ലണ്ടൻ: ഫോറിൻ വർക്കർ വിസ ചട്ടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സൂക്ഷ്മ പരിശോധനയിലാണെന്ന് ബ്രിട്ടീഷ്പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നൂറുകണക്കിന് പുതിയ കെയർഹോമുകൾക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാൻ സ്പോൺസർഷിപ് നൽകിയേക്കും എന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഈ അറിയിപ്പ് വരുന്നത്. പുതിയ നിയമം, വിദേശ ഹെൽത്ത് വർക്കർമാർക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിന് നിയന്ത്രണമേർപ്പെടുത്തുമ്പോൾ, വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യണമെങ്കിൽ കെയർ ക്വാളിറ്റി കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന നിബന്ധനയും വയ്ക്കുന്നു.

ഈ നടപടികൾ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാൻ സഹായിക്കും എന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ, നൂറു കണക്കിന് കമ്പനികൾക്ക് സ്പോൺസർഷിപ് ലൈസൻസ് നൽകിയെന്ന വാർത്ത പരന്നതോടെ നിരവധി വ്യാജ കമ്പനികൾ വിസ സ്പോൺസർ ചെയ്യുന്നതായുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്. കെയർ സേവനം നൽകുന്ന ചരിത്രം പോലുമില്ലാത്ത, കേവലം അഞ്ച് മാസങ്ങൾക്ക് മുൻപ് ആരംഭിച്ച കമ്പനികൾക്ക് വരെ ലൈസൻസ് നൽകി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

സി ക്യൂ സി പരിശോധന നടക്കാത്ത, ചുരുങ്ങിയത് 268 കമ്പനികൾക്ക് എങ്കിലും വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യുന്നതിനുള്ള ലൈസൻസ് നൽകിയതായി സ്റ്റാൻഡേർദ് റിപ്പോർട്ട് ചെയ്യുന്നു. ഒബ്സർവർ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും പറയുന്നുണ്ട്. വിസ നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിനുള്ള നടപടികൾ പരിശോധിച്ചു വരികയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

മൈഗ്രേഷൻ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതിനുള്ള ശക്തമായ മാറ്റങ്ങൾ അടുത്തയാഴ്‌ച്ച വരുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. കെയർ വർക്കർമാർ ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനെ വിലക്കുന്നതിനൊപ്പം, കെയർ സേവന ദാതാക്കൾക്ക് റെജിസ്ട്രേഷൻ നിർബന്ധമാക്കുന്നതും ഇതിൽ ഉൾപ്പെടും. ബ്രിട്ടനിലേക്ക് കുടിയേറുന്ന കെയർ വർക്കർമാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെയാണ് ഈ നടപടി.

2023-ൽ 1,46,477 പേർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാൻ ഹെൽത്ത് വിസ അനുവദിച്ചപ്പോൾ അവർക്കൊപ്പം വന്ന ആശ്രിതരെ കൂടി കൂട്ടിയാൽ ബ്രിട്ടനിൽ ഈ വഴി എത്തിയ മൊത്തം ആളുകളുടെ എണ്ണം 3,49,929 ആയി. 2022-ൽ ഇത് 1,57,636 ഉം 2021- ൽ ഇത് 63,291 ഉം ആയിരുന്നു. മാത്രമല്ല, വർക്ക് വിസയിൽ ബ്രിട്ടനിൽ താമസിക്കുന്നവരുടെ എണ്ണം കഴിഞ്ഞ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലുമാണ്. കെയർ വർക്കർമാരുടെയും ഹോം കെയർമാരുടെയും അധികമായ വരവാണ് ഇതിന് കാരണമെന്ന് ഹോം ഓഫീസ് പറയുന്നു.

കെയർ വർക്കർമാർക്ക് കൂടെ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വിലക്ക് മാർച്ച് 11 മുതൽ പ്രാബല്യത്തിൽ വരും. വിദേശികളെ സ്പോൺസർ ചെയ്യുന്നതിന് സി ക്യൂ സി പരിശോധന നിർബന്ധമാക്കുന്നതും അന്ന് തന്നെ നിലവിൽ വരും. അതുപോലെ സ്‌കിൽഡ് വർക്കർ വിസയിൽ എത്തുന്നവർക്ക് ആവശ്യമായ കുറഞ്ഞ വേതന പരിധി ഉയരുന്നത് ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരും. ആശ്രിതരെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള കുറഞ്ഞ വേതന പരിധി ഉയരുന്നതും ഏപ്രിൽ മുതൽ നിലവിൽ വരും.