലയിടത്തും തിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കപ്പെടാം.

ഇപ്പോൾ പ്രവചനത്തിൽ മുന്നിൽ നിൽക്കുന്ന ലേബറിന്റെ സുനിശ്ചിത വിജയം തടയാൻ ഫലസ്തീൻ അനുകൂല വോട്ടുകൾക്ക് സാധിക്കില്ല എങ്കിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ജാതി വോട്ടുകൾക്ക് സുസ്ഥിര സ്ഥാനം നൽകാൻ ഈ നീക്കത്തിലൂടെ സാധിക്കും എന്നുറപ്പ്. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പിൽ ഇത്തരം വോട്ടുകൾ അവഗണിച്ചു പോകുന്ന പാർട്ടികൾ പിന്നീട് ആ വോട്ടിനായി തങ്ങളെ തേടി വരും എന്ന് ഈ വിഭാഗത്തിനറിയാം. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിലൂടെ അത് ബ്രിട്ടൻ തിരിച്ചറിഞ്ഞതുമാണ്.

വധ ഭീഷണി, സുരക്ഷാ ജീവനക്കരുടെ സഹായത്തോടെ പ്രചാരണം, എങ്ങും കോലാഹലം

ലോകം നിർണായക രാഷ്ട്രീയ വഴിത്തിരിവിൽ നിൽകുമ്പോൾ ജോർജ് ഗല്ലോവിയെ പോലുള്ളവരുടെ വാക്കുകൾക്ക് കൂടുതൽ ശ്രോതാക്കൾ ഉണ്ടാകും എന്നാണ് മുൻ ബിബിസി അവതാരകനും മുൻ ലേബർ എംപിയും ആയിരുന്ന ക്രിസ് വില്യംസണെ പോലുള്ളവരുടെ വിലയിരുത്തൽ. എന്നാൽ ബ്രിട്ടനിലെ ജൂത വംശജരുടെ പ്രതികരണമായി ജോർജിന്റെ വിജയത്തെ വിലയിരുത്തി എത്തിയത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ കറുത്ത ദിനം എന്നാണ്.

ജോർജ് ഗൂഢാലോചനക്കാരൻ ആണെന്നും ജൂതർ ആരോപിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന ജോർജ് ബ്രിട്ടനെ രണ്ടായി തിരിക്കുകയാണ് എന്നും ജൂത വിഭാഗത്തിന്റെ പ്രസ്താവന എത്തിയിട്ടുണ്ട്. വോട്ടെണ്ണൽ വേളയിൽ ഭീകരരെ അനുതാപത്തോടെ കാണുന്നവൻ എന്നും റോച്ച്ഡെലിന്റെ മുറിവ് എന്നൊക്കെയുമാണ് ജോർജിന്റെ എതിരാളികൾ ഒച്ചയുയർത്തി പറഞ്ഞത്.

റോച്ച്ഡെൽ ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആറാം സ്ഥാനത്തു എത്തിയ റീഫോം യുകെ പാർട്ടി സ്ഥാനാർത്ഥിയും മുൻ എംപിയും ആയ സൈമൺ ഡാൻസുക് അവസാന പ്രചാരണ ദിനങ്ങളിൽ വാടകക്ക് എടുത്ത സുരക്ഷാ ജീവനക്കാരുമായിട്ടാണ് എന്നതും ഭാവി ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഗതി എന്താണ് എന്ന ചോദ്യത്തിലേക്കാണ് ബ്രിട്ടിഷ് ജനതയെ എത്തിച്ചിരിക്കുന്നത്. കുടിയേറ്റ വിരുദ്ധരായ യുകിപ് പാർട്ടി പേരുമാറ്റി എത്തിയതാണ് റീഫോം യുകെ. അടുത്തിടെയായി നടക്കുന്ന പ്രവചന പോളുകളിൽ ഈ പാർട്ടി വലിയ തോതിൽ വോട്ട് സമാഹരിക്കും എന്ന സൂചന ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

തങ്ങളുടെ ശ്രദ്ധ ഡോൺകാസ്റ്ററിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ആയി പോയതുകൊണ്ടാണ് റോച്ച്ഡെലിൽ ആറാം സ്ഥാനത്തേക്ക് വീണതെന്നു സമാശ്വാസപ്പെടുകയാണ് റീഫോം നേതാക്കൾ. പ്രചാരണ വേളയിൽ 23 കാരനായ യുവാവ് ഭീഷണിപ്പെടുത്തുന്ന വിധം മെസേജ് അയച്ചതോടെയാണ് ഡാൻസുക് സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ പ്രചാരണം പൂർത്തിയാക്കിയത്. ഈ യുവാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

ഒരു പ്രാദേശിക ഉപ തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഇത്രയധികം കോലാഹലം ഉണ്ടായത് എന്നിരിക്കെ പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തൊക്കെ ബഹളം ഉണ്ടായാലും അതെല്ലാം ബ്രിട്ടനെ മുറിപ്പെടുത്തും വിധമുള്ള രാഷ്ട്രീയത്തിന്റെ ഭാഗം തന്നെ ആയിരിക്കും എന്ന വ്യക്തമായ സൂചന കൂടിയാണ് റോച്ച്ഡെൽ നൽകുന്നതും.