ഡുബ്ലിനിലെ സർക്കാർ മന്ദിരത്തിനു പുറത്ത് നടത്തിയ ഒരു വൈകാരികമായ പ്രസ്താവനയിലൂടെയാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേഡ്കർ തന്റെ രാജി വിവരം രാജ്യത്തെ അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങൾ രാജിക്ക് പുറകിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ, തന്റെ പാർട്ടിയായ ഫൈൻ ഗേലിന് കൂടുതൽ സീറ്റുകൾ നേടിക്കൊടുക്കാൻ കഴിവുള്ള, തന്നേക്കാൾ സമർത്ഥനായ ഒരു പ്രധാനമന്ത്രി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏഴുവർഷക്കാലം ഈ പദവിയിൽ കഴിഞ്ഞതിന് ശേഷം, ഇപ്പോൾ താനല്ല ഈ സ്ഥാനത്തിന് ഏറ്റവും മികച്ച വ്യക്തി എന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക തെരഞ്ഞെടുപ്പുകളിലും യൂറോപ്യൻ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന, ആത്മാർത്ഥതയുള്ള നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളുമുണ്ട്. അവർക്കും മികച്ച അവസരങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി ടീസെഫ് (അയർലൻഡിലെ ഭരണത്തലവൻ അല്ലെങ്കിൽ പ്രധാനമന്ത്രി അറിയപ്പെടുന്നത് ടീസെഫ് എന്നാണ്) പദവി താൻ ഏറെ ആസ്വദിച്ചു. എന്നാൽ, രാഷ്ട്രീയക്കാരും മനുഷ്യരാണ് അവർക്കും അവരുടെതായ പരിമിതികളുണ്ട്. ഇനിയൊന്നും നൽകാൻ കഴിയാത്തവിധം തങ്ങളെ സമർപ്പിക്കുന്നു. അത് കഴിഞ്ഞാൽ ഒഴിഞ്ഞു മാറണം, വികാരഭരിതമായിട്ടായിരുന്നു അദ്ദേഹം അത് പറഞ്ഞത്.

2017 മുതൽ ഫൈൻ ഗേൽ പാർട്ടിയെ നയിക്കുന്ന 45 കാരനായ വരേഡ്കർ രണ്ട് തവണ ടീസെഫ് അഥവാ ഐറിഷ് പ്രധാനമന്ത്രിയായിട്ടുണ്ട്. ആദ്യ തവണ 2017 മുതൽ 2020 വരെയായിരുന്നു അദ്ദെഹം ആ പദവിയിൽ ഇരുന്നത്. പിന്നീട് 2020 മുതൽ 2022 വരെ ഉപ പ്രധാനമന്ത്രിയായി തുടർന്നു. ഇത് ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. കാലാവധി കഴിഞ്ഞതോടെ അദ്ദെഹം വീണ്ടും പ്രധാനമന്ത്രി ആയി. ഫൈൻ ഗേൽ പാർട്ടിയും ഫിയാന ഫേൽ പാർട്ടിയും ഗ്രീൻ പാർട്ടിയും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടായിരുന്നു ഈ മാറ്റം.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ വിപ്ലവകരമായ പല റഫറണ്ടങ്ങൾക്കും പാതയൊരുക്കിയ വ്യക്തിയാണ് അദ്ദേഹം. 2015 -ൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള റഫറണ്ടത്തിലും, 2018 ൽ ഗർഭഛിദ്രം നിരോധനം പിൻവലിക്കുന്നതിനുള്ള റഫറണ്ടത്തിലും അദ്ദേഹം പ്രചാരണത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നു. മാത്രമല്ല, ബ്രെക്സിറ്റ് ചർച്ചകൾ നടക്കുന്ന സമയത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഏറെ പരിചിതനായ വ്യക്തിത്വമായിരുന്നു ലിയോ വരേഡ്കർ.

2015 ലെ റഫറണ്ടത്തിന് ശേഷം, താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രസ്താവിച്ച ആദ്യ ഐറിഷ് പ്രധാനമന്ത്രി കൂടിയായി അദ്ദെഹം. മാത്രമല്ല, ഐറിഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന പദവിയും വരേഡ്കർക്ക് ഉള്ളതാണ്. തന്റെ 38-ാം വയസ്സിലായിരുന്നു അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയാകുന്നത്.

ഈസ്റ്ററിന് ശേഷം ഡയൽ - ഐറിഷ് പാർലമെന്റ്- വീണ്ടും സമ്മേളിക്കുമ്പോൾ പാർട്ടി അടുത്ത പ്രധാനമന്ത്രിയെ നിർദ്ദേശിക്കും. ഡബ്ലിൽ വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ വരേഡ്ക്കർ പാർലമെന്റിൽ തുടരും.