ഹോളിവുഡ്: ഓസ്‌കർ വേദിയിൽ ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി താരങ്ങൾ. പുരസ്‌കാര പ്രഖ്യാപന വേദിയായ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ചില താരങ്ങൾ എത്തിയത്. ഗസ്സയിൽ സമാധാനം എത്തിക്കാൻ ഇടപെടൽ വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.

അതിനിടെ വടക്കൻ ഗസ്സയിലെ നസേറത് അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടും പുറത്തു വന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇതിനു പുറമേ ഖാൻ യൂനിസിൽ അഭയം തേടിയിരുന്ന 13 പേർ കൂടി ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ പോഷകാഹാരക്കുറവു മൂലം ഒരു യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ഇതോടെ പട്ടിണിമരണം 25 ആയി. സ്ഥിതി ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി കടൽ മുനമ്പിൽ താൽക്കാലിക തുറമുഖം നിർമ്മിക്കാനുള്ള സാധനങ്ങളുമായി യുഎസ് കപ്പൽ ഗസ്സയിലേക്ക് തിരിച്ചു. ആയിരക്കണക്കിന് ഫലസ്തീൻകാർ പട്ടിണി കിടക്കുന്ന ഈ മേഖലയിൽ ഭക്ഷണം അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ഇസ്രയേലിന്റെ എതിർപ്പു കാരണം കടൽമാർഗം ഭക്ഷണം എത്തിക്കാൻ കഴിയാത്തതും ആകാശമാർഗം സാധനങ്ങൾ കൈമാറുന്നതിന്റെ ബുദ്ധിമുട്ടും മറികടക്കുകയാണ് ലക്ഷ്യം.

ഭക്ഷ്യസാധനങ്ങൾ ജോർദാൻ വ്യോമസേനയുടെ സഹായത്തോടെ വിതരണം ചെയ്യാൻ സാധിച്ചതായും യുഎസ് വ്യക്തമാക്കി. തെക്കൻ ലെബനനിലെ ഒരു ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു.