ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ സംബന്ധിച്ച് ചൈന ഉയർത്തുന്ന അവകാശവാദത്തെ അസംബന്ധമെന്ന് തിരിച്ചടിച്ച് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരുന്നുവെന്നും ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്‌സ്വാൾ പറഞ്ഞു. ഈ മാസം ഇത് രണ്ടാംതവണയാണ് അരുണാചൽ പ്രദേശിനെ കുറിച്ച് ചൈന അവകാശവാദം ഉയർത്തുന്നത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണു പ്രസ്താവനയുമായി ചൈന എത്തിയത്.

"ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് അസംബന്ധ അവകാശവാദങ്ങൾ ഉയർത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായിരുന്നു, ആണ്, അതങ്ങനെ തുടരുകയും ചെയ്യും." ജയ്സ്വാൾ പറഞ്ഞു. വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യ നിലപാടാവർത്തിച്ചത്.

ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് ചൈനയുടെ അവകാശ വാദങ്ങൾക്കു യാതൊരു സാധുതയും കൈവരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പരിപാടികളുടെയും അടിസ്ഥാന വികസന പദ്ധതികളുടെയും പ്രയോജനം അരുണാചലിന് തുടർന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശിനെ സൻഗ്നാൻ എന്നാണ് ചൈന നാമകരണം ചെയ്തിരിക്കുന്നത്. സൻഗ്നാന് പകരം ഇന്ത്യ അനധികൃതമായി ഉയർത്തിക്കൊണ്ടുവന്ന അരുണാചൽ പ്രദേശിനെ അംഗീകരിക്കാനാകില്ലെന്നും ബെയ്ജിങ് അതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈന പറഞ്ഞിരുന്നു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്തുന്നതിനെ എന്നും ചൈന എതിർത്തിരുന്നു.

അരുണാചലിലെ ചൈനാ അതിർത്തിക്കു സമീപം നിർമ്മിച്ച സെലാ തുരങ്ക പാത മാർച്ച് ഒൻപതിനാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 825 കോടി രൂപ ചെലവിട്ടു നിർമ്മിച്ച, ഏതു കാലാവസ്ഥയിലും ഗതാഗതം സുഗമമാക്കുന്ന ഈ പാതയുടെ വരവിനെ ചൈന എതിർത്തിരുന്നു. നിലവിലുള്ള അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാക്കാൻ മാത്രമേ ഇന്ത്യയുടെ നടപടി ഉപകരിക്കൂവെന്നാണ് ചൈന കുറ്റപ്പെടുത്തിയത്.