ഭൗമ രാഷ്ട്രീയ (ജിയോ പൊളിറ്റിക്സ്) ത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഈ വർഷം നടക്കാൻ ഇരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്, ഇന്ത്യയിലെയും ബ്രിട്ടനിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകൾ എന്നിവ, ഇന്നത്തെ സഘർഷഭരിതമായ ലോകത്തിൽ, ഒരുപക്ഷെ ലോക ഗതിയെ തന്നെ മാറ്റിമറിച്ചേക്കാമെന്നാണ് പല ആഗോള നിരീക്ഷകരും വിലയിരുത്തുന്നത്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇരു പാർട്ടികളിലും സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.

സൂപ്പർ ട്യുസ്ഡേ എന്ന് വിശേഷിപ്പിച്ച ഇന്നലെ ഡൊണാൾഡ് ട്രംപ് അട്ടിമറി വിജയം നേടി തന്റെ എതിരാളി നിക്കി ഹാലിയെ നിഷ്രഭയാക്കുകയായിരുന്നു. ഇന്നലെ നടന്ന പ്രൈമറികളിൽ രാത്രി 9.30 ആയപ്പോൾ തന്നെ പതിനൊന്ന് സംസ്ഥാനങ്ങളിലായിരുന്നു ട്രംപ് തന്റെ സ്വാധീനം ഊട്ടിയുറപ്പിച്ചത്. ഇതോടെ മുൻ സൗത്ത് കരോലിന ഗവർണറുടെ വൈറ്റ്ഹൗസ് മോഹങ്ങൾക്ക് സ്പന്ദനം നഷ്ടപ്പെടുകയാണ്.

വെർജീനിയ, നോർത്ത് കരോലിന, ടെന്നിസീ, ഓക്ലഹോമ, മെയ്ൻ, അലബാമ, മസാച്യൂസെറ്റ്സ്, അർക്കനാസ്, ടെക്സാസ്, കൊളറാഡോ, മിന്നെസോട്ട എന്നീ സംസ്ഥാനങ്ങളിലായിരുന്നു ട്രംപ് അതിവേഗം മുന്നിലെത്തിയത്. വെർമോണ്ടിൽ മാത്രമാണ് ഇപ്പോൾ ഹാലിക്ക് പ്രതീക്ഷയുള്ളത്. അവിടെ ഇരു സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. മറ്റൊരിടത്തും അവർക്ക് ട്രംപിന്റെ അടുത്തെത്താനായിട്ടില്ല.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനുള്ള അസാമാന്യമായ സ്വാധീനമായിരുന്നു സൂപ്പർ ട്യുസ്ഡ് ലോകത്തിന് കാണിച്ചു കൊടുത്തത്. സമാനമായ രീതിയിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ജോ ബൈഡനും മുന്നേറുകയാണ്. കാര്യമായ മത്സരമൊന്നും ഇവിടെയും എതിരാളികൾ കാഴ്‌ച്ച വയ്ക്കുന്നില്ല. അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും ഒരു ബൈഡൻ - ട്രംപ് മത്സരമായിരിക്കും ഉണ്ടാവുക എന്നത് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ചൊവ്വാഴ്‌ച്ചത്തെ ഫലത്തോടെ റിപ്പബ്ലിക്കൻ പ്രതിനിധികളിൽ ഏതാണ് മൂന്നിലൊന്ന് ഭാഗവും അതുപോലെ നോമിനേഷാൻ നേടാൻ ആവശ്യമുള്ളതിന്റെ 70 ശതമാനത്തിലധികവും ട്രംപ് നേടിക്കഴിഞ്ഞു. ഇതോടെ ഹെയ്ലിക്ക് മുൻപോട്ട് പോകാൻ അസാധ്യമായിരിക്കുന്നു എന്നാണ് കണക്കുകൂട്ടൽ.