ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ അക്രമികൾ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം. കൊലപാതകം നടന്ന് ഒൻപതു മാസങ്ങൾക്കു ശേഷമാണ് കനേഡിയൻ മാധ്യമമായ സിബിസി ന്യൂസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിജ്ജാറിന്റേത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്നും കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കാനഡയുടെ ആരോപിച്ചിരുന്നു. കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.

ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. ആറ് അക്രമികളും രണ്ടു വാഹനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. 2023 ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ ഗുരുദ്വാരയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നേരത്തേ വാഷിങ്ടൻ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

ഗുരുദ്വാരയുടെ പാർക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കിൽ നിജ്ജാർ പുറത്തേക്കു പോകുന്ന സമയത്തു തന്നെ ഒരു വെളുത്ത കാർ അവിടേക്കു വരുന്നത് ദൃശ്യങ്ങളിൽ കാണാം. നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാർ മുന്നോട്ടു നീങ്ങുന്നത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാർ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാർ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു പ്രതിബന്ധമായി നിർത്തി. കാറിൽനിന്ന് അക്രമികൾ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവർ സീറ്റിനു നേരെ വെടിയുതിർക്കുകയും ചെയ്തു. വെടിയുതിർത്തവർ മറ്റൊരു കാറിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിജ്ജാറിനു നേരെ ആറുപേർ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകൾ നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറി. കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിജ്ജാറിനെ 'ഒളിച്ചോടിയ ഭീകരൻ' എന്നാണ് മുദ്ര കുത്തിയിരുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധമെന്നു വിശേഷിപ്പിച്ച ഇന്ത്യ, തീവ്രവാദികൾക്കു കാനഡ അഭയം കൊടുക്കുകയാണെന്നും യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.

ഖാലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാൽ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്‌ററിൻ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്ന നിലയിലേക്ക് എത്തിയത്.

കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഹർദീപ് സിങ് നിജ്ജാർ 1997 ൽ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോർട്ട് ഉപയോഗിച്ചാണെന്നും, നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങൾ പറയുന്നു.